പത്മരാജൻ ചിത്രം 'തൂവാനത്തുമ്പികളി'ലെ ക്ലാര, സുമലത എന്ന നായികയെ മലയാളികൾ ഓർക്കുന്നത് ക്ലാരയിലൂടെയാണ്. ബോക്സ് ഓഫീസിൽ പരാജയമായിരുന്നെങ്കിലും ഏറെ അംഗീകരിക്കപ്പെട്ട സിനിമകളിലൊന്നാണ് 'തൂവാനത്തുമ്പികൾ'. മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്ന അനേകം സിനിമകളിൽ നായികയായിട്ടും ഇന്നും മലയാളികൾ തന്നെ ഓർമ്മിക്കുന്നത് ക്ലാര എന്ന കഥാപാത്രത്തിലൂടെയാണെന്ന് സുമലത പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുമലത പത്മരാജൻ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ചത്.
'മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യാനാണ് സംവിധായകൻ പത്മരാജൻ ആദ്യം എന്നെ സമീപിക്കുന്നത്. പക്ഷെ അന്നെനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് അദ്ദേഹം 'തൂവാനത്തുമ്പികളി'ലേയ്ക്ക് വിളിച്ചപ്പോൾ ഞാൻ ഉടനെ സമ്മതിച്ചു. അദ്ദേഹവുമൊത്ത് വർക്ക് ചെയ്യാൻ വളരെ എളുപ്പമായിരുന്നു, തനിക്കാവശ്യമുള്ളത് എന്താണെന്ന് കൃത്യമായി പറഞ്ഞുതരാൻ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. ബാക്കിയുള്ളത് നമ്മുടേതാണ്. മലയാളികൾക്ക് ഒഴിവാക്കാനാകാത്ത ഒന്നായി ഈ സിനിമ മാറുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. അക്കാലത്ത്, ഈ സിനിമയെ ഇപ്പോഴത്തേതുപോലെ സ്വീകരിച്ചിട്ടില്ല. ഒരേ സമയമാണ് 'ന്യൂഡൽഹി'യും 'തൂവാനത്തുമ്പികളും' റിലീസ് ചെയ്തത്. 'ന്യൂഡൽഹി' ബോക്സ് ഓഫീസ് ഹിറ്റായി മാറിയെങ്കിലും 'തുവാനത്തുമ്പികൾ' വിജയിച്ചില്ല.' സുമലത പറയുന്നു.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഇരുന്നൂറ്റി ഇരുപതോളം ചിത്രങ്ങളില്‍ സുമലത അഭിനയിച്ചു. എണ്‍പതുകളിലെ മലയാളത്തിന്റെ ഹിറ്റ് നായിക ആയിരിക്കെ ബോളിവുഡിലും ഒരുപോലെ തിളങ്ങി.