റിലയന്‍സിന് കീഴിലുള്ള ജിയോ സിനിമ എന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിന് വേണ്ടി സിനിമകളുടെ ഒടിടി അവകാശം വില്‍ക്കാമെന്ന പേരില്‍ നിര്‍മ്മാതാക്കളെ വ്യാപകമായി കബളിപ്പിച്ചതായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. കൊച്ചി ആസ്ഥാനമായ മിനിമാക്‌സ് എന്ന സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജൂണ്‍ 25ന് ചേര്‍ന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഭരണ സമിതി യോഗം തീരുമാനിച്ചു. ജിയോ സിനിമ കേരളത്തില്‍ ആരെയെങ്കിലും ഒടിടി റൈറ്റ്‌സ് വാങ്ങാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് ജിയോ സിനിമ പ്രതിനിധികളോട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അന്വേഷിച്ചിരുന്നു. ഒടിടി അവകാശം വാങ്ങാനായി തങ്ങള്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു ജിയോ സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് മറുപടി നല്‍കിയതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.രാകേഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു. തുടർന്നാണ് ഇപ്പോൾ ഈ സംഭവത്തിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയോഷൻ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത് ഒപ്പം സിനിമകളുടെ കളക്ഷൻ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കൾക്കെതിരെയും അതിന് ഇടനിലക്കാരായി പ്രവർത്തിക്കുന്ന പി.ആർ ഏജൻസികൾക്കെതിരെയും സിനിമ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വ്യക്തികൾക്കെതിരെ പരാതി നൽകാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പത്രക്കുറിപ്പ്:
മലയാള സിനിമാമേഖലയിൽ നിലവിൽ നിലനിൽക്കുന്ന ഗുരുതര വിഷയങ്ങളിന്മേൽ 25.06.2024ൽ കൂടിയ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭരണസമിതി യോഗം ആശങ്ക അറിയിക്കുകയും തുടർ നടപടികൾ കൈക്കൊള്ളാൻ തീരുമാനിക്കുകയും ചെയ്തു.
ചലച്ചിത്രങ്ങളുടെ OTT അവകാശം ജിയോ സിനിമയ്ക്ക് വിറ്റ് നൽകാം എന്ന ഉറപ്പിൻമേൽ ചില ആളുകൾ നിർമ്മാതാക്കളെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം ജിയോ സിനിമയുടെ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും, എന്നാൽ OTT അവകാശം വാങ്ങി നൽകാൻ ആരെയും ഏൽപ്പിച്ചിട്ടില്ല എന്ന ജിയോ സിനിമയുടെ മറുപടി ലഭിച്ചതിനാൽ ഈ വിഷയത്തിൽ നിലവിൽ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് നടത്തിയ മിനിമാക്സ് എന്ന സ്ഥാപന ത്തിനെതിരെയും അതുമായി ബന്ധപ്പെട്ട വ്യക്തികൾക്കെതിരെയും നിയമപരമായ നടപടികൾ കൈകൊള്ളാൻ യോഗം തീരുമാനിച്ചു. നിലവിൽ പല ചിത്രങ്ങളുടെയും കളക്ഷൻ പെരുപ്പിച്ച് കാണിക്കാൻ വേണ്ടി തിയേറ്ററുകളിൽ ആളെകയറ്റുന്ന ഒരു പ്രവണത നിലവിലുള്ളതായി മനസ്സിലാക്കുന്നു. ആയത് വ്യവസായത്തിന് ഒട്ടും ഗുണകരമല്ലാത്തതിനാൽ ഇത്തരം നടപടികൾ കൈകൊള്ളുന്ന നിർമ്മാതാക്കൾക്ക് എതിരെ കർശന നടപടി എടുക്കുവാനും, ഇടനിലക്കാരായി പ്രവർത്തിക്കുന്ന PR Agencyക്ക് എതിരെ ആവശ്യമായ നിയമനടപടികൾ കൈക്കൊള്ളാനും കൂടാതെ സിനിമ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വ്യക്തികൾക്കെതിരെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ് നിഷ്കർഷിക്കുന്ന നിയമപ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഏജൻസിക്ക് പരാതി നൽകാനും തീരുമാനിച്ചു.
ബി രാകേഷ് മുമ്പ് ക്യു സ്റ്റുഡിയോയോട് പറഞ്ഞത്:
ജിയോ സിനിമക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഒടിടി റൈറ്റ്സ് വാങ്ങാൻ ചില നിർമാതാക്കളെ പല ഏജൻസികൾ സമീപിക്കുന്നുണ്ട്. അങ്ങനെ ഒരു പരാതി വന്ന സ്ഥിതിക്ക് എല്ലാ ഒടിടികാർക്കും ഞങ്ങൾ കത്ത് അയച്ചു. അപ്പോൾ അവർ, പ്രത്യേകിച്ചും ജിയോ പറഞ്ഞത്, അവർ പണം വാങ്ങാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ്. അതിന്റെ അർത്ഥം അതൊരു ഫേക്ക് ആണെന്നാണ്. പണം വാങ്ങാൻ ആരെയും ഏല്പിച്ചിട്ടില്ല എന്ന ജിയോയുടെ മെയിൽ വന്ന വിവരം ഞങ്ങൾ എല്ലാ മെമ്പേഴ്സിനെയും മീഡിയ വഴി അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ മൂന്നോ നാലോ കമ്പനികൾ ഉണ്ടെങ്കിലും മെയിൻ ആയി ഒരു കമ്പനിയുടെ പേരാണ് പറയുന്നത്. പൈസ നഷ്ട്ടപെട്ടു എന്ന് ഇതുവരെ ആരും എഴുതി സമർപ്പിച്ചിട്ടില്ല. ഒരു റിട്ടൺ കംപ്ലൈന്റ്റ് കിട്ടിയാൽ മാത്രമേ ഞങ്ങൾക്ക് നടപടി എടുക്കാൻ കഴിയു. പക്ഷെ ആ നിർമാതാക്കളുമായി വിളിച്ചു ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. ഉറപ്പായിട്ടും ഇങ്ങനെ നടക്കുന്നുണ്ടോ എന്ന് അറിയണമല്ലോ.
ജിയോ സിനിമ ഇതുവരെ ഒരു മലയാളം സിനിമയുടെ പോലും ഒ.ടി.ടി അവകാശം വാങ്ങിയിട്ടില്ല. മറ്റൊരു പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാറുമായി കൈകോർക്കാൻ തീരുമാനിച്ചതോടെ സിനിമകൾ വാങ്ങാനുള്ള തീരുമാനം ജിയോ നിർത്തിവെച്ചതായാണ് വിവരം.