വിനയ് ഫോര്‍ട്ട് നായകനായ 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ചിത്രം കപട ലൈംഗിക സമീപനങ്ങളും സദാചാരഭയങ്ങളും തറവാടിത്ത ഘോഷണങ്ങളും എല്ലാം വലിച്ചു കീറുന്ന ആഖ്യാനമാണെന്ന് ചലച്ചിത്ര നിരൂപകന്‍ ജി പി രാമചന്ദ്രന്‍. കല്യാണം കഴിച്ചാല്‍ പെണ്ണിന്റെ ഭ്രാന്ത് മാറുമെന്ന പഴയ തരം പ്രമേയം വരെയുണ്ട്. പക്ഷെ, ഇതൊക്കെ ഫ്രഷായ മനോഭാവത്തോടെ, സിനിമയുടെ ചിത്രണ-ശബ്ദ ഭാഷയില്‍ നിസ്സങ്കോചം അവതരിപ്പിച്ചപ്പോഴുണ്ടാകുന്ന ചേര്‍ച്ചയും നൂതനത്വവും എടുത്തു പറയേണ്ടതാണെന്നും ജിപി രാമചന്ദ്രന്‍ സിനിമയെക്കുറിച്ച് എഴുതുന്നു. മലയാളിയുടെ കപടസദാചാരത്തെയും വിവാഹാനന്തര ജീവിതവും പ്രമേയമാക്കിയ 'വെടിവഴിപാട്' എന്ന സിനിമക്ക് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'. വിനയ് ഫോര്‍ട്ടിനെ കൂടാതെ ടിനി ടോം, അരുണ്‍ കുര്യന്‍, ശ്രിന്ദ, ശാന്തി ബാലചന്ദ്രന്‍, അനുമോള്‍ അലന്‍സിയര്‍ ലേ ലോപ്പസ്, അനില്‍ നെടുമങ്ങാട്, മധുപാല്‍ എന്നിവരാണ് സിനിമയിലുള്ളത്.
ആരും വിശുദ്ധരല്ല എന്നും പേരിടാവുന്ന ഇന്നത്തെ സിനിമ
വൈകുന്നേരങ്ങളിലെ പൈങ്കിളി ടെലിവിഷന്‍ സീരിയലുകളില്‍ വിഷയമാകുന്ന അവിഹിതബന്ധങ്ങളും അഛനാരെന്നു പെട്ടെന്നു കണ്ടെത്തലും ബ്ലാക്ക് മെയ്ലിംഗുകളും സ്ത്രീധനം പേശലും വിവാഹക്കമ്പോളവും എല്ലാം തന്നെയാണ് ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഇന്നിറങ്ങിയ സിനിമയിലുമുള്ളത്. എന്തിന്, കല്യാണം കഴിച്ചാല്‍ പെണ്ണിന്റെ ഭ്രാന്ത് മാറുമെന്ന പഴയ തരം പ്രമേയം വരെയുണ്ട്. പക്ഷെ, ഇതൊക്കെ ഫ്രഷായ മനോഭാവത്തോടെ, സിനിമയുടെ ചിത്രണ-ശബ്ദ ഭാഷയില്‍ നിസ്സങ്കോചം അവതരിപ്പിച്ചപ്പോഴുണ്ടാകുന്ന ചേര്‍ച്ചയും നൂതനത്വവും എടുത്തു പറയേണ്ടതാണ്. കപട ലൈംഗിക സമീപനങ്ങളും സദാചാരഭയങ്ങളും തറവാടിത്ത ഘോഷണങ്ങളും എല്ലാം വലിച്ചു കീറുന്ന ആഖ്യാനമാണ് സിനിമക്ക്. അതിഘോര ശബ്ദത്തിന്റെ ഭീകരതകളില്ലെന്നു മാത്രമല്ല, പശ്ചാത്തല സംഗീതം തന്നെ വളരെ മിതത്വത്തോടെയാണ് ഉപയോഗിച്ചിട്ടുള്ളത്. മൗനവും നിശ്ശബ്ദതയും പലപ്പോഴുമുണ്ട്. സീരിയലുകള്‍ക്ക് ആഖ്യാന തുടര്‍ക്കൊലപാതകങ്ങളിലൂടെ വികാരങ്ങളെയും വിചാരങ്ങളെയും ബന്ധങ്ങളെയും കുടുംബങ്ങളെയും സൗഹൃദങ്ങളെയും ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല എന്നതിന്റെ ആശ്വാസ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ അഥവാ ആരും വിശുദ്ധരല്ല എന്നും പേരിടാവുന്ന ഇന്നത്തെ സിനിമ. അഭിനന്ദനങ്ങള്‍.
