മുന്‍മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ നിര്‍മാതാവാകുന്നു. ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ നിര്‍മാണ കമ്പനിയുടെ ലോഗേ നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചലച്ചിത്രനിര്‍മാണരംഗത്തേക്ക് കടക്കുമ്പോള്‍ ഓര്‍മയില്‍ കണ്ട സിനിമകളെല്ലാം മനസില്‍ തെളിഞ്ഞുവരുന്നു. സിനിമ എന്നും തന്നെ ഇഷ്ടപ്പെടുത്തിയിട്ടേയുള്ളു. ഇനി പ്രേക്ഷകര്‍ക്കായി ജീവിതഗന്ധിയായ നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഷിബു ബേബി ജോണിന്റെ പറഞ്ഞത്:
ജീവിതവഴികളില്‍ എന്നും എനിക്ക് മാര്‍ഗ്ഗദീപമായി നിന്നത് എന്റെ പപ്പാച്ചന്‍ ബേബി ജോണാണ്. 1963- ല്‍ പപ്പാച്ചന്‍ തുടങ്ങിവെച്ച കേരള സീ ഫുഡ്‌സ് എന്ന സമുദ്രോല്‍പ്പന്ന കയറ്റുമതിസ്ഥാപനത്തില്‍ നിന്ന് കിങ്ങ്‌സ് ഗ്രൂപ്പെന്ന പേരില്‍ വ്യവസായത്തിന്റെ പല വഴികളിലേക്ക് ഞങ്ങള്‍ നടന്നുകയറി. പപ്പാച്ചനില്‍ നിന്നാര്‍ജ്ജിച്ച ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ഞാനിപ്പോള്‍ ചലച്ചിത്രനിര്‍മാണരംഗത്തേക്ക് കടന്നു വരികയാണ്. John and Mary Creative Pvt Ltd. എന്നാണ് നിര്‍മാണകമ്പിനിയുടെ പേര്. എന്റെ പപ്പായും മമ്മായുമാണ് ജോണും മേരിയും.
രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെയും വ്യാവസായത്തിന്റെയും തിരക്കുകള്‍ക്കിടയില്‍ പപ്പാച്ചന്‍ അമ്മ അന്നമ്മയുമൊന്നിച്ച് കണ്ടത് രണ്ടേ രണ്ട് സിനിമകള്‍ ! - ആദ്യമായി മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്‌കാരം നേടിയ 'നീലക്കുയിലും' 'സി.ഐ.ഡി'യും. രണ്ട് സിനിമകളും കണ്ടതിന്റെ പിറ്റേ ദിവസം രാഷ്ട്രീയസമരത്തിന്റെ ഭാഗമായി പപ്പാച്ചന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അമ്മയെ സാന്ത്വനിപ്പിക്കാനുള്ള പപ്പാച്ചന്റെ സ്‌നേഹത്താലുള്ള 'അടവുനയ'മായിരുന്നു ആ സിനിമ കാണിക്കലുകള്‍.
കുടുംബസമേതം പപ്പാച്ചനുമൊന്നിച്ച് ഞാന്‍ കണ്ടത് ഒരേയൊരു സിനിമ. 1982-ല്‍ റിച്ചാര്‍ഡ് ആറ്റിന്‍ബറോ സംവിധാനം ചെയ്ത 'ഗാന്ധി'. എന്റെയോര്‍മയില്‍ ടെലിവിഷനില്‍ ഒറ്റ സിനിമ മാത്രമേ അദ്ദേഹം മുഴുവനിരുന്ന് കണ്ടിട്ടുള്ളൂ- 'കീരീടം'. കഥയില്‍ മുഴുകിയായിരുന്നു അത് കണ്ടു തീര്‍ത്തത്. ചലച്ചിത്രനിര്‍മാണരംഗത്തേക്ക് കടക്കുമ്പോള്‍ ഓര്‍മയില്‍ ഇതെല്ലാം ഇപ്പോഴും തെളിഞ്ഞുനില്‍ക്കുന്നു. സിനിമ എന്നും എന്നെ ഇഷ്ടപ്പെടുത്തിയിട്ടേയുള്ളൂ. കുട്ടിക്കാലത്ത് അമ്മയ്‌ക്കൊപ്പം സിനിമാകൊട്ടകയില്‍ സിനിമാകാണാന്‍ തുടങ്ങിയതാണ്. അതിപ്പോഴും തുടരുന്നു. എന്ത് തിരക്കുകളുണ്ടായാലും നല്ല സിനിമകള്‍ വന്നാല്‍ ഇപ്പോഴും കാണാന്‍ മറക്കാറില്ല. John and Mary Creative- ന്റെ ലോഗോ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ഇന്ന് പ്രകാശനം ചെയ്തു. നിങ്ങളുടെ കാഴ്ചാശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം.