കടുവ ഒരു മാസ് എന്റര്‍ട്ടെയിനറാണ്. അത് കാണാന്‍ പോയിട്ട്, ഒരാള്‍ക്ക് നാല് പേരെ ഇടിക്കാന്‍ സാധിക്കുമോ എന്ന് ചോദിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ലെന്ന് പൃഥ്വിരാജ്. യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കുന്നതും ശരിക്കും സംഭവിക്കുന്നതുമായ സിനിമയാണ് കടുവയെന്ന് എവിടെയും ആരും അവകാശപ്പെട്ടിട്ടില്ല. ഇത് ലാര്‍ജര്‍ ദാന്‍ മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ്. കടുവ കണ്ടിട്ട് ഒരാള്‍ക്ക് നാല് പേരെ ഇടിക്കാന്‍ പറ്റുമോ എന്ന് ചോദിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.
ഒരിക്കലും കടുവയും ജനഗണമനയും താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം രണ്ടും വളരെ വ്യത്യസ്തമായ സിനിമകളാണെന്നും പൃഥ്വിരാജ് പറയുന്നു.
കടുവ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചിത്രത്തിലെ പൊലീസിനെ തല്ലുന്ന രംഗങ്ങളും മറ്റും മുഴച്ചു നില്‍ക്കുന്നതായിട്ട് തോന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്.
പൃഥ്വിരാജിന്റെ വാക്കുകള്‍:
പാര്‍ലമെന്റില്‍ കയറി മിനിസ്റ്ററെ വെടിവെച്ച് കൊല്ലുന്ന കെജിഎഫ് ഇവിടെ സൂപ്പര്‍ ഹിറ്റാണ്. പിന്നെയാണോ പാവം നാല് പൊലീസുകാരനെ തല്ലുന്ന കുറുവാച്ചന്‍. അപ്പോള്‍ അതിലൊന്നും കാര്യമില്ല. നമ്മള്‍ ഈ സിനിമ യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന ശരിക്കും സംഭവിക്കുന്ന കാര്യങ്ങളാണെന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ല. വളരെ സത്യസന്ധമായാണ് നമ്മള്‍ ഈ സിനിമ പ്രമോട്ട് ചെയ്യുന്നത് തന്നെ. കടുവയൊരു മാസ് ആക്ഷന്‍ എന്റര്‍ട്ടെയിനര്‍ ആണ്. അത്തരമൊരു സിനിമ കാണാന്‍ പോയിട്ട്, ഒരാള്‍ക്ക് നാല് പേരെ ഇടിക്കാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചാല്‍ അതിനകത്ത് ഒരു അര്‍ത്ഥവുമില്ല. ഈ സിനിമ കാണാന്‍ പോകുമ്പോഴും അങ്ങനെ വേണമത് കാണാന്‍ പോകാന്‍.
ഞാന്‍ പലപ്പോഴും പറയാറുണ്ട്. പോക്കിരി രാജയേക്കാള്‍ നല്ല സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന പരാമര്‍ശം എനിക്ക് മനസിലാക്കാന്‍ പോലും സാധിക്കുന്നില്ല. അത് എങ്ങനെയാണ് നമുക്ക് പറയാന്‍ കഴിയുക. അപ്പോള്‍ അതുപോലെയെ ഉള്ളൂ. നിങ്ങള്‍ കടുവയും ജനഗണമനയുമായി താരതമ്യം ചെയ്യരുത്. ഇത് രണ്ടും വളരെ വ്യത്യസ്തമായ രണ്ട് സിനിമകളാണ്. അടുത്ത കാലത്ത് ഞാന്‍ തന്നെ എന്റെ സുഹൃത്തുക്കളുടെ അടുത്ത് നിന്ന് കേള്‍ക്കുന്ന ഒരു കാര്യമാണ്, ആക്ഷന്‍ സിനിമകള്‍ കാണണമെങ്കില്‍ വല്ല തമിഴ് പടമോ, തെലുങ്ക് പടമോ കാണണമല്ലേ എന്ന്. അപ്പോള്‍ ഞാന്‍ ആലോചിക്കും, അത് ശരിയല്ലല്ലോ. അത് നമുക്കും വേണ്ടേ. നമുക്ക് എന്താണ് അത് ചെയ്യാനുള്ള കഴിവില്ലേ?