Film News

'ആർഡിഎക്സ്' നിർമാതാക്കൾക്കെതിരെ വഞ്ചന, ​ഗൂഢാലോചന കേസ്; ലാഭവിഹിതം നൽകിയതാണെന്നും ചീപ് പബ്ലിസിറ്റി ശ്രമമെന്നും സോഫിയ പോൾ

ലാഭവിഹിതം നൽകാതെ വഞ്ചിച്ചെന്ന സഹനിർമാതാവ് അഞ്ജന എബ്രഹാമിന്റെ പരാതിയിൽ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിനെതിരെ കേസ്.

ആർഡിഎക്സ് എന്ന സിനിമക്ക് വേണ്ടി മുടക്കിയ പണത്തിന്റെ കണക്കോ ലാഭവിഹിതമോ സഹനിർമ്മാതാവിന് നൽകിയില്ലെന്ന പരാതിയിൽ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് ബാനറിന്റെ നടത്തിപ്പുകാരായ നിർമ്മാതാവ് സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ ​പൊലീസ് കേസ്. സഹനിർമ്മാതാവ് അഞ്ജന എബ്രഹാമിന്റെ പരാതിയിലാണ് ഗൂഢാലോചന, വഞ്ചനാ കുറ്റം ചുമത്തി തൃപ്പുണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. 100 കോടിയിലേറെ സിനിമ കളക്ഷന‍് നേടിയിട്ടും ചിത്രത്തിനായി ആറ് കോടി രൂപ മുടക്കിയ അഞ്ജന എബ്രഹാമിന് ഇതുവരെ സിനിമയുടെ നിർമ്മാണച്ചെലവിന്റെ കണക്ക് നൽകിയിട്ടില്ലെന്നും ലാഭവിഹിതം നൽകിയില്ലെന്നുമാണ് കേസ്. എറണാകുളം ഹിൽ പാലസ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും തങ്ങളുടെ നിർമാണക്കമ്പനിയായ വീക്കെൻഡ് ബ്ലോക്ക് ബസ്റ്ററിന്റെ പേരിന് കളങ്കമേൽപ്പിക്കാനും വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നാടകമാണ് ഇപ്പോൾ നടക്കുന്നത് എന്നും നിർമ്മാതാവ് സോഫിയ പോൾ ദ ക്യുവിനോട് പ്രതികരിച്ചു.

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിനെതിരെ ​ഗുരുതര ആരോപണങ്ങളും പരാതിയും

ആർഡിഎക്സ് എന്ന സിനിമയുടെ നിർമ്മാണച്ചെലവ് 12 കോടിക്ക് മുകളിലാണെന്നാണ് സോഫിയ പോളും വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സും പറഞ്ഞിരുന്നതെന്നാണ് സഹനിർമ്മാതാവ് അഞ്ജന എബ്രഹാമിന്റെ പരാതിയിലുള്ളത്. ഇക്കാര്യം കാണിച്ച് 2022 ഓ​ഗസ്റ്റിൽ കരാറിൽ ഏർപ്പെട്ട ശേഷം 90 മുതൽ 120 ദിവസത്തിനുള്ളിൽ 30 ശതമാനം ലാഭവിഹിതം നൽകാമെന്ന് തങ്ങളെ വിശ്വസിപ്പിച്ചു. പിന്നീട് വിവിധ തവണകളിലായി ആറ് കോടി രൂപ പ്രതികളായ സോഫിയ പോളും ജയിംസ് പോളും വാങ്ങിയെടുത്തെന്നും പരാതിയിലുണ്ട്. സിനിമയുടെ നിർമ്മാണച്ചെലവ് 23 കോടിക്ക് മുകളിലെന്ന രീതിയിൽ വ്യാജരേഖകളാണ് തങ്ങളെ കാണിച്ചതെന്നും അഞ്ജന എബ്രഹാം ഹിൽ പാലസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 2023 ഓ​ഗസ്റ്റ് 25ന് ആർഡിഎക്സ് 100 കോടി രൂപ ലാഭം നേടിയപ്പോൾ സഹനിർമ്മാതാവിന് 3 കോടി ആറ് ലക്ഷം മാത്രമാണ് കൊടുത്തതെന്നും എഫ്.ഐ.ആറിലുണ്ട്. സിനിമയുടെ ആകെ ചെലവും ലഭിച്ച വരുമാനവും സംബന്ധിച്ച കണക്കുകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും അഞ്ജന എബ്രഹാം.

