തിരുപ്പതി ലഡ്ഡുവിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ തമിഴ് നടന്‍ കാര്‍ത്തിയെ വിമര്‍ശിച്ച് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍. തിരുപ്പതി ലഡ്ഡു ഉണ്ടാക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് ചേര്‍ന്നുവെന്ന വാര്‍ത്ത വന്നത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുകൊണ്ടിരുന്ന ഘട്ടത്തിലാണ് കാര്‍ത്തിയുടെ വിവാദ പരാമര്‍ശം പുറത്തുവന്നത്. ലഡ്ഡുവിനെ കുറിച്ച് സംസാരിക്കാന്‍ തലപര്യമില്ലെന്നും അത് വളരെ സെന്‍സിറ്റീവായ വിഷയം ആണെന്നുമാണ് കാര്‍ത്തി പറഞ്ഞത്. മെയ്യഴകന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ വെച്ച് സംസാരിക്കുകയായിരുന്നു നടന്‍. 'ചിരുത്തൈ' എന്ന സിനിമയിലെ മീം കാണിച്ചുകൊണ്ട് അവതാരക ചോദിച്ച ചോദ്യത്തിനായിരുന്നു മറുപടി. ഇതിനെതിരൊണ് പവന്‍ കല്യാണ്‍ രംഗത്തെത്തിയത്. 'സിനിമാ മേഖലയിലുള്ളവര്‍ ലഡ്ഡു വിഷയത്തെ തമാശയായി കാണുകയാണ്. ഒരിക്കലും അങ്ങനെ തമാശയായി പറയരുത്. അഭിനേതാക്കള്‍ എന്ന നിലയില്‍ ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നുണ്ട്. പക്ഷെ സനാതന ധര്‍മ്മത്തിലേക്ക് വരുമ്പോള്‍ ഒരിക്കലും അങ്ങനെ പറഞ്ഞുകൂടാ. എന്തെങ്കിലും പറയും മുന്‍പ് ഒരു ആയിരം തവണയെങ്കിലും ആലോചിക്കണം'. പവന്‍ കല്യാണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയുടെ ഈ വിമര്‍ശനത്തില്‍ പിന്നീട് കാര്‍ത്തി എക്സിലൂടെ മാപ്പു പറഞ്ഞിരുന്നു. താന്‍ വെങ്കിടേശ്വര ഭക്തനാണെന്നും മനപ്പൂര്‍വമല്ലാതെ പറഞ്ഞുപോയ കാര്യങ്ങള്‍ക്ക് മാപ്പു ചോദിക്കുന്നു എന്നുമാണ് കാര്‍ത്തി കുറിപ്പിലൂടെ പറഞ്ഞത്. ജനസേനാ പാര്‍ട്ടിയുടെ നേതാവ് കൂടിയായ പവന്‍ കല്യാണ്‍ കാര്‍ത്തിയുടെ എക്സിലെ മാപ്പപേക്ഷയെ സ്വാഗതം ചെയ്യുകയാണുണ്ടായത്. കൂടാതെ മെയ്യഴകന്‍ എന്ന കാര്‍ത്തിയുടെ പുതിയ സിനിമയ്ക്ക് ആശംസകളും നേര്‍ന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ നടന്‍ സൂര്യ ആശംസകള്‍ക്ക് എക്സിലൂടെ നന്ദി രേഖപ്പെടുത്തി.
തിരുപ്പതി ലഡ്ഡു വിഷയത്തില്‍ നടന്‍ പ്രകാശ് രാജ് നേരത്തെ പവന്‍ കല്യാണിനെ വിമര്‍ശിച്ചിരുന്നു. രാജ്യത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയില്‍ ഈ വിഷയത്തെ വലുതാക്കി കാണേണ്ടെന്നും വിവാദത്തില്‍ അന്വേഷണം നടത്താനുമാണ് പ്രകാശ് രാജ് എക്സില്‍ കുറിച്ചത്. സാമൂഹ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ചയാണ് ഈ വിഷയത്തില്‍ ഉണ്ടായത്. കാര്‍ത്തിയുടെയും പവന്‍ കല്യാണിന്റെയും പ്രസ്താവനകളെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരാണ് രംഗത്തെത്തിയത്.