Film News

ഫിയോക്ക് ചർച്ചയ്ക്ക് ആവശ്യപ്പെട്ടില്ല, കത്തും നൽകയിട്ടില്ല; മഞ്ഞുമ്മൽ അടക്കമുള്ള സിനിമകളുടെ തീയതി മാറ്റില്ലെന്ന് നിർമാതാക്കളുടെ സംഘടന

മഞ്ഞുമ്മൽ ബോയ്സിന്റെ റിലീസിൽ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ച് നിർമാതാക്കളുടെ സംഘടന. റിലീസ് തീരുമാനിച്ച ചിത്രങ്ങളുടെ പ്രദർശന തീയതിയിൽ മാറ്റമില്ലെന്നും ചിത്രം പ്രദർശിപ്പിക്കാത്ത തിയറ്ററുകളുമായി ഭാവിയിൽ സഹകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. ഞങ്ങളോട് എന്നും ഊഷ്‌മള ബന്ധം പുലർത്തുന്ന കേരളത്തിലെ തിയറ്ററുകൾ ഈ ചിത്രം പ്രദർശിപ്പിക്കുമെന്ന് കരാറിലേർപ്പെട്ടുകൊണ്ട് ഞങ്ങളെ അറിയിച്ചിട്ടുണ്ട് എന്നും ആ തിയറ്ററുകളുമായി തുടർന്നും ഞങ്ങൾ സഹകരിക്കുമെന്ന് സന്തോഷപൂർവം അറിയിക്കുന്നുവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. ചിത്രം പ്രദർശിപ്പിക്കാത്ത തിയേറ്ററുകളുമായി തുടർ സഹകരണം വേണ്ടതില്ല എന്നാണ് അസോസിയേഷന്റെ തീരുമാനം എന്ന് പുറത്തു വിട്ട വാർത്താക്കുറിപ്പിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.ഫിയോക്ക് എന്ന സംഘടന വ്യാഴാഴ്ച മുതൽ തിയറ്ററുകളിൽ മലയാളം സിനിമ പ്രദർശിപ്പിക്കില്ല എന്നെടുത്ത തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായ ബി രാകേഷ് പറഞ്ഞു. ഫിയോക്ക് ചർച്ചക്കായി അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടില്ല എന്നും ഒടിടിയുമായി നേരത്തെ തന്നെ കോൺട്രാക്ടിൽ ഏർപ്പെട്ട സിനിമകളാണ് 42 ദിവസങ്ങൾക്ക് മുന്നേ തന്നെ ഒടിടിയിലേക്ക് പോകുന്നത് എന്നും ഇതിനെക്കുറിച്ച് നേരത്തെ തന്നെ അറിയിച്ചിരുന്നതുമാണ് എന്ന് ബി രാകേഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

