പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഏറ്റവും വലിയ ആക്ഷൻ മാസ് എന്റർടെയിനർ എന്ന നിലക്കാണ് വിലായത്ത് ബുദ്ധ ഒരുങ്ങുന്നത്. ഈ വർഷം തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ഇടുക്കിയിലെ മറയൂരിൽ പുരോഗമിക്കുകയാണ്. കാന്താര, 777 ചാർലി എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ അരവിന്ദ് കശ്യപ് ആനപ്പുറത്ത് ക്യാമറയുമായി കാട്ടിൽ നിന്ന് രാത്രി ദൃശ്യങ്ങൾ പകർത്തുന്ന ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ലൊക്കേഷനിൽ നിന്നുള്ള മൊബൈൽ ദൃശ്യങ്ങളാണ് ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമായി എത്തിയിരിക്കുന്നത്. ജയൻ നമ്പ്യാരാണ് സംവിധാനം. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
മറയൂരിലെ ചന്ദനക്കാടുകളിൽ വിഹരിക്കുന്ന ഡബിൾ മോഹനൻ എന്ന ചന്ദനക്കടത്തുകാരനായാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജ് ഈ ലുക്കിൽ ലൊക്കേഷനിലെത്തുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഹൈറേഞ്ചിലും കാട്ടിലുമായി നടക്കുന്ന ആക്ഷൻ സീക്വൻസുകൾ സിനിമയുടെ ഹൈലൈറ്റാണ്.
ഏറ്റവും മൂല്യമുള്ള ചന്ദനമരത്തിനായി ഗുരുവും ശിഷ്യനുമിടയിലുണ്ടാകുന്ന ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രം. ഇതേ പേരിലുള്ള ജി ആർ ഇന്ദുഗോപന്റെ കൃതിയാണ് സിനിമയാകുന്നത്. അനുമോഹൻ, ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ രാജശ്രീ നായർ എന്നിവർക്കൊപ്പം ടി.ജെ. അരുണാചലം എന്ന ഇതരഭാഷാ താരവും ചിത്രത്തിൽ പ്രധാന വേഷമണിയുന്നു. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.
സംഗീതം - ജേക്ക്സ് ബിജോയ്. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ബംഗ്ലാൻ. മേക്കപ്പ്-മനുമോഹൻ, കോസ്റ്റ്യും ഡിസൈൻ - സുജിത് സുധാകരൻ. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സംഗീത് സേനൻ, ലൈൻ പ്രൊഡ്യൂസർ, - രലു സുഭാഷ് ചന്ദ്രൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - മൺസൂർ റഷീദ്, വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്. സഹസംവിധാനം - ആദിത്യൻ മാധവ്, ജിഷ്ണു വേണുഗോപാൽ.അർജുൻ.എ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്സ്- രാജേഷ് മേനോൻ ,നോബിൾ ജേക്കബ്. പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്. ഈ കുര്യൻ.
എമ്പുരാന് മുമ്പ് പൃഥ്വിരാജിന്റേതായി സ്ക്രീനിലെത്തുന്ന മാസ് ആക്ഷൻ കഥാപാത്രമാണ് വിലായത്ത് ബുദ്ധയിലെ ഡബിൾ മോഹനൻ. അക്ഷയ്കുമാറിനൊപ്പമുള്ള ബോളിവുഡ് ചിത്രം ബഡേ മിയാൻ ഛോട്ടേ മിയാൻ, പ്രശാന്ത് നീൽ കെജിഎഫിന് ശേഷം സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാർ എന്നിവയുടെ ഷെഡ്യൂളുകൾ പൂർത്തിയാക്കിയാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയുടെ മറയൂർ ലൊക്കേഷനിൽ ജോയിൻ ചെയ്തത്. എമ്പുരാന് വേണ്ടി ഇന്ത്യക്കകത്തും വിദേശത്തുമുള്ള ലൊക്കേഷൻ ഹണ്ടിംഗിലായിരുന്നു മേയ് അവസാന വാരം പൃഥ്വിരാജ്.