സാമൂഹ്യനീതിക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പാർട്ടികളിൽ ജാതിയുടെ അടിസ്ഥാനത്തിലുള്ള അസമത്വങ്ങൾ എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് 'മാമന്നൻ' വരച്ചുകാട്ടുന്നുയെന്ന് സംവിധായകൻ പാ രഞ്ജിത്ത്. സിനിമയെ അഭിനന്ദിച്ച സംവിധായകൻ, ഡിഎംകെ പാർട്ടിയിൽ ഉള്ള ജാതി വിവേചനത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിന് ബോധ്യമുണ്ടാകുമെന്നും അത് ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ ഈ സിനിമയിലൂടെ അദ്ദേഹം ആരംഭിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പാ രഞ്ജിത്തിന്റെ ട്വീറ്റിന്റെ പൂർണ്ണ രൂപം :
'സാമൂഹ്യനീതിക്ക് വേണ്ടി നിലകൊള്ളുന്നതായി അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികളിൽ, ജാതിയുടെ അടിസ്ഥാനത്തിലുള്ള അസമത്വങ്ങൾ എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് 'മാമന്നൻ' വരച്ചുകാട്ടുന്നു. ഒരു നിയോജക മണ്ഡലത്തിലുള്ള എം എൽ എമാരുടെ ശരിക്കുള്ള ശക്തി എന്താണ് ? എന്തുകൊണ്ടാണ് ആളുകൾ അവരുടെ പ്രശ്നങ്ങൾ പറയാൻ ഭയപ്പെടുന്നത്? സാമൂഹ്യനീതിക്ക് വേണ്ടി വാദിക്കുന്ന രാഷ്ട്രീയ പാർട്ടികൾ എന്തുകൊണ്ടാണ് മൗനവുമായി ഇരിക്കുന്നത്. അവരെ ശരിയായി അംഗീകരിക്കുകയും ശാക്തീകരിക്കുകയും അവരുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പിക്കുകയും ചെയ്തിട്ടുണ്ടോ? അതിന്റെ തെളിവാണ് മാമന്നൻ. മികച്ചൊരു നിർമ്മാതാവും നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ഡിഎംകെ പാർട്ടിയിൽ ഇപ്പോഴും വലിയ വെല്ലുവിളിയായി നിലനിൽക്കുന്ന ജാതി വിവേചനത്തെക്കുറിച്ച് ബോധ്യമുണ്ടാകും അത് ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ ഈ സിനിമയിലൂടെ അദ്ദേഹം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.
മാമന്നനെ അഭിനന്ദിച്ചതിന് നന്ദിയെന്നും ഡിഎംകെ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ, വിവിധ നിയമങ്ങളിലൂടെയും പരിപാടികളിലൂടെയും സാമൂഹ്യനീതി സംരക്ഷിക്കുമെന്നും ഉദയനിധി സ്റ്റാലിൻ പാ രഞ്ജിത്തിന് മറുപടിയായി ട്വിറ്ററിൽ കുറിച്ചു. ജാതി അടിച്ചമർത്തലും അസമത്വവും സംഘടനയ്ക്കുള്ളിൽ മാത്രമല്ല, ഏത് പാർട്ടിക്കുള്ളിൽ നിന്നും തുടച്ചുനീക്കപ്പെടണം. എല്ലാ വ്യക്തികൾക്കും ആത്മാഭിമാനം ഉറപ്പാക്കാനുള്ള ഡിഎംകെയുടെ പ്രതിബദ്ധതയും പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്താനുള്ള പാർട്ടിയുടെ ശ്രമങ്ങളെ ഉയർത്തിക്കാട്ടുകയും ഉദയനിധി സ്റ്റാലിൻ ചെയ്തു.`പരാശക്തി' മുതൽ `മാമന്നൻ' വരെ തങ്ങൾ കലാരൂപങ്ങളിലൂടെ സാമൂഹിക നീതിയെ തുടർച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദയനിധി ട്വിറ്ററിൽ കുറിച്ചു.
