തന്റേതായൊരു ലോകമുണ്ടെന്ന് തുറന്നു പറയുന്നതാണ് ഏറ്റവും വലിയ വിപ്ലവമെന്ന് നടി പാർവതി. താൻ എഴുതിയ കുറിപ്പുകൾ ഒരു സ്യൂട് കേസിൽ അടച്ചു സൂക്ഷിച്ചിരിക്കുകയാണെന്നും തനിക്കു എന്തെങ്കിലും സംഭവിച്ചാൽ അതെല്ലാം കത്തിച്ച് കളയണമെന്നാണ് അടുത്ത സുഹൃത്തിനോട് പറഞ്ഞിരിക്കുന്നതെന്നും നടി പാർവതി ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും, താര സംഘടനായ അമ്മയുമായി ബന്ധപ്പെട്ട ഇരിപ്പിട വിവാദത്തിൽ പാർവതി നടത്തിയ പരോക്ഷ വിമർശനങ്ങളും വാർത്ത മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
എന്റെ എഴുത്തുകൾ എനിക്ക് ശേഷം കത്തിക്കണം
യാത്രയിലാണ് ഏറ്റവും കൂടുതൽ എഴുതാറുള്ളത്. എഴുതിയത് മറ്റാരെയും കാണിക്കാറില്ല. ഒരു സ്യൂട് കേസിൽ അടച്ചു സൂക്ഷിച്ചിരിക്കുന്നു. എനിക്കല്ലാതെ അടുത്ത സുഹൃത്തിന് മാത്രമാണ് അതിന്റെ പാസ്‌വേഡ് അറിയുന്നത് . എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതെല്ലാം കത്തിച്ച് കളയണമെന്നാണ് എന്റെ സുഹൃത്തിനോട് പറഞ്ഞിരിക്കുന്നത്. അത് മാത്രമാണ് എന്റെ വിൽപ്പത്രത്തിൽ എഴുതിവെയ്ക്കുക. കാരണം ആളുകൾ എന്നെ ഓർമ്മിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ ഓർക്കേണ്ടവർ ഓർക്കും. മറ്റുള്ളവർക്ക് വേണ്ടിയല്ല ഞാൻ ജീവിക്കുന്നത്.,എനിക്ക് വേണ്ടിത്തന്നെയാണ്.
ഞാൻ എന്ന വ്യക്തി എന്റേതുമാത്രം
നമ്മൾ നേരിടുന്ന പല ചോദ്യങ്ങളും നമ്മളെ വേദനിപ്പിച്ചെന്ന് വരാം. മറിച്ച് നല്ല രീതിയിലുള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നതെങ്കിൽ അത് അഭിമുഖമായി തന്നെ തോന്നുകയില്ല. ഒരു ഡിസ്കഷൻ ആയി തോന്നും. അതെനിക്ക് ഇഷ്ടമാണ്. ഞാൻ എന്ന വ്യക്തി എന്റേതുമാത്രമാണ്. അത് മറ്റുള്ളവർക്കുള്ളതല്ല. അതെനിക്ക് അങ്ങനെത്തന്നെ നിലനിർത്തിയെ പറ്റൂ. എനിക്ക് എന്റേതായൊരു ലോകമുണ്ടെന്ന് പറയുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിപ്ലവം.