Film News

'അമ്മ'യ്ക്ക് വീഴ്ച സംഭവിച്ചു, പവര്‍ഗ്രൂപ്പ് ഇല്ലന്ന് പറയാനാകില്ല, സിനിമയില്‍ വിലക്ക് നേരിട്ടിട്ടുണ്ട്: തുറന്നടിച്ച് പൃഥ്വിരാജ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള സമീപനത്തില്‍ 'അമ്മ' സംഘടനയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. നടന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ക്ലബ്ബിന്റെ ലോഞ്ചിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. തനിക്കനുഭവമില്ല എന്നത് കൊണ്ട് പവര്‍ ഗ്രൂപ്പ് എന്നൊന്ന് ഇല്ല എന്ന് പറയാനാകില്ല. ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണം. അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. തന്റെ ചുറ്റുമുള്ള ജോലിസ്ഥലം സുരക്ഷിതമാക്കാം എന്ന് പറഞ്ഞാല്‍ പോലും ഈ വിഷയത്തിലെ ഉത്തരവാദിത്തങ്ങള്‍ അവസാനിക്കുന്നില്ല. പാര്‍വതിക്കു മുന്‍പ് തനിക്ക് സിനിമയില്‍ തൊഴില്‍ വിലക്ക് നേരിട്ടിട്ടുണ്ട്. തൊഴില്‍ നിഷേധിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകണം. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അന്വേഷിക്കണം. കുറ്റാരോപിതര്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മാതൃകാരപരമായി ശിക്ഷിക്കപ്പെടണമെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു.

പൃഥ്വിരാജ് പറഞ്ഞത്:

ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ പഴുതടച്ച അന്വേഷണങ്ങള്‍ ഉണ്ടാകണം. അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അങ്ങനെ തന്നെയേ ഇതിന് ഒരവസാനം ഉണ്ടാകുള്ളൂ. ആരോപണങ്ങള്‍ കള്ളമായിരുന്നു എന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. നമ്മളുടെ നിയമവ്യവസ്ഥ അനുസരിച്ച് ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരായ ആളുകളുടെ പേരുകള്‍ സംരക്ഷിക്കാന്‍ നിയമമില്ലാത്ത കാലത്തോളം അത് പുറത്തുവിടുന്നതിനു നിയമതടസ്സങ്ങളില്ല എന്നാണ് ഞാന്‍ കരുതുന്നത്. സര്‍ക്കാരാണ് ഈ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. പേരുകള്‍ പുറത്തുവിടാനോ വേണ്ടയോ എന്നുള്ളത് അധികാരത്തില്‍ ഇരിക്കുന്ന ആളുകളുടെ തീരുമാനമാണ്.

ഹേമ കമ്മീഷനെ ആദ്യം കണ്ട ആളുകളില്‍ ഒരാളാണ് ഞാന്‍. തുടര്‍ന്നുള്ള നടപടികള്‍ എന്താണെന്നറിയാന്‍ എനിക്ക് ആകാംക്ഷയുണ്ട്. അമ്മ സംഘടനയ്ക്ക് ഈ വിഷയത്തില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. ആ കാര്യത്തില്‍ സംശയമില്ല. 'ഞാന്‍ സുരക്ഷിതമാക്കാം' എന്നെനിക്ക് പറയാന്‍ കഴിയുന്നത് എനിക്ക് ചുറ്റുമുള്ള ജോലി സ്ഥലത്തെക്കുറിച്ച് മാത്രമാണ്. എനിക്ക് ചുറ്റുമുള്ള ജോലിസ്ഥലം ഞാന്‍ സുരക്ഷിതമാക്കും, അതിനപ്പുറത്തേക്ക് ഞാന്‍ ഇതിലൊന്നും ഇടപെടില്ല എന്ന് പറയുന്നിടത്ത് തീരുന്നതല്ല ഞാന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ ഉത്തരവാദിത്തം. അതാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട പരാമര്‍ശം. ഞാനിതില്‍ ഇല്ല എന്ന് സ്ഥാപിക്കുന്നിടത്ത് തീരുന്നില്ല എന്റെയോ നിങ്ങളുടെയോ ഉത്തരവാദിത്തം.

