അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പുഷ്പ 2 അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഡിസംബര്‍ 2ന് തിയറ്ററുകളിലെത്തും. പുഷ്പ 2 വിന്റെ ആദ്യ പകുതിയുടെ എഡിറ്റിങ് പൂര്‍ത്തിയാക്കിയ വിവരമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. 2024 ഓഗസ്റ്റില്‍ റിലീസ് പ്രഖ്യാപിച്ച അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ സെക്കന്‍ഡ് വൈകുന്നതിനെ ചൊല്ലി ടോളിവുഡില്‍ പല ഗോസിപ്പുകളും നേരത്തെ പ്രചരിച്ചിരുന്നു. വ്യാജപ്രചരണങ്ങള്‍ക്ക് മറുപടി എന്നോണമാണ് ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നത്.
'പുഷ്പ: ദി റൂള്‍' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടന്‍ അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തമ്മില്‍ തര്‍ക്കമുണ്ടെന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. ഫഹദ് ഫാസില്‍ ഷെഡ്യൂളില്‍ കൃത്യമായി പങ്കെടുക്കുന്നില്ല എന്ന രീതിയിലായിരുന്നു ആദ്യ പ്രചാരണമെങ്കില്‍ പിന്നീട് സംവിധായകന്‍ സുകുമാറും നായകന്‍ അല്ലു അര്‍ജുനും തമ്മില്‍ വഴക്കിലാണെന്ന രീതിയിലായി. ചിത്രത്തിന്റെ നിര്‍മ്മാതാവായ ബണ്ണി വാസ് തന്നെ പിന്നീട് ഈ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞിരുന്നു. ഓഗസ്റ്റ് 15ന് റിലീസ് നിശ്ചയിച്ച ചിത്രം ഡിസംബര്‍ റിലീസായി നീട്ടിയതിന് പിന്നില്‍ അല്ലു അര്‍ജുന്റെ അപ്രതീക്ഷിത നീക്കമാണെന്നായിരുന്നു തെലുങ്ക് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. സിനിമയിലെ പുഷ്പരാജിന്റെ താടി നീട്ടിയ ലുക്കിന് പകരം താടി ട്രിം ചെയ്ത് അല്ലു അര്‍ജുന്‍ വിമാനത്തില്‍ കയറുന്ന വീഡിയോ പങ്കുവച്ചാണ് അല്ലു ലുക്ക് മാറ്റി വെക്കേഷന് പോയി, പടം നീട്ടിവെച്ചുവെന്ന പ്രചാരണമുണ്ടായത്.
ആന്ധ്രാപ്രദേശിലെ ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അല്ലു അര്‍ജുന് 2023ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ചിത്രത്തിലെ സംഗീതത്തിന് ദേവിശ്രീ പ്രസാദ് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു. അല്ലു അര്‍ജുനെയും ഫഹദ് ഫാസിലിനെയും കൂടാതെ രശ്മിക മന്ദാന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരായിരുന്നു പുഷ്പ ദ റൈസിലെ പ്രധാന അഭിനേതാക്കള്‍. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.