ഉദയനിധി സ്റ്റാലിന്റെ ട്വീറ്റിന്റെ പൂർണ്ണ രൂപം :
മാമന്നനെ അഭിനന്ദിച്ചതിനു പാ രഞ്ജിത്തിന് നന്ദി. ജാതി അടിച്ചമർത്തലും അസമത്വവും സംഘടനയ്ക്കുള്ളിൽ മാത്രമല്ല, ഏത് പാർട്ടിക്കുള്ളിൽ നിന്നും തുടച്ചുനീക്കപ്പെടണം. എല്ലാവരുടെയും ആത്മാഭിമാനം ഉറപ്പാക്കാൻ അസോസിയേഷൻ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നുണ്ട്. സർക്കാർ ചുമതലയേൽക്കുമ്പോഴെല്ലാം, സർക്കാർ നിയമങ്ങളുടെയും പരിപാടികളുടെയും രൂപത്തിൽ സാമൂഹികനീതി ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ രാഷ്ട്രീയ തലത്തിൽ നിരന്തരം പോരാടുകയും ചെയ്യുന്നു.വർഷങ്ങളായി തുടരുന്ന അസമത്വം എന്ന അനാചാരത്തിനെതിരെ ഒരു നൂറ്റാണ്ടിന്റെ പോരാട്ടം പിന്നിട്ടു കഴിഞ്ഞു. .ഈ യാത്രയിൽ ഇപ്പോൾ അസോസിയേഷനിലും എന്നിലും വിശ്വാസമർപ്പിക്കുന്ന സഹോദരൻ രഞ്ജിത്തിന് നന്ദി.സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരൊറ്റ സിനിമയ്ക്ക് കഴിയില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. ആളുകളുമായി നിരന്തരം ഇടപഴകുന്നതിലൂടെ ഈ മാറ്റം സാധ്യമാണ്.
മാരി സെൽവരാജ് സംവിധാനം ചെയ്ത് വടിവേലു,ഫഹദ് ഫാസിൽ, കീർത്തി സുരേഷ്, ഉദയനിധി സ്റ്റാലിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'മാമന്നൻ'. ജൂൺ 29ന് റീലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് സംവിധായകൻ മാരി സെൽവരാജിന് നിർമാതാവ് ഉദയനിധി സ്റ്റാലിൻ മിനി കൂപ്പർ കാർ സമ്മാനമായി നൽകിയിരുന്നു. 'മാമന്നൻ' ഏതു പോയിന്റ്റിൽ നിന്നാണോ തുടങ്ങിയത് അവിടെ തന്നെ നിന്നുകൊണ്ട് വളരെ മികച്ചതാക്കി സമൂഹത്തിനോട് പറയാൻ പറ്റിയെന്നും അതിന് ഉദയനിധി സ്റ്റാലിൻ സാറിനോടുള്ള നന്ദിയും സ്നേഹവും താൻ അറിയിക്കുന്നു എന്ന് മാരി സെൽവരാജ് തന്റെ ട്വിറ്ററിൽ കുറിച്ചിരുന്നു.
ഉദയനിധി സ്റ്റാലിന്റെ കീഴിലുള്ള റെഡ് ജയന്റ് മൂവിസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കും 'മാമന്നന്‍' എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മാരി സെല്‍വരാജിന്റെ മുന്‍ ചിത്രങ്ങളായ 'പരിയേറും പെരുമാൾ', 'കർണ്ണൻ' പോലെ തന്നെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണ് മാമന്നൻ. രത്നവേലു എന്ന വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍ ആണ്. മാരി സെല്‍വരാജിന്റെ 'പരിയേറും പെരുമാളും', 'കര്‍ണ്ണനും' എഡിറ്റ് ചെയ്തിട്ടുള്ള സെല്‍വയാണ് 'മാമന്നന്റെ'യും എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. കലാസംവിധാനം ദിലീപ് സുബ്ബരയ്യയും കൈകാര്യം ചെയ്യുന്നു.