മലയാള സിനിമ മേഖയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ WCC നടത്തിയ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്ന് സംവിധായകൻ ചിദംബരം. മലയാള സിനിമ ഒരു മാതൃകയാണ് സൃഷ്ടിച്ചതെന്നും അതിന്റെ പ്രതിഫലനം മറ്റ് സിനിമ മേഖലകളിലും ഉണ്ടായിട്ടുണ്ടെന്നും ചിദംബരം പറയുന്നു. മലയാളത്തിലേതുപോലെ മറ്റു ഇൻഡസ്ട്രികളിൽ സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങൾ ആരും തുറന്നു പറയാറില്ലെന്നും ഇപ്പോൾ സനിമ മേഖല കുറച്ചു കൂടി സുരക്ഷിതമാണെന്നാണ് താൻ കരുതുന്നതെന്നും എബിപി ലൈവ് സമ്മിറ്റിൽ സംസാരിക്കവേ ചിദംബരം പറഞ്ഞു.
ചിദംബരം പറഞ്ഞത്:
ഇപ്പോൾ സിനിമ മേഖല വളരെ സുരക്ഷിതമാണെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾക്ക് അറിയാമായിരിക്കും ഹേമാ കമ്മിറ്റി റിപ്പോർട്ട് അഞ്ച് വർഷം മുമ്പുള്ള സംഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയിട്ടുള്ളതാണെന്ന്. അതിന് ശേഷം ഇവിടെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. തങ്ങളുടെ പ്രവർത്തന മേഖലയിലെ പ്രശ്നങ്ങൾ തുറന്നു പറയാൻ തയ്യാറായി സ്ത്രീകൾ മുന്നോട്ട് വന്നിട്ടുള്ളത് ഇവിടെ മാത്രമാണ്. മറ്റൊരു ഇൻഡസ്ട്രിയിലും ഇത് സംഭവിച്ചിട്ടില്ല. ചിലപ്പോൾ അവരെ സ്വാധീനിക്കുന്ന ചിലതെങ്കിലും അവിടെ ഉണ്ടായിരുന്നേക്കാം. ഞങ്ങൾ ഒരു മാതൃക സൃഷ്ടിച്ചു, തമിഴിലും തെലുങ്കിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. അതുകൊണ്ട് തന്നെ എനിക്ക് WCC യുടെ പ്രവർത്തനങ്ങളിൽ വളരെധികം അഭിമാനമുണ്ട്. ഇത് പുറത്തു കൊണ്ടുവരാൻ മുൻകൈ എടുക്കുകയും അതിലൂടെ സിനിമയിലെ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ മേഖല വാഗ്ദനം ചെയ്യുകയും ചെയ്തുകൊണ്ട് മികച്ചൊരു കാര്യമാണ് അവർ ചെയ്തിരിക്കുന്നത്. സിനിമ മാത്രമല്ല മറ്റ് എല്ലാ മേഖലകളിലും തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് സുരക്ഷിതത്വം ലഭിക്കേണ്ടതായുണ്ട്.
മഞ്ഞുമ്മൽ ബോയ്സിന്റെ ഭാഷയുടെ അതിർ വരുമ്പുകൾ താണ്ടിയുള്ള വൻ വിജയത്തിന് ശേഷം ചിദംബരം ഹിന്ദിയിൽ ഫാൻ്റം സ്റ്റുഡിയോസുമായും തെലുങ്കിൽ മൈത്രി മൂവി മേക്കേഴ്‌സിലുമായും സിനിമകൾ ചെയ്യാൻ കരാർ ഒപ്പിട്ടിട്ടുണ്ട്. ഇനി വരാനിരിക്കുന്ന തന്റെ ചിത്രം മനുഷ്യ വികരങ്ങളെക്കുറിച്ചുള്ള ചിത്രമായിരിക്കുമെന്നും വയലൻസിന്റെ ഒരു അനാട്ടമിയാണ് താൻ അതിൽ എക്സ്പ്ലോർ ചെയ്യാൻ പോകുന്നതെന്നും മുമ്പ് ചിദംബരം പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥ തയ്യാറായിക്കൊണ്ടിരിക്കുന്നതിനാൽ തന്നെ മറ്റു വിവരങ്ങൾ പങ്കുവെക്കാനാവില്ലെന്നും എബിപി ലൈവ് സമ്മിറ്റിൽ ചിദംബരം പറഞ്ഞു