വരിക്കാശ്ശേരി മനയിൽ ഇത്തവണ മോഹൻലാൽ എത്തിയത് മംഗലശ്ശേരി നീലകണ്ഠനോ ഇന്ദുചൂഢനോ ആയിട്ടല്ല, നെയ്യാറ്റിൻകര ഗോപനായാണ്. മുണ്ടും ഷർട്ടുമണിഞ്ഞ് കാലിന്മേൽ കാൽ കയറ്റിവെച്ചിരിക്കുന്ന, ലൊക്കേഷനിൽ നിന്നുളള താരത്തിന്റെ ചിത്രം ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവച്ചത്. 'ആറാട്ട്' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി വരിക്കാശ്ശേരി മനയിൽ എത്തിയതാണ് താരം.
പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ മാസ് ആക്ഷന്‍ ഹീറോയായി എത്തുന്ന ആറാട്ട് ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്നത്. വിജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും രാഹുല്‍ രാജ് സംഗീതസംവിധാനവും. ജോസഫ് നെല്ലിക്കല്‍ പ്രൊഡക്ഷന്‍ ഡിസൈനും ഷാജി നടുവില്‍ ആര്‍ട്ട് ഡയറക്ഷനും.
നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഹ്യൂമറിനും ആക്ഷനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രം. സ്റ്റെഫി സേവ്യര്‍ ആണ് കോസ്റ്റിയൂംസ്. ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരാണ് ഗാനരചന.