മാധ്യമങ്ങളിലൂടെയാണ് സിനിമ പ്രദർശിപ്പിക്കില്ല എന്ന വാർത്ത അറിഞ്ഞതെന്ന് ബി രാകേഷ് പറയുന്നു. ഇതിനെ സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഫിയോക്ക് കത്ത് നൽകിയിട്ടില്ല. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് അവർ പറയുന്നത്. ഞങ്ങൾക്ക് പ്രൊജക്ടർ കച്ചവടമൊന്നുമില്ല. സിനിമ മാസ്റ്റർ ചെയ്ത് കൊടുക്കുന്ന പരിപാടി ‍ഞങ്ങൾ തുടങ്ങിയിട്ടുണ്ട്. സിനിമ മാസ്റ്റർ ചെയ്ത് കൊടുക്കുന്നതിനായി ഇവിടുത്തെ സർവ്വീസ് പ്രൊവെെഡേഴ്സായ ക്യൂബ്, സോണി, തുടങ്ങിയ കമ്പനികൾ വാങ്ങിക്കുന്നത് ഒരാഴ്ചത്തേക്ക് പതിനെണ്ണായിരം രൂപയാണ്. ഇങ്ങനെ വരുമ്പോൾ ഒരു ചെറിയ പടം പ്രൊഡ്യൂസ് ചെയ്യുന്ന ആൾ മൊത്തത്തിൽ പൊളിഞ്ഞു പോകും. ഈ സാഹചര്യത്തിലാണ് ‍ഞങ്ങൾ മാസ്റ്ററിം​ഗ് ആരംഭിക്കുന്നത്. ഇത് തുടങ്ങിയപ്പോഴാണ് ഞങ്ങൾ അറിയുന്നത് ഇവിടെത്തെ തിയറ്ററുകളിലെ പ്രൊജക്ടറുകളെല്ലാം വാടകയ്ക്ക് എടുത്തിരിക്കുന്നതാണ് എന്ന്. ഒരാഴ്ച സിനിമ ഓടിക്കാൻ വേണ്ടി പ്രൊഡ്യൂസർ അടയ്ക്കുന്ന ഈ പതിനെണ്ണായിരം രൂപ ഇവരുടെ പ്രൊജക്ടറിന്റെ വാടക ഇനത്തിലേക്കാണ് പോകുന്നത്. ഉദാഹരണം പറയുകയാണെങ്കിൽ നിങ്ങൾ ഇപ്പോൾ ഒരു തിയറ്റർ ആരംഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് വേണ്ടുന്ന പ്രൊജക്ടർ ക്യൂബ് എന്ന സർവ്വീസ് പ്രൊവെെഡിം​ഗ് കമ്പനി കൊണ്ടുത്തരും. എന്നാൽ അതിനുള്ള വാടക കൊടുക്കുന്നത് പ്രൊഡ്യൂസറുടെ കയ്യിൽ നിന്നുമായിരിക്കും. അത് നടക്കില്ല എന്നാണ് ഞങ്ങൾ പറഞ്ഞത്. എന്നാൽ ഇത് നിലവിലുള്ള തിയറ്ററുകളെ ബാധിക്കുന്നില്ല. പുതുതായി വരുന്ന തിയറ്ററുകൾ ഇത് പിന്തുടരണം എന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത് ബി രാകേഷ് പറ‍ഞ്ഞു.

സിനിമയുടെ പ്രിന്റ് തിയറ്ററിലേക്ക് എത്തിക്കുന്നതിന്റെ ചാർജ് മുമ്പ് സൂചിപ്പിച്ചത് പോലെ ഒരാഴ്ചത്തേക്ക് പതിനെണ്ണായിരം രൂപയാണ്. എന്നാൽ പ്രൊഡ്യൂസേഴ്സ് മുഖേന ആരംഭിച്ചിരിക്കുന്ന ഈ കമ്പനിയിലേക്ക് വരുമ്പോൾ അത് അയ്യായിരം രൂപയായി ചുരുങ്ങും എന്നും അൺലിമിറ്റഡായിരിക്കും എന്നും രാകേഷ് പറയുന്നു. പ്രൊജക്ടർ ഏതായാലും ഞങ്ങൾക്ക് പ്രശ്നമില്ല സെർവ്വറിന്റെ ഡീറ്റെയ്ൽസ് മാത്രം നൽകിയാൽ‌ മതിയാവും. എന്നാൽ ഇവർ ഈ സെർവ്വറിന്റെ ഡീറ്റെയ്ൽസ് നമുക്ക് തരില്ല, പ്രൊജക്ടർ വാടകയ്ക്ക് എടുത്ത് വച്ചിരിക്കുന്നത് കൊണ്ടാണ് ഇവർക്ക് സെർവ്വറിന്റെ ഡീറ്റെയ്ൽസ് നൽകാൻ കഴിയാത്തത്. അഡീറ്റെയ്ൽ തരാത്തത് മൂലം നമുക്ക് അവിടെ സിനിമ കാണിക്കാൻ കഴിയാതെ വരും. ഇതിന്റെ വടക വർഷങ്ങളായിട്ട് ഞങ്ങളാണ് കൊടുത്തു കൊണ്ടിരിക്കുന്നത്. അതിന് ഒരു തടയിടാനാണ് ‍ഞങ്ങൾ ശ്രമിച്ചത്.

