ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പത്ര പരസ്യത്തിലെ തലവാചകം ആര്‍ക്കെങ്കിലും കൊള്ളുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശ്‌നമാണെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍. ന്നാ താന്‍ കേസ് കൊട് എന്ന സിനിമ നീതിന്യായ വ്യവസ്ഥയില്‍ നിന്ന് സാധാരണക്കാരന് എത്രമാത്രം നീതി ലഭിക്കും എന്ന വിഷയമാണ് ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നം സംസാരിക്കുന്ന സിനിമയാണ്, അതുകൊണ്ടാണ് അവര്‍ ഏറ്റെടുത്തത്. റിപ്പോര്‍ട്ടര്‍ ചാനലിലാണ് പ്രതികരണം.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞത്
റോഡിലെ കുഴിയെ കുറിച്ച് പറയുന്ന പോസ്റ്റര്‍ ആര്‍ക്കെങ്കിലും കൊള്ളുന്നുണ്ടെങ്കില്‍ കൊള്ളട്ടെ. ഇടതുപക്ഷ സഹയാത്രികനാണ് ഞാന്‍. ആ പോസ്റ്ററിന് പിന്നില്‍ വിവാദമുണ്ടാക്കി സൈബര്‍ പോരാളികള്‍ ഏറ്റെടുക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. ഞാന്‍ വിശ്വസിക്കുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആ സമയത്ത് റോഡില്‍ തകരാര്‍ ഉണ്ടെങ്കില്‍ അത് പറയാനുള്ള അവകാശം എനിക്കുണ്ട്. അത് എന്റെ സിനിമയിലും, എന്റെ പോസ്റ്ററിലും ഉണ്ടാകും. ആ പോസ്റ്റര്‍ ആര്‍ക്കെങ്കിലും വേദനിക്കുന്നുണ്ടെങ്കില്‍ അവര്‍ പടം കാണണ്ട.