രണ്ട് മണിക്കൂര്‍ 47 മിനുട്ട് ദൈര്‍ഘ്യം, തുടക്കം മുതല്‍ ക്ലൈമാക്സ് വരെ പല ലെവല്‍ ആക്ഷന്‍ സീനുകള്‍. നന്ദാമൂരി ബാലകൃഷ്ണയെന്ന തെലുങ്ക് മെഗാസ്റ്റാര്‍ ബാലയ്യയെ നായകനാക്കി ബോയപട്ടി ശ്രീനു സംവിധാനം ചെയ്ത അഖണ്ഡ ഹോട്ട്സ്റ്റാര്‍ വഴി പുറത്തുവന്നതിന് പിന്നാലെ 'ട്വിറ്റര്‍ പിടിച്ചെടുത്തിരി'ക്കുകയാണ് ബാലയ്യ ഫാന്‍സ്. ഡിസംബര്‍ 2ന് തിയറ്ററിലെത്തിയ അഖണ്ഡ 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.
സിനിമയിലെ മിക്ക ഫൈറ്റ് രംഗങ്ങളുടെയും സ്‌ക്രീന്‍ റെക്കോര്‍ഡും സ്‌ക്രീന്‍ ഷോട്ടും വീഡിയോയും ട്വിറ്ററില്‍ പ്രചരിപ്പിക്കുന്നുണ്ട് ബാലയ്യ ഫാന്‍സ്. സിനിമയില്‍ ലോജിക് എവിടെയെന്ന് അന്വേഷിക്കുന്നവര്‍ക്ക് ട്രോളുകളിലാണ് മറുപടി. സിനിമയില്‍ എത്ര ഫൈറ്റ് ഉണ്ടെന്ന ചോദ്യത്തിന് സിനിമ മൊത്തം ഫൈറ്റാണെന്ന് മറുപടി. കാറ്റിലും തീയിലും മണ്ണിലും വിണ്ണിലും വെള്ളത്തിലുമെല്ലാം ബാലയ്യ വില്ലന്‍മാരെ അടിച്ചുപറത്തുന്നുണ്ടെന്ന് ഫാന്‍സ് തിയറി. എസ് തമന്‍ ഒരുക്കിയ ബിജിഎം ആണ് ബാലയ്യയെയും സിനിമയെയും വേറെ ലെവലിലെത്തിച്ചെന്നും ആരാധകര്‍ ട്വീറ്റ് ചെയ്യുന്നു
അടുത്തിടെയാണ് ചിത്രം തിയേറ്ററില്‍ 50 ദിവസം പൂര്‍ത്തിയാക്കിയത്. വ്യഴാഴ്ച്ചയോടെ ചിത്രം 190 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. സിനിമ നിലവില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുന്നുണ്ടെങ്കിലും ബാലയ്യ ഫാന്‍സ് വീണ്ടും തിയേറ്ററില്‍ സിനിമ കാണാന്‍ എത്തുന്നുണ്ട്.
ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ദ്വാരക ക്രിയേഷന്‍സാണ്. പ്രയാഗ ജെയ്‌സവാള്‍ ആയിരുന്നു ചിത്രത്തില്‍ ബാലയ്യയുടെ നായിക. ശ്രീകാന്ത്, പൂര്‍ണ്ണ, സുബ്ബരാജു, വിജി ചന്ദ്രശേഖര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു.