ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍ സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ബഹുഭാഷാ ചിത്രം 83 മലയാളത്തില്‍ അവതരിപ്പിക്കാന്‍ നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റുമായി കൈകോര്‍ക്കുന്നു. 1983-ല്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 83.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന 83 അവതരിപ്പിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിന്റെ മലയാളം പതിപ്പ് അവതരിപ്പിക്കുന്നതിന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി യോജിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ കബീര്‍ ഖാന്‍ പറഞ്ഞു. ചിത്രത്തിന് പൃഥ്വിരാജിന്റെ പിന്തുണ പ്രാദേശിക പ്രേക്ഷകര്‍ക്ക് ഏറെ ആവേശം പകരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തില്‍ കപില്‍ ദേവായി വേഷമിടുന്നത് രണ്‍വീര്‍ സിംഗാണ്. താഹിര്‍ രാജ് ഭാസിന്‍, ജീവ, സാഖിബ് സലീം, ജതിന്‍ സര്‍ണ, ചിരാഗ് പാട്ടില്‍, ദിന്‍കര്‍ ശര്‍മ, നിഷാന്ത് ദാഹിയ, ഹാര്‍ഡി സന്ധു, സഹില്‍ ഖട്ടര്‍, അമ്മി വിര്‍ക്, ആദിനാഥ് കോത്താരെ, ധൈര്യ കര്‍വ, ആര്‍. ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര.
കപില്‍ ദേവിന്റെ ഭാര്യ റോമിയായി അതിഥി റോളില്‍ ദീപിക പദുകോണാണ് എത്തുന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡിസംബര്‍ 24-ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രം കബീര്‍ ഖാന് പുറമേ ദീപിക പദുകോണ്‍, വിഷ്ണു ഇന്ദൂരി, സാജിദ് നാദിയാദ് വാല, ഫാന്റം ഫിലിംസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, 83 ഫിലിം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.