ഭ്രമത്തിന് മുമ്പ് ശ്രീറാം രാഘവന്റെ മറ്റൊരു ചിത്രത്തിന്റെ റീമേക്കിന് താന്‍ ശ്രമിച്ചിരുന്നുവെന്ന് പൃഥ്വിരാജ്. 2007ല്‍ പുറത്തിറങ്ങിയ 'ജോണി ഗദ്ദാറി'ന്റെ റീമേക്കിന് വേണ്ടി അദ്ദേഹത്തെ സമീപിച്ചിരുന്നുവെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ ആയുഷ്മാന്‍ ഖുറാന, തബു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം അന്ധാദുന്‍, മലയാളം റീമേക്ക് 'ഭ്രമം' ഒക്ടോബര്‍ 7ന് റിലീസാകാനിരിക്കുകയാണ്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് റിലീസ്. രവി കെ.ചന്ദ്രനാണ് സംവിധാനം.
ശ്രീറാം രാഘവന്റെ വലിയ ആരാധകനാണ് താനെന്നും, അദ്ദേഹം ഒരു മികച്ച സംവിധായകനും തിരക്കഥാകൃത്തുമാണെന്നും പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തിന് ഈ സംഭവം ഓര്‍മ്മയുണ്ടാകില്ലെന്ന് ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ സിനിമകളുടെ റീമേക്ക് അവകാശത്തിനായി ശ്രമിക്കുന്നത് ഇതാദ്യമല്ല. നാളുകള്‍ക്ക് മുമ്പ് ജോണി ഗദ്ദാറിന്റെ മലയാളം റീമേക്കിന് വേണ്ടിയാണ് താന്‍ ആദ്ദേഹത്തെ സമീപിച്ചതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
ജോണി ഗദ്ദാര്‍ റീമേക്ക് അന്ന് നടന്നില്ലെങ്കിലും, ഇനിയും മികച്ച മലയാള സിനിമയാകാന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് പൃഥ്വിരാജ് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അന്ധാദുന്നിന്റെ മികച്ച അഡാപ്‌റ്റേഷന്‍ ആയിരിക്കും ഭ്രമം എന്നും പൃഥ്വിരാജ് പറഞ്ഞു. ശ്രീറാം രാഘവന്‍ ചിത്രത്തിന്റെ പ്രേക്ഷകര്‍ എങ്ങനെയായിരിക്കും മലയാളം സിനിമയോട് പ്രതികരിക്കുന്നത് എന്നറിയാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ പൃഥ്വിരാജ്, അന്ധാധുന്‍ കാണാത്തവര്‍ തന്റെ ക്രൈം ത്രില്ലര്‍ ചിത്രം ആസ്വദിക്കുമെന്ന ഉറപ്പുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
2019ല്‍ ലൂസിഫര്‍ ചിത്രീകരണ സമയത്ത് നടന്‍ വിവേക് ഒബ്‌റോയ് ആണ് അന്ധാദുന്‍ റീമേക്കിന്റെ കാര്യം തന്നോട് സൂചിപ്പിച്ചത്. അന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോള്‍ സിനിമ യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമെന്നും നടന്‍ പറഞ്ഞു.
എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായാണ് ഭ്രമം നിര്‍മ്മിച്ചിരിക്കുന്നത്. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ചിത്രം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ജേക്ക്‌സ് ബെജോയിയാണ് സംഗീതം.
ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായെത്തുന്നത്. തിരക്കഥ,സംഭാഷണം ശരത് ബാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍-ബാദുഷ എന്‍.എം, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.