ആദ്യ ചിത്രത്തിന് ശേഷം തനിക്ക് ലഭിക്കുന്ന എല്ലാ ബ്രാന്റുകള്‍ക്കും, പരസ്യങ്ങള്‍ക്കും താന്‍ കണ്ണിറുക്കുന്നതായിരുന്നു വേണ്ടിയിരുന്നത് എന്ന് നടി പ്രിയ പി വാര്യര്‍. അതിലേക്ക് മാത്രം ഒതുങ്ങിപ്പോകുമെന്നതിനാല്‍ ബോധപൂര്‍വ്വം ഇനി അത് ചെയ്യില്ല എന്ന് തീരുമാനിക്കുകയായിരുന്നു. പുതിയ ചിത്രമായ ലൈവിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയയുടെ പ്രതികരണം.
പ്രിയ പി വാര്യര്‍ പറഞ്ഞത്;
ആദ്യ സിനിമ കഴിഞ്ഞ് വരുന്ന എല്ലാ കഥകളിലും ഒരേ പോലുള്ള കഥാപാത്രങ്ങളായിരുന്നു. പക്ഷെ എനിക്ക് എന്തെങ്കിലും വ്യതസ്ഥമായി ചെയ്യണമായിരുന്നു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടാല്‍ അവിടെയിരുന്ന് പോകുകയെയുള്ളൂ. ഒരു സിനിമയില്‍ നിന്ന് അടുത്തിലേക്ക് എന്ത് വളര്‍ച്ചയുണ്ടായി എന്ന് നമുക്ക് കാണിക്കാന്‍ പറ്റണ്ടേ? എങ്കില്‍ അല്ലെ ഒരു അഭിനേതാവ് എന്ന നിലയില്‍ നമുക്ക് ഒരു വളര്‍ച്ചയുണ്ടാകൂ. അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള കഥാപാത്രമാണ് വേണ്ടതെന്ന് കൃത്യമായി തീരുമാനിക്കുകയായിരുന്നു. ഇപ്പോഴാണ് മലയാള സിനിമകള്‍ എനിക്ക് വന്നു തുടങ്ങിയത് തന്നെ, അതില്‍ നിന്നു തന്നെ ഒരേപോലുള്ളവ ചെയ്യാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ആദ്യ സിനിമ കഴിഞ്ഞ് വരുന്ന എല്ലാ ബ്രാന്‍ഡുകള്‍ക്കും, പരസ്യങ്ങള്‍ക്കും ഞാന്‍ കണ്ണിറുക്കകയായിരുന്നു വേണ്ടത്. അവസാനം ഞാന്‍ തന്നെ അത് ചെയ്യരുത് എന്ന് തീരുമാനിക്കേണ്ടി വരികയായിരുന്നു. ഇനി എന്നെ കൊണ്ട് അത് ചെയ്യിക്കരുത്. കാരണം ഞാന്‍ അതിലേക്ക് മാത്രം ഒതുങ്ങിപ്പോകും.
പ്രിയ പി വാര്യര്‍ പ്രധാന കഥാപാത്രങ്ങളിലൊന്നായെത്തുന്ന ചിത്രമാണ് വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ലൈവ്'. മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്. സുരേഷ്ബാബുവിന്റെ തിരക്കഥയില്‍ ഫിലിംസ്24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ്. പ്രവീണ്‍. ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ള, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് രാധ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.