തന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കി പെൺകുട്ടികൾക്ക് സിനിമാ ഓഫറുകൾ നൽകുന്ന വ്യാജ വാട്സാപ്പ് നമ്പറിനെതിരെ സംവിധായകൻ ഒമർ ലുലു. അരുന്ദതി നായർ, സൗമ്യ മേനോൻ എന്നിവരുടെ നമ്പറുകളിലേയ്ക്ക് വ്യാജ പ്രൊഫൈലിൽ നിന്നും മെസേജുകൾ വന്നതായി ഒമർ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സംഭവത്തിൽ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും ഇത്തരം വ്യാജ സന്ദേശങ്ങൾക്ക് താനോ തന്റെ പ്രൊഡക്ഷൻ ഹൗസോ ഉത്തരവാദികളായിരിക്കുന്നതല്ലെന്നും ഒമർ വ്യക്തമാക്കി. വ്യാജ പ്രൊഫൈലിന്റെ സ്ക്രീൻഷോർട് സഹിതമാണ് പോസ്റ്റ്.
'എന്റെ ഫോട്ടോ ഡിപി ഇട്ടുകൊണ്ട് ഒരു യുഎസ് നമ്പറിൽ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെൺകുട്ടികൾക്ക് സിനിമയിലേയ്ക്ക് ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. @arundhathii_nairr @soumyamenonofficial തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകൾ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ നിയമനടപടിയെടുക്കുകയാണ്. ഇത്തരത്തിൽ വരുന്ന മെസേജുകൾക്കോ, കാസ്റ്റിംഗ് കോളുകൾക്കോ ഞാനോ ഒമർ ലുലു എന്റർടൈൻമെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല', ഒമർ ലുലുവിന്റെ കുറിപ്പിൽ പറയുന്നു.
സംവിധായകരുടെ ചിത്രങ്ങളും മറ്റും ദുരുപയോഗം ചെയ്യുന്ന വ്യാജ കാസ്റ്റിങ് കോൾ തട്ടിപ്പുകൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. ഇത്തരക്കാരുടെ കെണിയിൽ വീഴാതിരിക്കാൻ സിനിമാ സംഘടന ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു.