നടി സായ് പല്ലവിക്കെതിരെ പൊലീസില്‍ പരാതി. സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 16നാണ് പരാതി നല്‍കിയിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ 'കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മില്‍ എന്താണ് വ്യത്യാസ'മെന്ന് സായ് പല്ലവി ചോദിച്ചിരുന്നു. ഈ പരാമര്‍ശത്തിന്റെ പേരിലാണ് പരാതി.
പരാതി ലഭിച്ചിട്ടുണ്ടെങ്കിലും നിലവില്‍ സായ് പല്ലവിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സുല്‍ത്താന്‍ ബസാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പല്ലേ പദ്മജ മാധ്യമങ്ങളോട് പറഞ്ഞു. 27 സെക്കന്റിന്റെ വീഡിയോ സമര്‍പ്പിച്ചുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായ ദൈര്‍ഘ്യം കൂടുതലുള്ള വീഡിയോ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
'സായ് പല്ലവിയുടെ കശ്മീരി പണ്ഡിറ്റുകളെ കുറിച്ചുള്ള പരാമര്‍ശത്തെ കുറിച്ച് ഞങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. അതില്‍ നിയമപരമായ അഭിപ്രായം തേടേണ്ടതുണ്ട്. അതുകൊണ്ട് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല', എന്നാണ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത്.
കുറച്ച് ദിവസം മുന്‍പാണ് ഒരു അഭിമുഖത്തില്‍ സായ് പല്ലവി കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരില്‍ മുസ്ലിങ്ങളെ കൊല്ലുന്നതും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിച്ചത്.
'ദി കശ്മീര്‍ ഫൈല്‍സ് എന്ന സിനിമ കാണിച്ചത് കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നാണ്. കുറച്ച് നാള്‍ മുന്നെ പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ചതിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അയാള്‍ മുസ്ലീമാണെന്ന് കരുതിയാണ് ആ കൊല നടന്നത്. അയാളെ കൊന്നതിന് ശേഷം അക്രമികള്‍ ജയ് ശ്രീറാം എന്ന് വിളിക്കുകയും ചെയ്തു. മതത്തിന്റെ പേരിലുള്ള അക്രമങ്ങളാണ് ഇതെല്ലാം. അപ്പോള്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതും ഇപ്പോള്‍ നടന്ന സംഭവത്തിനും തമ്മില്‍ എവിടെയാണ് വ്യത്യാസമുള്ളത്?', എന്നായിരുന്നു സായ് പല്ലവിയുടെ ചോദ്യം.
ഇതിന് പിന്നാലെ താരത്തിനെതിരെ സാമൂഹ്യമാധ്യമത്തില്‍ വ്യാപകമായി സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. സംഘപരിവാര്‍ അനുകൂലികള്‍ സായ് പല്ലവിയെയും അവരുടെ സിനിമകളെയും വിലക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.