വിലായത്ത് ബുദ്ധ 
Film News

ഡബിള്‍ മോഹനന്‍ ചന്ദനക്കൊള്ളക്ക്, വിലായത്ത് ബുദ്ധ തുടങ്ങി; ജയന്‍ നമ്പ്യാര്‍ക്കൊപ്പം കാന്താര ഛായാഗ്രാഹകന്‍

അയ്യപ്പനും കോശിയും എന്ന സിനിമക്ക് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന 'വിലായത്ത് ബുദ്ധ' ശിഷ്യന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു. ജി ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള കഥയെ ആധാരമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മറയൂരില്‍ തുടങ്ങി. പൃഥ്വിരാജ് സുകുമാരന്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമാകുമ്പോള്‍ ഭാസ്‌കരന്‍ മാഷായി കോട്ടയം രമേഷ് എത്തുന്നു. സന്ദീപ് സേനന്റെ ഉര്‍വശി തിയറ്റേഴ്‌സാണ് നിര്‍മ്മാണവും വിതരണവും. പ്രിയംവദ കൃഷ്ണനാണ് നായിക. ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനുമാണ് തിരക്കഥ.

വിലായത്ത് ബുദ്ധ

ഒക്ടോബര്‍ 22ന് പൃഥ്വിരാജ് വിലായത്ത് ബുദ്ധയില്‍ ജോയിന്‍ ചെയ്യും. പൃഥ്വിരാജിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന ഒന്ന് കൂടിയാണ് വിലായത്ത് ബുദ്ധ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം അരവിന്ദ് കശ്യപാണ്. 777 ചാര്‍ലി, തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം കാന്താര എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചയാളാണ് അരവിന്ദ് കശ്യപ്.

ജയന്‍ നമ്പ്യാര്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ, റിലീസിന് തയ്യാറെടുക്കുന്ന സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന ചിത്രവുമാണ് വിലായത്ത് ബുദ്ധ. സച്ചിയുടെ മുഖ്യസഹസംവിധായകനായിരുന്ന ജയന്‍ നമ്പ്യാര്‍ ലൂസിഫറില്‍ പൃഥ്വിരാജിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ജയന്റെ ആദ്യ സംവിധാന സംരംഭവുമാണ് വിലായത് ബുദ്ധ.

സന്ദീപ് സേനനും ജയന്‍ നമ്പ്യാരും

വിലായത്ത് ബുദ്ധ ഇനത്തിലുള്ള ലോകോത്തര ചന്ദനമരത്തെ ചൊല്ലിയുള്ള തര്‍ക്കവും പകയും പ്രണയവും പ്രതികാരവുമെല്ലാം സിനിമയുടെ ബാക്ക് ഡ്രോപ്പ് ആണ്. അനു മോഹന്‍, ഷമ്മി തിലകന്‍, രാജശ്രീ നായര്‍, ടി ജെ അരുണാചലം എന്നിവരും ചിത്രത്തിലുണ്ട്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം.

വിലായത്ത് ബുദ്ധ

സംഗീത് സേനനാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ശ്രീജിത് സാരംഗ് എഡിറ്ററും ബംഗ്ലാന്‍ കലാസംവിധാനവും. രഘു സുഭാഷ് ചന്ദ്രനാണ് ലൈന്‍ പ്രൊഡ്യൂസര്‍. വസ്ത്രാലങ്കാരം സുജിത് സുധാകരന്‍. മനു മോഹന്‍ ചമയം.

വിലായത്ത് ബുദ്ധ
വിലായത്ത് ബുദ്ധ

ജി.ആര്‍.ഇന്ദുഗോപന്‍ പറയുന്നു

'സിനിമ ആക്കാൻ തരാമോ എന്ന് ചോദിച്ചുവന്നവരിൽ വളരെ ആ​ഗ്രഹത്തോടെ എന്നെ സമീപിച്ച ഒരാളായിരുന്നു സച്ചി. സിനിമയിൽ നിൽക്കുന്ന, വായന ഏറെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിലും ഒരു വക്കീൽ എന്ന നിലയിലുമൊക്കെയുളള കതുകം എനിക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്നു. മറ്റൊരാളുമായി ചെയ്യാൻ തീരുമാനിച്ചുപോയൊരു കാര്യമാണ്, അതിൽ നിന്ന് മാറിപ്പറയുന്നത് ശരിയല്ല, എന്നാണ് ആദ്യം സച്ചിയോട് ഞാൻ റഞ്ഞത്. പിന്നീട് വിലായത്ത് ബുദ്ധയുടെ ആദ്യ ഡ്രാഫ്റ്റ് പൂർത്തിയായപ്പോൾ എന്റെ സുഹൃത്തുക്കളോട് അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. അന്ന് സിനിമയയുമായി ബന്ധമുളള ചിലരാണ് പറഞ്ഞത്, ഇത് കൂടുതൽ നന്നായി ചെയ്യാൻ കഴിയുക സച്ചിക്ക് ആയിരിക്കും എന്നത്. സച്ചിയെ അത് ഏൽപ്പിച്ച ശേഷം വളരെ പെട്ടെന്ന്, നിമിഷങ്ങൾ കൊണ്ടാണ് സച്ചി അത് പ്രൊജക്ടാക്കി മാറ്റിയത്. തനിക്ക് സിനിമ ചെയ്യാൻ തരുമോ ഇല്ലയോ എന്ന സംശയം പോലും പ്രകടിപ്പിക്കാതെ അദ്ദേഹം വിലായത്ത് ബുദ്ധയിലേയ്ക്ക് ആകൃഷ്ടനാവുകയായിരുന്നു. അദ്ദേഹത്തിന്റെ ആവേശത്തിൽ എനിക്കൊരുപാട് സന്തോഷം തോന്നിയിരുന്നു', ജി.ആര്‍.ഇന്ദുഗോപന്‍ പറയുന്നു.

