Film News

മികച്ച പ്രതികരണങ്ങളുമായി സുബീഷ് സുബിയുടെ 'ഒരു സർക്കാർ ഉത്പന്നം' തിയറ്ററുകളിൽ

സുബീഷ് സുധി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ഒരു സർക്കാർ ഉത്പന്നം. തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായം നേടുന്ന ചിത്രം മലയാള സിനിമയിൽ ആദ്യമായി പുരുഷവന്ധ്യകരണം പ്രമേയമാകുന്ന ചിത്രമാണ്. നിസാം റാവുത്തർ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം വാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.വി കൃഷ്ണൻ തുരുത്തി, ര‍ഞ്ജിത്ത് ജ​ഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവരാണ് നിർമിക്കുന്നത്. സോഷ്യൽ മീഡിയയിലും സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കോടികൾ ധൂർത്തടിച്ച് ബോക്സോഫീസിൽ തകർത്താടുകയും അധിക പക്ഷവും തകർന്നടിയുകയും ചെയ്യുന്ന എമണ്ടൻ സിനിമകൾക്കിടയിലൂടെ അവയിലൊന്നും പെടാതെ തൻ്റേതായ വഴിയിലൂടെ അന്തസ്സോടെ നെഞ്ച് വിരിച്ച് നടക്കാനുള്ള കലാത്മകമായ കരുത്ത് ഈ സിനിമക്കുണ്ടെന്നാണ് ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രത്തെക്കുറിച്ച് മുമ്പ് എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനം പറഞ്ഞത്.

സന്തോഷ് ഏച്ചിക്കാനം എഴുതിയത്

പൊട്ടിച്ചിരിയുമായി ഭാരതം ചൈനയെ തോൽപ്പിച്ച കഥ - ഒരു സർക്കാർ ഉൽപ്പന്നം എന്ന സിനിമയുടെ പരസ്യ വാചകം തന്നെ അങ്ങനെയാണ്.

ഈ രണ്ട് രാജ്യങ്ങളും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വലിയ പ്രശ്നത്തെ നർമ്മത്തിൽ ചാലിച്ച് രണ്ട് മണിക്കൂർ ബോറടിക്കാത്ത രീതിയിൽ അയത്നലളിതമായി പറഞ്ഞു തീർത്തതിന് ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആദ്യം തന്നെ ഒരു നിറഞ്ഞ കൈയ്യടി.

താര ബാഹുല്യങ്ങളില്ലാതെ, മലയാളത്തിൽ കുറേ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച സുബീഷ് എന്ന നടനെ നായകനാക്കി വെച്ച് ചെയ്ത ഈ സിനിമ അത് കൈകാര്യം ചെയ്ത വിഷയത്തിൻ്റെ പേരിൽ നാളെ വലിയൊരു സിനിമയായി അറിയപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

സ്നേഹത്തെപ്പോലും വെറും ഉൽപ്പന്നമായി മാത്രം കാണുന്ന ഒരു സമൂഹത്തിനോട് കച്ചവടത്തോടൊപ്പം ഇച്ചിരി കാര്യങ്ങളും കൂടി പറയാനുളളതാണ് ഓരോ കലാസൃഷ്ടിയും എന്ന് ഈ സിനിമ ഓർമ്മിപ്പിക്കുന്നു.

തുരുത്തി എന്ന കാസർകോടൻ ഗ്രാമത്തിലെ ഒരു പറ്റം സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ ആഴത്തിൽ തൊട്ടറിയാൻ സംവിധായനു സാധിച്ചിട്ടുണ്ട്. ദൃശ്യഭംഗി കൊണ്ട് ഛായാഗ്രഹകനും.നടീനടന്മാർ അവരവരുടെ റോളുകൾ അഭിനയ ചതുരി കൊണ്ട് അവിസ്മരണീയമാക്കി.

ദിനം പ്രതി അരാഷ്ടീയവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങൾക്ക് മേൽ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ

വ്യക്തമാക്കുന്ന ഈ ഉൽപ്പന്നം കേരളത്തിലെ കുടുംബ പ്രേക്ഷകരെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും. കോടികൾ ധൂർത്തടിച്ച് ബോക്സോഫീസിൽ തകർത്താടുകയും അധിക പക്ഷവും തകർന്നടിയുകയും ചെയ്യുന്ന എമണ്ടൻ സിനിമകൾക്കിടയിലൂടെഅവയിലൊന്നും പെടാതെ തൻ്റേതായ വഴിയിലൂടെ അന്തസ്സോടെ നെഞ്ച് വിരിച്ച് നടക്കാനുള്ള കലാത്മകമായ കരുത്ത് ഈ സിനിമക്കുണ്ട്.

വ്യക്തിപരമായി പറഞ്ഞാൽ ഞാൻ മുടക്കിയ 225 രൂപ എനിക്ക് മുതലായിട്ടുണ്ട്. കൂടുതലൊന്നും പറയാനില്ല.

നന്ദി .നമസ്കാരം.

സിനിമ താരങ്ങളായ രമേഷ് പിഷാരടി, സന്തോഷ് കീഴാറ്റൂർ, സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ജിസ് ജോയ്, ​ഗായകൻ അലോഷി തുടങ്ങിയവരും സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT