തന്റെ അഭിനയജീവിതത്തിലെ ആദ്യത്തെ പ്രതിഫലം 2000 രൂപയായിരുന്നുവെന്നും, അതില്‍ വാപ്പച്ചിക്കോ നെപ്പോട്ടിസത്തിനോ യാതൊരു പങ്കുമില്ലായിരുന്നുവെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പത്താമത്തെ വയസ്സില്‍ രാജീവ് മേനോന്‍ ചെയ്ത ഒരു പരസ്യത്തിന് വേണ്ടി സ്‌കൂളില്‍ നിന്ന് കുട്ടികളെ തെരഞ്ഞെടുത്തിരുന്നു. അങ്ങനെ തന്നെയും സെലക്ട് ചെയ്യുകയായിരുന്നു. 2000 രൂപയാണ് അന്ന് ലഭിച്ചതെന്നും അത് തനിക്ക് രണ്ട് കോടി കിട്ടിയത് പോലെയായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. കേളി ടെയിൽസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖര്‍ തന്റെ ആദ്യ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചത്.
കിട്ടിയ പ്രതിഫലത്തില്‍ നിന്ന് 500 രൂപ എന്റെ ഗ്രാന്‍ഡ് പാരന്റ്‌സിനു നല്‍കിയിട്ട് ബാക്കി ഉമ്മിച്ചിയെ ഏല്‍പ്പിച്ചിരുന്നു. പിന്നീട് പുറത്തെവിടെയെങ്കിലും പോകുമ്പോള്‍ എന്തെങ്കിലും സാധനമൊക്കെ ചൂണ്ടി കാണിച്ച് ആ രണ്ടായിരത്തില്‍ നിന്നും കാശെടുത്ത് വാങ്ങിത്തരാമോ എന്ന് ഉമ്മിച്ചിയോട് ചോദിക്കും. അതൊക്കെ എപ്പോഴേ തീര്‍ന്നു പോയെന്നു ഉമ്മിച്ചി തിരിച്ചു പറയും. ഇന്നും ഈ കഥ പറഞ്ഞ് ഉമ്മിച്ചി കളിയാക്കാറുണ്ടന്നും ദുല്‍ഖര്‍ പറഞ്ഞു.
ദുല്‍ഖര്‍ പറഞ്ഞത്
എനിക്ക് ആദ്യത്തെ ജോലികിട്ടുന്നത് പത്താമത്തെ വയസ്സിലാണ്. അത് വാപ്പച്ചി വഴി കിട്ടിയതല്ല. നെപ്പോട്ടിസത്തിനു അതിലൊന്നും ചെയ്യാനില്ല. വളരെ യാദൃശ്ചികമായി ഞാന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രാജീവ് മേനോന്‍ ന്റെ ഒരു അഡ്വെര്‍ടൈസ്മെന്റിനു വേണ്ടി എന്റെ സ്‌കൂളില്‍ നിന്നും കുട്ടികളെ തെരഞ്ഞെടുക്കുന്നുണ്ടായിരുന്നു. അങ്ങനെ സെലക്ട് ചെയ്തതാണ് എന്നെ. അന്ന് അതിനു 2000 രൂപയായിരുന്നു പ്രതിഫലം. പക്ഷെ എനിക്കത് 2 കോടി കിട്ടിയതുപോലെ ആയിരുന്നു. അതില്‍ നിന്നും ഒരു 500 രൂപ എന്റെ ഗ്രാന്‍ഡ് പാരന്റ്‌സിനു നല്‍കിയിട്ട് ബാക്കി ഉമ്മിച്ചിയെ ഏല്‍പ്പിച്ചു. പിന്നീട് പുറത്തെവിടെയെങ്കിലും പോകുമ്പോള്‍ എന്തെങ്കിലും സാധനമൊക്കെ ചൂണ്ടി കാണിച്ച് ഞാന്‍ ഉമ്മിച്ചിയോട് ആ രണ്ടായിരത്തില്‍ നിന്നും കാശെടുത്ത് വാങ്ങിത്തരാമോ എന്ന് ചോദിക്കും. അതൊക്കെ എപ്പോഴേ തീര്‍ന്നു പോയെന്നു ഉമ്മിച്ചി തിരിച്ചു പറയും. ഇന്നും ഈ കഥ പറഞ്ഞ ഉമ്മിച്ചി എന്നെ കളിയാക്കാറുണ്ട്.
ആര്‍ ബാല്‍കിയുടെ ചുപ്: ദി റിവഞ്ച് ഓഫ് ആന്‍ ആര്‍ട്ടിസ്റ്റ് എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഒരു സൈക്കോത്രില്ലര്‍ ചിത്രമായ ചുപ്പില്‍ സണ്ണി ഡിയോള്‍, പൂജ ഭട്ട് എന്നിവര്‍ക്കൊപ്പം ശ്രേയ ധന്വന്തരിയും സിനിമയില്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നു. ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.