ജയന്‍ നമ്പ്യാര്‍ നേരത്തെ ദ ക്യുവിനോട് സംസാരിച്ചത്

വിലായത് ബുദ്ധയെക്കുറിച്ച് സച്ചിയേട്ടന്‍ എന്നോടാണ് ആദ്യം പറഞ്ഞത്. അയ്യപ്പനും കോശിയുടെയും സെറ്റില്‍ വെച്ച് എന്റെ സിനിമയുടെ അനൗണ്‍സ്മെന്റ് നടന്നിരുന്നു. സച്ചിയേട്ടന്റെ തിരക്കഥയിലായിരുന്നു ആ ചിത്രം. എന്റെ സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ വിലായത്ത് ബുദ്ധയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുവാനായിരുന്നു പദ്ധതി. മറയൂരിലെ സിനിമയുടെ ലൊക്കേഷന്‍ കാണുവാനും എന്നോട് പറഞ്ഞിരുന്നു. ലൊക്കേഷന്‍ കാണുവാനായി മറയൂരിലേയ്ക്ക് പോകാനിരുന്ന സമയത്താണ് ലോക്ക്ഡൗൺ വന്നതും തുടര്‍ന്ന് സിനിമയുടെ റിസേര്‍ച്ച് വര്‍ക്കിലേക്ക് കടക്കുന്നതും. അയ്യപ്പനും കോശിയുടെയും ഒന്നാം വാര്‍ഷികമായതു കൊണ്ടും ഫെബ്രുവരി ഏഴാം തീയതി എന്ന ദിവസത്തോട് ഇഷ്ടമുള്ളതു കൊണ്ടുമാണ് സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം ആ ദിവസം നടത്തിയത്. മറ്റൊരു പ്രോജെക്റ്റുമായി മുന്നോട്ടു പോകാനായിരുന്നു പ്ലാന്‍. ഇന്ദുച്ചേട്ടനും രാജേഷ് പിന്നാടനുമാന് ഞാന്‍ തന്നെ വിലായത് ബുദ്ധ ചെയ്യണമെന്ന് നിര്‍ദേശിച്ചത്. സച്ചിയേട്ടന്റെ മനസ്സറിയുന്ന ആളായത് കൊണ്ടാണ് അവര്‍ എന്നോട് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ഇക്കാര്യം പറഞ്ഞു. 'തീര്‍ച്ചയായും ജയന്‍ വിലായത്ത് ബുദ്ധ ചെയ്യണമെന്ന് പൃഥ്വിരാജും പറഞ്ഞു.

സച്ചിക്കൊപ്പം ജയന്‍ നമ്പ്യാര്‍

നോവലില്‍ നിന്ന് ഏറെ മാറ്റങ്ങള്‍

പുസ്തകത്തില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ സിനിമയില്‍ ഉണ്ടാകും. കഥാപാത്രങ്ങളെ വേറൊരു വിധത്തില്‍ അവതരിപ്പിക്കുകയും മറയൂരില്‍ നടക്കുവാന്‍ സാധ്യതയുള്ള കഥാസന്ദർഭങ്ങളുമാണ് സിനിമയാകുന്നത്. കഥാപാത്രങ്ങളുടെ പേരിലൊന്നും മാറ്റമുണ്ടായിരിക്കുകയില്ല. പുസ്തകത്തിൽ നിന്നും വ്യത്യസ്‍തമായി കഥാപാത്രങ്ങളുടെ ചുറ്റുപാടുകളിലേയ്ക്കും സിനിമ കടക്കുന്നുണ്ട്.

ജേക്സ് ബിജോയ് സംഗീതവുമൊരുക്കും. വികാരഭരിതമായ കുറിപ്പിനൊപ്പമാണ് പൃഥ്വിരാജ് സുകുമാരന്‍ വിലായത്ത് ബുദ്ധയുടെ ഫസ്റ്റ് ലുക്ക് പങ്കുവച്ചിരുന്നത്. ഇത് സച്ചിയുടെ സ്വപ്നമായിരുന്നു, സഹോദരാ ഇത് നിനക്ക് സമര്‍പ്പിക്കുന്നുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT