ആഗോള തലത്തിൽ അംഗീകാരവുമായി പാ രഞ്ജിത് - രജിനികാന്ത് ചിത്രം കാല. ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സൈറ്റ് ആൻഡ് സൗണ്ട് മാസികയുടെ ഈ നൂറ്റാണ്ടിലെ മികച്ച 25 ചിത്രങ്ങളുടെ പട്ടികയിലാണ് കാല ഇടം നേടിയത്. ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സൈറ്റ് ആൻഡ് സൗണ്ട് സമ്മർ ഇഷ്യൂ മാഗസിൻ 2024-ൻ്റെ ഭാഗമായി തയ്യാറാക്കിയ ലിസ്റ്റാണ് ഇത്. ഓൾഡ് ബോയ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിവൈൻ ഇൻറർവെൻഷൻ തുടങ്ങി ആഗോളതലത്തിൽ ശ്രദ്ധ നേടിയ ചിത്രങ്ങൾക്കൊപ്പമാണ് കാല ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും ഇതാണ്.
2018 ൽ രജിനികാന്തിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രമായിരുന്നു കാല. ചിത്രത്തിൽ മുംബെെയിലെ ദാരാവിയിൽ താമസിക്കുന്ന അടിച്ചമർത്തപ്പെട്ടവരുടെ നേതാവായ കരികാലൻ എന്ന കഥാപാത്രത്തെയാണ് രജിനി കാലയിൽ അവതരിപ്പിച്ചത്. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസിലും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായം നേടിയിരുന്നു.