ഒരു പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ എന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ് അങ്ങനെ ഒരു പവര്‍ ഗ്രൂപ്പില്ല എന്നവകാശപ്പെടാന്‍ എനിക്കാവില്ല. ഞാന്‍ അവരെ അഭിമുഖീകരിച്ചിട്ടില്ല. അവരാല്‍ ഞാന്‍ ബാധിക്കപ്പെട്ടിട്ടില്ല. അവരാല്‍ ബാധിക്കപ്പെട്ടവര്‍ ഇന്ന് മലയാള സിനിമയില്‍ ഉണ്ടെങ്കില്‍ അവരുടെ പരാതി കേള്‍ക്കണം. അത്തരമൊരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ഇല്ലാതാകണം. അങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്ന് ഞാന്‍ പറയണമെങ്കില്‍ എനിക്ക് അനുഭവമുണ്ടാകണം. എനിക്ക് പവര്‍ ഗ്രൂപ്പിനെക്കുറിച്ച് അനുഭവമില്ല എന്നതുകൊണ്ട് പവര്‍ഗ്രൂപ്പ് എന്നൊന്ന് ഇല്ലാ എന്നും എനിക്ക് പറയാനാകില്ല.

ശക്തമായ ഇടപെടലുകളും നടപടികളും അമ്മ സംഘടനയില്‍ നിന്നുണ്ടാകേണ്ടതാണ്. പദവിയില്‍ ഇരിക്കുന്ന ആളുകള്‍ക്കെതിരെ ഒരു ആരോപണം ഉണ്ടാകുകയാണെങ്കില്‍ അതിന്റെ മര്യാദപരമായ നടപടി ക്രമം എന്ന് പറയുന്നത് ആ സ്ഥാനത്ത് നിന്നും മാറി നിന്ന് അന്വേഷണത്തെ സ്വീകരിക്കുക എന്നുള്ളതാണ്. ഒരു പദവിയുടെ അധികാരം കയ്യിലിരിക്കുമ്പോള്‍ അന്വേഷണത്തെ നേരിടാന്‍ പാടില്ലെന്നാണ് ഞാനും വിശ്വസിക്കുന്നത്.

തൊഴില്‍ വിലക്കിന്റെ കാര്യം പറയുകയാണെങ്കില്‍ അതില്‍ പര്‍വ്വതിയ്ക്കും മുന്‍പേ ഉള്ള ഉദ്ദാഹരണമല്ലേ ഞാന്‍. ഇന്നും സംഘടിതമായി ഒരാളുടെ തൊഴിലവസരം നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് പറയുക തന്നെ വേണം. അതിനെതിരെ നടപടികള്‍ ഉണ്ടാകണം. അങ്ങനെ തൊഴില്‍ നിഷേധിക്കാനുള്ള അവകാശമോ അധികാരമോ ആര്‍ക്കുമില്ല. ഇതിനെയാണ് പവര്‍ഗ്രൂപ്പ് എന്ന് പറയുന്നതെങ്കില്‍ മലയാള സിനിമയില്‍ അങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാകാന്‍ പാടില്ല.

എല്ലാ സംഘടനകളുടെ തലപ്പത്തും സ്ത്രീ പ്രാതിനിധ്യം വേണമെന്ന് കരുതുന്ന ആളാണ് ഞാന്‍. അമ്മ എന്ന സംഘടയ്ക്കും അതില്‍ നിന്ന് വ്യത്യാസമില്ല. അവിടെയും സ്ത്രീ പ്രാതിനിധ്യം വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. സിനിമാ കോണ്‍ക്ലേവ് നടത്തുന്നത് ഈ വിഷയത്തില്‍ ഉപകാരപ്രദമാകട്ടെ എന്നാണ് കരുതുന്നത്. ഇവിടെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യും. വളരെ ഗൗരവത്തില്‍ തന്നെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അന്വേഷിക്കണം. കുറ്റാരോപിതര്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മാതൃകാരപരമായി ശിക്ഷിക്കപ്പെടണം. ഇങ്ങനെ ഒരു തിരുത്തല്‍, ശരിയായ ദിശയിലേക്കുള്ള ഒരു വഴി മാറ്റി വിടല്‍ ആദ്യം നടന്നത് മലയാള സിനിമയിലാണ് എന്ന് ഇന്ത്യന്‍ സിനിമാ മേഖലയുടെ ചരിത്രത്തില്‍ ഒരുനാള്‍ രേഖപ്പെടുത്തും. അത് നടന്നത് സിനിമാ മേഖലയിലാണ് എന്ന് ചരിത്രം നിങ്ങളെ ഓര്‍മ്മപ്പെടുത്തും. അതാണ് നമ്മള്‍ മറക്കാന്‍ പാടില്ലാത്തത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT