മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസില്‍ നിന്നും നടന്‍ പൃഥ്വിരാജ് പിന്‍മാറി. ഡേറ്റ് ക്ലാഷിനെ തുടര്‍ന്നാണ് പിന്‍മാറ്റം. ബറോസിന്റെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വിരാജ് അഭിനയിച്ച ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം മൂലം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. ഇതുവരെ ചിത്രീകരിച്ച പല ഭാഗങ്ങളും റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
നിലവില്‍ പൃഥ്വിരാജ് ഷാജി കൈലാസിന്റെ ചിത്രം കടുവയുടെ ചിത്രീകരണത്തിലാണ്. ബറോസ് ഡിസംബര്‍ 26ന് ചിത്രീകരണം പുനരാരംഭിക്കുമ്പോള്‍ പൃഥ്വിരാജിന് സിനിമയുടെ ഭാഗമാകാന്‍ സാധിക്കാത്തതും അതുകൊണ്ടാണ്. കടുവക്ക് ശേഷം ബ്ലെസിയുടെ ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി ജോയിന്‍ ചെയ്യും. ആടുജീവിതത്തിനായി ശാരീരികമായ മാറ്റങ്ങള്‍ വരുത്തുന്നതിനായുള്ള തയ്യാറെടുപ്പിലായിരിക്കും പൃഥ്വിരാജ്.
പൃഥ്വിരാജിന് പുറമെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഷെയ്‌ല മാക് കഫ്രി എന്ന പെണ്‍കുട്ടിയും ചിത്രത്തിന്റെ ഭാഗമാകില്ല. നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. ഷെയ്‌ലയാണ് കൊച്ചു കുട്ടിയുടെ വേഷം ചെയ്തത്. ആദ്യ ഷെഡ്യൂള്‍ സമയത്ത് കൊച്ചുകുട്ടിയായിരുന്ന ഷെയ്‌ലക്ക് പ്രായത്തിലും ശാരീരികമായും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതിനാലാണ് ഷെയ്‌ലക്ക് സിനിമയില്‍ നിന്ന് പിന്‍മാറേണ്ടി വന്നത്. മുംബൈ സ്വദേശിയായ മായയാണ് ഷെയ്‌ലക്ക് പകരമായി വരുന്നത്.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.