കൊവിഡ് ഏതാണ്ട് ഒരു വര്‍ഷത്തോളം സിനിമാ മേഖല സ്തംഭിപ്പിച്ചപ്പോള്‍ അറുന്നൂറ് കോടിക്ക് മുകളിലായിരുന്നു ചലച്ചിത്ര വ്യവസായത്തിനുണ്ടായ അപ്രതീക്ഷിത സാമ്പത്തിക നഷ്ടം. 2021 ജനുവരി മുതല്‍ കൊവിഡ് നിയന്ത്രണങ്ങളോടെ അമ്പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയറ്ററുകള്‍ തുറന്നെങ്കിലും സെക്കന്‍ഡ് ഷോ അനുവദിച്ചിരുന്നില്ല. സെക്കന്‍ഡ് ഷോ ഇനിയും പുനരാരംഭിക്കാതെ ചലച്ചിത്ര മേഖലക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് സിനിമാ സംഘടനകള്‍ വ്യക്തമാക്കുന്നത്.
തിയറ്റര്‍ കളക്ഷനില്‍ നിര്‍ണായകമെന്ന് കരുതുന്ന വാരാന്ത്യത്തില്‍ ഉള്‍പ്പെടെ കുടുംബ പ്രേക്ഷകരെ പ്രതീക്ഷിക്കുന്നത് സെക്കന്‍ഡ് ഷോയ്ക്കാണ്. സെക്കന്‍ഡ് ഷോ പുനരാരംഭിക്കാത്തത് മൂലം കൂട്ടത്തോടെ റിലീസുകള്‍ മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളും വിതരണക്കാരും. ഫെബ്രുവരി റിലീസുകള്‍ ഇതിനോടകം തന്നെ മാര്‍ച്ചിലേക്ക് മാറ്റിയിരുന്നു.
സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് സിനിമാ മന്ത്രി എ.കെ.ബാലന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം നീളുകയാണെന്ന് സിനിമാ സംഘടനകള്‍. ഫിലിം ചേംബറും തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്കും മുഖ്യമന്ത്രിക്ക് ഇക്കാര്യം വിശദീകരിച്ച് കത്ത് നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തേക്ക് അനുവദിച്ച വിനോദ നികുതി ഇളവ് മാര്‍ച്ച് 31ന് ശേഷവും തുടരണമെന്നും സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നുമാണ് കത്തിലെ ആവശ്യം. എങ്കില്‍ മാത്രമേ മാര്‍ച്ച് റിലീസ് സാധ്യമാകൂ എന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്.
രാവിലെ 9മുതല്‍ രാത്രി 9വരെ മാത്രമേ സിനിമാ പ്രദര്‍ശനം അനുവദിക്കൂ എന്ന തീരുമാനം ചലച്ചിത്ര മേഖലയെ രൂക്ഷ പ്രതിസന്ധിയിലെത്തിച്ചെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍. മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം 'ദി പ്രീസ്റ്റ്', ബിജു മേനോന്‍ പാര്‍വതി ചിത്രം 'ആര്‍ക്കറിയാം', 'വര്‍ത്തമാനം', 'മോഹന്‍കുമാര്‍ ഫാന്‍സ്', 'അജഗജാന്തരം' എന്നിവ മാര്‍ച്ച് റിലീസായി അനൗണ്‍സ് ചെയ്തിരുന്നതാണ്. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ മാര്‍ച്ചില്‍ ഈ സിനിമകളെല്ലാം റിലീസ് സാധ്യമല്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. കനത്ത വരുമാന നഷ്ടത്തോടെ അമ്പത് ശതമാനം സീറ്റില്‍ പ്രദര്‍ശനം തുടരുന്നത് തിയറ്ററുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.