രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമാകുന്ന 'ന്നാ താന്‍ കേസ് കൊട്' നാളെ തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. നാട്ടിന്‍ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറില്‍ കാണിച്ചിരിക്കുന്ന കോടതി മുറി സെറ്റിട്ടതാണെന്ന് സംവിധായകന്‍ രതീഷ് ദ ക്യുവിനോട് പറഞ്ഞിരുന്നു. ചിത്രത്തില്‍ വക്കീലന്‍മാരുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് യഥാര്‍ത്ഥ വക്കീലന്‍മാര്‍ തന്നെയാണ്. അവര്‍ തന്നെയാണ് കോടതി മുറി ഡിസൈന്‍ ചെയ്യാന്‍ സഹായിച്ചതെന്നും രതീഷ് പറഞ്ഞിരുന്നു.
സിനിമയുടെ പോസ്റ്റര്‍ റിലീസ് മുതല്‍ തന്നെ ചാക്കോച്ചന്റെ രാജീവന്‍ എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന പാട്ടിന് ചാക്കോച്ചന്‍ ഡാന്‍സ് കളിക്കുന്നതും സമൂഹമാധ്യമത്തില്‍ തരംഗം സൃഷ്ടിച്ചിരുന്നു. മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ദേവദൂതര്‍ പാടി എന്ന ഗാനമാണ് 'ന്നാ താന്‍ കേസ് കൊടി'ന് വേണ്ടി പുനരാവിഷ്‌കരിച്ചത്. ബിജു നാരായണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. 'വിക്രം, സൂപ്പര്‍ ഡീലക്സ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് താരം ഗായത്രി ശങ്കറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനി'ലും 'കനകം കാമിനി കലഹ'ത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.