'സിനിമ തീയേറ്ററില്‍ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഇനി നിങ്ങളുടേതാണ്'
പൊതുവില്‍ നടന്മാര്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ക്കിടയില്‍ വളരെ അപൂര്‍വമായി സംവിധായകര്‍ സംവിധാനം ചെയ്യുന്ന ചില സിനിമകള്‍ വരും. അതാണ് ഒരു പാപവും ചെയ്യാത്ത ഈ മനോഹരസിനിമയെന്ന് ജിഗീഷ് കുമാരന്‍ എഴുതുന്നു. മാര്‍ക്കറ്റിങ്ങിലെ ഉയര്‍ന്നയിനം ഹൈപ്പുകള്‍ക്കൊന്നും മുതിരാത്ത ഒരു സിനിമ തീയേറ്ററില്‍ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഇനി നിങ്ങളുടേതാണ്. പാപം ചെയ്തവരും ചെയ്യാത്തവരുമെല്ലാം പോയി സിനിമ കാണുക. കണ്ടിട്ട് വിമര്‍ശിക്കുകയെന്നും ജിഗീഷ് കുമാരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കുറച്ചു പേര്‍ക്കു വേണ്ടി സിനിമ കാണിച്ച തിയേറ്റര്‍ മുതലാളി വലിയവനാണ്. സറ്റയര്‍ എന്ന സങ്കേതത്തിന്റെ പിന്‍ബലത്തോടെ നമ്മുടെ ജീവിതത്തെയാകെ മൂടിനില്‍ക്കുന്ന നാടകത്തെയും അപരിമേയമായ കാപട്യത്തെയും തികച്ചും എന്റര്‍ടെയിനിംഗ് ആയി തുറന്നുകാട്ടിയ സിനിമയുടെ മുതലാളി അതിലും വലിയവനാണ്. പുണ്യവും പാപവുമുള്‍പ്പെടെ ലോകത്തിലെ മഹത്തായ എല്ലാ സങ്കല്‍പ്പങ്ങളും സദാചാരകാംക്ഷിയായ മനുഷ്യന്‍ ഓരോ കാലങ്ങളിലായി സൗകര്യപൂര്‍വം നിര്‍മ്മിച്ചെടുത്തതാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ ലോകത്ത് സമാധാനമുണ്ടാകും.
പരസ്പരം ഉപദ്രവിക്കാതെ സന്തോഷത്തോടെ പുലരാനുള്ള എല്ലാ സാധ്യതകളും ഇവിടെയുണ്ട്. അപ്പോള്‍ത്തന്നെയാണ് മനുഷ്യന്‍ ഭൗതികമായ ആര്‍ത്തി പെരുകിപ്പെരുകി തിന്മയിലേക്കും വയലന്‍സിലേക്കും തിരിയുന്നത്. വെടിവഴിപാടില്‍ ആറ്റുകാല്‍ പൊങ്കാലയായിരുന്നു പശ്ചാത്തലമെങ്കില്‍ ഇവിടെ അത് കെട്ടിനുള്ള മനസ്സമ്മതം നടക്കുന്ന ഒരു ക്രിസ്തീയഭവനമാണ്. ഈയൊരു സീന്‍ കഥ പറയാനും ഒപ്പം ആശയസംവാദത്തിനുമുള്ള വേദിയായി സംവിധായകന്‍ ഒരേസമയം ഉപയോഗിക്കുന്നു.
അയാളുടെ അടിപൊളി ഉപകരണങ്ങളായി നടീനടന്മാര്‍ വര്‍ത്തിക്കുന്നു. സി. ഐ. സതീഷില്‍ നിന്ന് കാല്‍പ്പനികനായ വിഷാദകാമുകനിലേക്കുള്ള അനില്‍ പി നെടുമങ്ങാടിന്റെ പരകായപ്രവേശം ഒരു നടന്റെ അപാരമായ റേഞ്ച് വെളിപ്പെടുത്തുന്നു. മാര്‍ക്കറ്റിങ്ങിലെ ഉയര്‍ന്നയിനം ഹൈപ്പുകള്‍ക്കൊന്നും മുതിരാത്ത ഒരു സിനിമ തീയേറ്ററില്‍ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഇനി നിങ്ങളുടേതാണ്. പാപം ചെയ്തവരും ചെയ്യാത്തവരുമെല്ലാം പോയി സിനിമ കാണുക. കണ്ടിട്ട് വിമര്‍ഷിക്കുക!
ഒരു ലോഡ് കുരുക്കൾ പൊട്ടാൻ സാധ്യതയുള്ള സൊയമ്പൻ വിഷയം
നടന്‍ കണ്ണന്‍ നായര്‍ എഴുതിയത് ,
വെടിവഴിപാടിന്റെ സംവിധായകന്റെ പടം എന്ന പ്രതീക്ഷ ഒട്ടും തെറ്റിക്കാത്ത സിനിമ. ഓരോ സീനിലും വളരെ ഓർഗാനിക് ആയി വരുന്ന കോമെഡി കൊണ്ട് സമ്പന്നമാണ്. ആദ്യ സിനിമയിൽ ആറ്റുകാൽ പൊങ്കാലയും സദാചാരവുമായിരുന്നു വിഷയമെങ്കിൽ, ഇതിൽ ഒരു ക്രിസ്ത്യൻ വിവാഹവും ( മതം പ്രസക്തമല്ല, ഏത് മതത്തിലും ഇതൊക്കെ തന്നെ സംഭവിക്കുന്നത് ) അനുബന്ധ നൂലാമാലകളുമാണ് പ്രമേയം... രണ്ട് മണിക്കൂർ ഓർത്തോർത്തു ചിരിക്കാനുള്ള വക തരുന്നുണ്ട് എല്ലാ അഭിനേതാക്കളും സന്ദർഭങ്ങളും.. socially relevant ആയുള്ള രസികൻ സബ്ജെക്ട്സ് മാത്രം തേടിപ്പിടിച്ചു ചെയ്യുന്ന സഞ്ജു ഉണ്ണിത്താന് ഇരിക്കട്ടെ ആദ്യത്തെ കയ്യടി. ജീവിതത്തിലെ ചില തെറ്റുകൾ ശരിയായും വലിയ ശരികൾ തെറ്റായും മാറുന്നതിന്റെ രസച്ചരട് അനുഭവിച്ചു തന്നെ അറിയണം...
Ps: ഒരു ലോഡ് കുരുക്കൾ പൊട്ടാൻ സാധ്യതയുള്ള സൊയമ്പൻ വിഷയം