രജിനികാന്ത് ചിത്രം ജയിലറിനെതിരെ മദ്രാസ് ഹെെക്കോടതിയിൽ പൊതുതാൽപര്യ ഹർജി. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം സിനിമ കാണാൻ അനുവദിക്കുന്ന തരത്തിലുള്ള യുഎ സർട്ടിഫിക്കറ്റ് ചിത്രത്തിന് റദ്ദാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് (സിബിഎഫ്‌സി) നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ ഉൾപ്പെട്ട ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ യുഎ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിൽ കുട്ടികൾക്ക് കാണാൻ യോഗ്യമല്ലാത്ത നിരവധി അക്രമ രംഗങ്ങളുണ്ടെന്ന് വാദിച്ചാണ് അഭിഭാഷകനായ എം എൽ രവി ഹർജി സമർപ്പിച്ചത്. ചിത്രത്തിൽ എതിരാളിയുടെ തല ചുറ്റിക കൊണ്ട് തകർക്കുന്നതും ചെവി മുറിക്കുന്നതും തല വെട്ടുന്നതും തുടങ്ങി നിരവധി അക്രമ രംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. സിനിമയിൽ അക്രമം പോലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഫിലിം സർട്ടിഫിക്കേഷൻ സംബന്ധിച്ച സിബിഎഫ്‌സി മാർഗ്ഗനിർദ്ദേശങ്ങൾ ബോർഡ് ഉറപ്പാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. ജയിലറിന് യുഎസിലും യുകെയിലും എ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും എം എൽ രവി പറഞ്ഞു.
യുഎ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന തന്റെ ഹർജി കോടതി പരിഗണിക്കുന്നത് വരെ തിയേറ്ററുകളിൽ സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കാൻ ഇടക്കാല ഉത്തരവിടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി അടുത്തയാഴ്ച ചീഫ് ജസ്റ്റിസ് എസ് വി ഗംഗാപൂർവാല, ജസ്റ്റിസ് പി ഡി ആദികേശവലു എന്നിവരടങ്ങിയ ഒന്നാം ഡിവിഷൻ ബെഞ്ചിന് മുമ്പാകെ പരിഗണിക്കും. സിബിഎഫ്‌സി ചെയർമാനും ചെന്നൈയിലെ റീജിയണൽ ഓഫീസറും കൂടാതെ ചിത്രത്തിന്റെ നിർമ്മാതാവ് സൺ പിക്‌ചേഴ്‌സ്, സംവിധായകൻ നെൽസൺ ദിലീപ്കുമാർ എന്നിവരും പൊതുതാൽപര്യ ഹർജിയിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ ആഗോള ബോക്‌സ് ഓഫീസില്‍ 375 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്.