കണക്കുകളും ലാഭവിഹിതവും നൽകി, ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കേസ് : സോഫിയ പോൾ

മുതൽ മുടക്കും ലാഭ വിഹിതവും നേരത്തെ തന്നെ പരാതിക്കാരിക്ക് നൽകിയിട്ടുള്ളതാണ് എന്നും തങ്ങളുടെ നിർമാണക്കമ്പനിക്ക് കളങ്കമേൽപ്പിക്കാനും വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നാടകമാണ് ഇപ്പോൾ നടക്കുന്നതെന്നും നിർമാതാക്കളിലൊരാളായ സോഫിയ പോൾ. ലാഭവി​ഹിതത്തിന്റെ കാര്യത്തിൽ അവർ സംശയം പ്രകടിപ്പിച്ചപ്പോൾ തന്നെ കണക്കുകൾ പരിശോധിക്കാനുള്ള അനുമതി പരാതിക്കാരിക്ക് നൽകിയിരുന്നു എന്നും എന്നാൽ അവർ അതിന് തയ്യാറായില്ലെന്നും സോഫിയ പോൾ. ആ​ഗോള ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷൻ നേടിയ സിനിമയുടെ തൊണ്ണൂറ് കോടി രൂപയും നിർമാതക്കൾക്ക് ലഭിക്കും എന്നാണ് പരാതിക്കാരി കരുതുന്നത് എന്നും തൽഫലമായി 30 കോടി രൂപയാണ് ലാഭവിഹിതമായി അവർ ആവശ്യപ്പെടുന്നത് എന്നും സോഫിയ പോൾ പറഞ്ഞു.