ഫിയോക്ക് പറഞ്ഞ മറ്റൊരു കാര്യം എന്തെന്നാൽ അവർ വയ്ക്കുന്ന പ്രൊജക്ടറിനനുസരിച്ച് നമ്മൾ കോണ്ടന്റ് കൊടുക്കുന്നില്ലയെന്നാണ്. വീടുകളിലൊക്കെ വയ്ക്കുന്ന വൺകെ പ്രൊജക്ടർ വച്ച് പ്രദർശനം നടത്തുന്ന തിയറ്ററുകളൊക്കയുണ്ട് ഇവിടെ, മോഹൻലാലിന്റെ ഒരു സിനിമ നൂറ് കോട് മുടക്കി ഒരുങ്ങുന്നു എന്ന് പറഞ്ഞാൽ ആ നൂറ് കോടി ആളുകൾക്ക് കൊടുക്കുന്നു എന്നല്ല അർത്ഥം. ക്യാമറയ്ക്കും അതിന്റെ ക്വാളിറ്റിക്കും വേണ്ടിയാണ് ആ പെെസ ചിലവാകുന്നത്. അത്രയും ക്വാളിറ്റിയിൽ എടുക്കുന്ന ഒരു സിനിമ ഇവിടെ വൺകെ പ്രൊജക്ടറിൽ കാണിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ വൺ കെ പ്രൊജക്ടർ പ്രമോട്ട് ചെയ്യേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. ഇങ്ങനെയുള്ള തിയറ്ററിൽ ഇനി സിനിമ തരില്ല എന്ന് ഞങ്ങൾ അറിയിച്ചതാണ് അവരുടെ പ്രശ്നം.

ഒടിടിയിൽ നാൽപ്പത്തി രണ്ട് ദിവസത്തിന് ശേഷം മാത്രേ കൊടുക്കുകയുള്ളൂ എന്ന് ഫിലിം ചേമ്പറിനോട് ഞങ്ങൾ സമ്മതിച്ചിട്ടുള്ള കാര്യമാണ്. പക്ഷേ ആ സമയത്ത് തന്നെ ‍ഞങ്ങൾ അവരെ അറിയിച്ചിരുന്നു പലരും ഒടിടിയുമായി കോൺട്രാക്ടിൽ ഏർപ്പെട്ടിരിക്കുന്ന കാര്യം. അത്തരത്തിൽ കോൺട്രാക്ടിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ മാത്രമാണ് 42 ദിവസത്തിന് മുമ്പേ ഒടിടിയിലേക്ക് പോകുന്നത്.
ബി രാകേഷ് (പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ - സെക്രട്ടറി

അബ്രഹാം ഓസ്ലർ എന്ന പടം ഒടിടിക്ക് 42 ദിവസം കഴിഞ്ഞാണ് കൊടുത്തിരിക്കുന്നത്. എന്നാൽ ഇന്നലെ റിലീസായ ആഷിഖ് ഉസ്മാന്റെ തുണ്ട് എന്ന ചിത്രത്തിന് കോൺട്രാക്ടുള്ളതാണ്. ആരെങ്കിലും അത്തരത്തിൽ കോൺട്രാക്ട് ഇല്ലാതെ തന്നെ ഇത്തരത്തിൽ ഒടിടിക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അവരുടെ പേരിൽ നടപടിയെടുക്കാൻ ഒരു മീറ്റിം​ഗ് ആവശ്യപ്പെട്ടിട്ടുണ്ട്. 28-ാം തീയതി അതിനെ സംബന്ധിച്ചുള്ള ഒരു മീറ്റിം​ഗ് വച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് തിയറ്ററുടമകൾ അനുഭവിക്കുന്ന പ്രതിസന്ധകളുടെ പ്രതിഷേധമെന്നോണം അടുത്ത വ്യാഴാഴ്ച മുതൽ തിയറ്ററുകളിൽ മലയാളം സിനിമ പ്രദർശിപ്പിക്കില്ലെന്ന് തിയറ്ററുടമകൾ തീരുമാനമെടുത്തത്. പ്രദർശനം നടത്തുന്ന സിനിമ 42 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒടിടിക്ക് നൽകാവൂ എന്ന് കരാർ നിലനിൽക്കേ തന്നെ പല നിർമാതാക്കളും ഇത് ലംഘിക്കുന്നു എന്നതായിരുന്നു ഫിയോക്ക് ഉന്നയിച്ച പ്രധാന പ്രശ്നം. തിയറ്ററുകളിൽ ഏത് പ്രൊജക്ടർ വയ്ക്കണം എന്ന തീരുമാനത്തിൽ നിർമാതാക്കൾ കെെ കടത്തുന്നു എന്നും തിയറ്ററിലേക്ക് സിനിമയുടെ പ്രിന്റ് എത്തിക്കുന്നതിന്റെ ചിലവ് തിയറ്ററുടമകൾ വഹിക്കണം എന്നും നിർമാതാക്കളുമായി ബന്ധമുള്ള കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ തിയറ്ററുടമകളെ നിർബന്ധിക്കുന്നു എന്നതുമാണ് ഫിയോക്ക് ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT