സിനിമയില്‍ പ്രശ്‌നമുണ്ടാക്കുന്ന ആര്‍ട്ടിസ്റ്റുകളെ താന്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. സിനിമ മേഖലയിലെ ഇത്തരം പ്രശ്‌നങ്ങള്‍ ഈ അടുത്ത് സംഭവിച്ച കാര്യങ്ങളല്ലെന്നും ഇതെല്ലാം നേരത്തെ തന്നെ ഉണ്ടായിരുന്നതാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. സിനിമയിലേക്ക് ഒരു ആര്‍ട്ടിസ്റ്റിനെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പേ അവര്‍ മുമ്പ് അഭിനയിച്ച സിനിമയുടെ സെറ്റുകളില്‍ വിളിച്ച് അന്വേഷിക്കാറുണ്ടെന്നും പ്രശ്‌നക്കാരാണെന്ന് മുന്നറിയിപ്പ് കിട്ടിയാല്‍ പരമാവധി അവരെ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നും സാന്ദ്ര തോമസ് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രശ്‌നക്കാരായ ആര്‍ട്ടിസ്റ്റുകളെ ഒഴിവാക്കി സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെയാണെങ്കില്‍ പുതിയ ആര്‍ട്ടിസ്റ്റുകളെ വച്ച് സിനിമ ചെയ്യേണ്ടി വരുമെന്നാണ് സാന്ദ്ര പറയുന്നത്. പ്രശ്‌നമില്ലാത്ത ആളുകള്‍ വരുന്നതാണെല്ലോ എളുപ്പം എന്നത് കൊണ്ടു തന്നെ ഒരു ആര്‍ട്ടിസ്റ്റിനെ കാസ്റ്റ് ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചാല്‍ അറിയാവുന്ന മറ്റ് നിര്‍മാതക്കളോട് അതിനെക്കുറിച്ച് പറയുകയും അവര്‍ പ്രശ്‌നക്കാരാണെന്ന് സൂചിപ്പിക്കുകയും ചെയ്യുമെന്നും സാന്ദ്ര തോമസ് പറയുന്നു.
സാന്ദ്ര തോമസ് പറഞ്ഞത്
പ്രശ്‌നക്കാരായ ആര്‍ട്ടിസ്റ്റുകളെ ഞാന്‍ മാക്‌സിമം അവോയ്ഡ് ചെയ്യാറുണ്ട്. നമ്മള്‍ സിനിമയിലേക്ക് ഒരു ആര്‍ട്ടിസ്റ്റിനെ കമ്മിറ്റ് ചെയ്യുന്നതിന് മുമ്പ് അവര്‍ അതിന് മുമ്പ് അഭിനയിച്ചിരിക്കുന്ന സിനിമകളിലേക്ക് വിളിച്ചു ചോദിക്കും. എങ്ങനെയാണ് അവര്‍ സെറ്റില്‍? പ്രശ്‌നമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിക്കും. പ്രശ്‌നക്കാരായ ആള്‍ക്കാരാണെങ്കില്‍ അവരെ അവോയ്ഡ് ചെയ്യും. അത് എത്ര തന്നെ ഈ ക്യാരക്ടറിന് ഇവര്‍ തന്നെ പറ്റുള്ളൂ എന്ന് ഡയറക്ടര്‍ പറഞ്ഞാലും മാറ്റും. കാരണം, ഇനിയൊരു പ്രശ്‌നം ഡീല്‍ ചെയ്യാന്‍ വയ്യ എന്നുള്ളതു കൊണ്ടാണ്. പ്രശ്‌നമില്ലാത്ത ആളുകള്‍ വരുന്നതാണെല്ലോ കുറച്ചു കൂടി എളുപ്പം, അതുകൊണ്ട് തന്നെ പല സെറ്റുകളിലും വിളിച്ച് ചോദിച്ചിട്ടായിരിക്കും ഒരോ ആര്‍ട്ടിസ്റ്റിനെയും കാസ്റ്റ് ചെയ്യുക. അതല്ല ഇനിയൊരുപക്ഷേ ഒരു സിനിമയില്‍ നമുക്ക് അബദ്ധം പറ്റി എന്നു കരുതുക, നമ്മള്‍ നമുക്ക് അറിയാവുന്ന പ്രൊഡ്യുസേഴ്‌സിനോടും എല്ലാം പറയും അയ്യോ അയാളെ എടുക്കരുത് പ്രശ്‌നമാണെന്ന്.