കണക്ക് വന്ന് ചെക്ക് ചെയ്യാതെ എങ്ങനെയാണ് ഇവർക്ക് ഞങ്ങൾ വഞ്ചിച്ചു എന്ന് പറയാൻ കഴിയുന്നത്. അത്തരത്തിൽ ഒരു സംശയം അവർക്കുണ്ടായിരുന്നെങ്കിൽ അവർ എന്തുകൊണ്ട് കണക്ക് പരിശോധിക്കാൻ തയ്യാറായില്ല. ഇതിന് തെളിവായുള്ള ഇ-മെയിൽ കോപ്പികളെല്ലാം എന്റെ കയ്യിലുണ്ട്. അതുകൊണ്ടാണ് ഞാൻ പ്രതികരിക്കാൻ തയ്യാറായത്. വാർത്തകളിൽ കാണുന്നതല്ല വാസ്തവം. ഞങ്ങൾ അവർ‌ നിക്ഷേപിച്ച പണവും ലാഭ വിഹിതവും കൊടുത്തു കഴിഞ്ഞു. എന്നിട്ടും കണക്ക് കാണണമെന്ന് പറഞ്ഞാണ് ഈ നാടകവും വിലകുറഞ്ഞ പബ്ലിസ്റ്റിയും ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരുടെ സിനിമ ഇപ്പോൾ റിലീസാകാൻ പോവുകയാണ്. അതിന് വേണ്ടി നടത്തുന്ന പബ്ലിസ്റ്റി സ്റ്റണ്ടാണ് ഇതെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ഇവർ പറയുന്നത് ഓൺലെെനിൽ നൂറ് കോടി രൂപ കളക്ഷൻ എന്ന വാർത്ത കണ്ടു എന്നാണ്. ഈ കോടികൾ കളക്ഷൻ എന്നത് മുഴുവൻ നിർമാതാക്കൾക്കാണോ പോകുന്നത്? ഇവർ പറയുന്നത് എനിക്ക് തൊണ്ണൂറ് കോടി രൂപ കിട്ടി അതിൽ‌ മുപ്പത് കോടി അവർക്ക് വേണം എന്നാണ്. ഞാൻ ഭീഷണിപ്പെടുത്തി എന്നും എനിക്ക് രാഷ്ട്രീയ പരമായ പിടിപാടുകൾ ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നുമെല്ലാം അവർ എനിക്കെതിരെ ആരോപിക്കുന്നുണ്ട്. ഞാൻ മാന്യമായിട്ടാണ് അവരോട് നിങ്ങൾ വന്ന് കണക്ക് പരിശോധിക്കൂ എന്നാവശ്യപ്പെട്ടത്. പറഞ്ഞ് മടുത്ത ശേഷമാണ് ജൂലായ് 10 നുള്ളിൽ കണക്ക് കണ്ട് ബോധ്യപ്പെടാൻ ആവശ്യപ്പെട്ട് ഒരു തീയതി തീരുമാനിച്ചതും. എന്നാൽ അതിന് മുതിരാതെയാണ് ജൂലായ് 1 ന് അവർ ഞങ്ങൾക്ക് എതിരെ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ‌ പരാതി കൊടുത്തത്. പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവിടുത്തെ സി.എയ്ക്ക് കാര്യം മനസ്സിലായി. അദ്ദേഹം പറഞ്ഞു ഇതൊരു സിവിൽ ഡിസ്പ്യൂട്ടാണ് നിങ്ങൾക്ക് ഇതിൽ സിവിൽ കോർട്ടിൽ പരാതി നൽകാം എന്ന്. ഇത് വ്യക്തമായി പൊലീസ് അവരോട് പറഞ്ഞതാണ്. അപ്പോഴും കണക്ക് കണ്ട് ബോധ്യപ്പെടാൻ ഞാനും പൊലീസ് സ്റ്റേഷനിൽ നിന്നുള്ളവരും അവരോട് ആവശ്യപ്പെട്ടിരുന്നു. ആറ് കോടി രൂപയും അവരുടെ പ്രൊഫിറ്റ് ഷെയറും തിരിച്ചു കൊടുത്ത ഞാൻ എങ്ങനെയാണ് അവരെ വഞ്ചിച്ചത്? മൂന്ന് കോടി ആറ് ലക്ഷം രൂപ അവർക്ക് കൈമാറ്റം ചെയ്യാനായി ഞാൻ തയ്യാറായിരുന്ന സമയത്തെല്ലാം അവർ തന്നെയാണ് അവർക്ക് സംശയമുണ്ട് എന്ന് എന്നോട് പറഞ്ഞത്. അങ്ങനെ സംശയമുണ്ടെന്ന് പറയുമ്പോൾ അത് എങ്ങനെയാണ് കൈമാറ്റം ചെയ്യുക? ശേഷം ഞാൻ അവർക്ക് മെയിൽ അയച്ചു. നിങ്ങൾ വന്ന് ചെക്ക് ചെയ്യാത്തതിനാൽ ഞാൻ തന്നെ നിങ്ങളുടെ ഷെയർ ട്രാൻസ്ഫർ ചെയ്യുന്നു എന്ന്. അങ്ങനെയാണ് അവർക്ക് ഞാൻ ആ തുക കൈമാറ്റം ചെയ്തത്. ഇത് ചീപ്പ് പബ്ലിസ്റ്റിയാണ്. ‍ഞങ്ങളെ കളങ്കപ്പെടുത്തണമെന്ന് കരുതി ചെയ്യുന്നതാവാം ഇത്.

കിഷോർ കുമാറായി ആമിർ ഖാൻ? അനുരാ​ഗ് ബസു സംവിധാനം ചെയ്യുന്ന ബയോപികിൽ ആമിർ ഖാൻ നായകനെന്ന് റിപ്പോർട്ട്

തെലുങ്കിലും തമിഴിലും കൈ നിറയെ സിനിമകൾ, മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ഇനിയെന്ന്? മറുപടിയുമായി ദുൽഖർ സൽമാൻ

ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം തുടങ്ങിയവരെക്കാൾ എനിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പാട്ടുകളാണ്; വിനായക് ശശികുമാർ

ത്രില്ലർ ചിത്രത്തിൽ നായകനായി ഷൈൻ ടോം ചാക്കോ, 'ഒരു അന്വേഷണത്തിന്റെ തുടക്കം' മോഷൻ പോസ്റ്റർ പുറത്ത്

'വേട്ടയന് വേണ്ടി കങ്കുവയുടെ റിലീസ് മാറ്റിയതിൽ അതൃപ്തി', പ്രതികരണവുമായി കങ്കുവയുടെ നിർമ്മാതാവ് ജ്ഞാനവേൽ രാജ

SCROLL FOR NEXT