Film News

'ഡീഗ്രേഡിങ് നടത്തുന്നതിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങൾ' ; ലിജോയുടെ മാനസിക സമ്മർദ്ദം ആരും മനസ്സിലാക്കുന്നില്ലെന്ന് ഷിബു ബേബി ജോൺ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബനെതിരെ ഉണ്ടാകുന്ന വ്യാപക റിവ്യൂ ബോംബിങ്ങിൽ പ്രതികരിച്ച് നിർമാതാവ് ഷിബു ബേബി ജോൺ. പല രാഷ്ട്രീയ താല്പര്യങ്ങളും ഈ ഡീഗ്രേഡിങ് നടത്തുന്ന വ്യക്തികളുടെ പശ്ചാത്തലത്തിലുണ്ട്. ലിജോയെ എല്ലാവരും വലിച്ച് കീറുമ്പോൾ അദ്ദേഹത്തിന് ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും വേദനയും ഇവരാരും മനസ്സിലാക്കുന്നില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഒന്നരവർഷം കഷ്ട്ടപെട്ട് എടുത്ത സിനിമ ചിലർക്ക് ഇഷ്ട്ടപെട്ടില്ലായിരിക്കാം അതിന് വേണ്ടി ഒരാളെ ഇല്ലായ്മ ചെയ്യുന്ന നിലയിലേക്ക് പോകേണ്ട കാര്യമുണ്ടോ. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദത്തിന്റെ ആഴം അളക്കാനാവില്ല. അവരുടെ പേരിൽ ആരെങ്കിൽ സിനിമയെ തകർക്കാൻ ശ്രമിച്ചാൽ അവർ വിഡ്ഡികളാണെന്നും ഷിബു ബേബി ജോൺ മനോരമ ന്യൂസിനോട് പറഞ്ഞു.

ഷിബു ബേബി ജോൺ പറഞ്ഞത് :

രാഷ്ട്രീയത്തിൽ ഇത് അനുഭവിച്ചയാളാണ് ഞാൻ സിനിമയിലും ഇത് ഉണ്ട് എന്ന് മനസ്സിലാക്കിയതിന്റെ വിഷമമുണ്ട്. വളരെ പ്രതികൂലമായേക്കുമെന്ന് ഒരു ഘട്ടത്തിൽ ഭയന്നു അതുപോലെയാണ് ആദ്യ ദിനങ്ങളിൽ റിവ്യൂ ബോംബിങ് നടന്നത്. പക്ഷെ അത് മാറി നല്ലൊരു സിനിമ എന്ന അഭിപ്രായം വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇതിനെ നിയമം കൊണ്ട് തടയിടാൻ പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അഭിപ്രായം പറയുക എന്നത് നമ്മുടെ അവകാശമാണ്. പക്ഷെ അത് പറയുമ്പോൾ എനിക്ക് ഇഷ്ട്ടപെട്ടില്ല എന്ന് പറയുന്നതും കൊല്ലാൻ ശ്രമിക്കുന്നതും രണ്ടാണ്. പല രാഷ്ട്രീയ താല്പര്യങ്ങളും മറ്റ് താല്പര്യങ്ങളും ഈ ഡീഗ്രേഡിങ് നടത്തുന്ന വ്യക്തികളുടെ പശ്ചാത്തലത്തിലുണ്ട്. മമ്മൂക്കയുടെ എല്ലാ പരീക്ഷണങ്ങളെയും അദ്ദേഹത്തെ ഇഷ്ട്ടമുള്ളവർ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ ലാലിനെ ഇഷ്ട്ടമുള്ളവർ അദ്ദേഹം ഒരു പ്രത്യേക തരത്തിൽ പരിമിതപ്പെടണം എന്ന് വിചാരിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. 40 വർഷമായി എനിക്ക് ലാലിനെ പരിചയം. ഈ വർഷത്തിനിടെ മമ്മൂക്കയെ കുറിച്ച് മോശമായ ഒരു വാക്ക് എന്റെയടുത്തും പറഞ്ഞിട്ടില്ല എന്റെ സാനിധ്യത്തിൽ ഒരാളുടെയടുത്ത് പറഞ്ഞത് കേട്ടിട്ടില്ല. അവർ തമ്മിൽ ആ റെസ്‌പെക്ട് ഉണ്ട്. അവരുടെ പേരിൽ ആരെങ്കിൽ സിനിമയെ തകർക്കാൻ ശ്രമിച്ചാൽ അവർ വിഡ്ഡികളാണ്.

ഷൂട്ടിംഗ് ആരംഭിച്ച മുതൽ അവസാന വർക്ക് തീരുന്നത് വരെ ലിജോ അനുഭവിച്ച ടെൻഷൻ ഞാൻ കണ്ടതാണ്. ഒരു മോശം സിനിമയെടുക്കാൻ അദ്ദേഹം ടെൻഷൻ അടിക്കേണ്ട കാര്യമില്ലല്ലോ. അങ്ങനെയൊരു വ്യക്തിയെ എല്ലാവരും വലിച്ച് കീറുമ്പോൾ ഉണ്ടാകുന്ന മാനസികമായ ഒരു സമ്മർദ്ദം, അദ്ദേഹത്തിനുള്ള വേദന ഇവരാരും മനസ്സിലാക്കുന്നില്ല. ഒന്നരവർഷം കഷ്ട്ടപെട്ടു എടുത്ത സിനിമ ചിലർക്ക് ഇഷ്ട്ടപെട്ടില്ലായിരിക്കാം അതിന് വേണ്ടി ഒരാളെ ഇല്ലായ്മ ചെയ്യുന്ന നിലയിലേക്ക് പോകേണ്ട കാര്യമുണ്ടോ ?

ജനുവരി 25ന് പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കൂട്ടം കൂടിയിരുന്ന് മുത്തശ്ശിക്കഥ കേൾക്കുന്ന ബാല്യകാലത്തിന്റെ ഓർമ്മയ്ക്കും അത് അനുഭവിക്കാൻ സാധിക്കാത്ത കുട്ടികൾക്കും ഇനി വരാനിരിക്കുന്ന തലമുറയിലെ കുട്ടികൾക്കും വേണ്ടി താൻ കൊടുത്ത ഒരു ട്രിബ്യൂട്ടാണ് വാലിബൻ എന്നും നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നും ലിജോ ചിത്രത്തിനോട് അനുബന്ധിച്ചുള്ള പ്രെസ്സ് മീറ്റിൽ പറഞ്ഞു. മലൈക്കോട്ടൈ വാലിബൻ ഒരു അബദ്ധമല്ലെന്നും ലിജോ കൂട്ടിച്ചേർത്തു.

ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സേട്ട്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT