മലയാളികളുടെ മനസില്‍ എന്നും ഓര്‍മ നില്‍ക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് തളത്തില്‍ ദിനേശനും ശോഭയും. ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ ‘വടക്കുനോക്കിയന്ത്ര’ത്തിലെ കഥാപാത്രങ്ങളാണ് ഇവര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരും അതു തന്നെയാണ്. കഥാപാത്രങ്ങളുടെ പേരിനപ്പുറത്തേക്ക് ‘ലവ് ആക്ഷന്‍ ഡ്രാമ’യും ‘വടക്കുനോക്കിയന്ത്ര’വും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ഓണം റിലീസായി ‘ലവ് ആക്ഷന്‍ ഡ്രാമ’ നാളെ റിലീസിനെത്തുമ്പോള്‍ അതില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരുപാട് കാരണങ്ങളുണ്ട്.
സൂപ്പര്‍സ്റ്റാര്‍ നയന്‍താര
2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമത്തിന് ശേഷം നയന്‍താര നായികയാകുന്ന മലയാള ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ഈ മൂന്ന് വര്‍ഷ കാലയളവില്‍ താരം അഭിനയിച്ച തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ ഭൂരിഭാഗവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇരുമുഗന്‍, വിശ്വാസം, വേലൈക്കാരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രമുഖതാരങ്ങളുടെ നായികയായും ഡോറ, അരം, കൊലമാവ് കോകില, ഇമൈക്ക നൊടികള്‍, ഐറ തുടങ്ങിയ ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രമായും താരമെത്തി. തമിഴിലും തെലുങ്കിലും തിരക്കില്‍ നില്‍ക്കുമ്പോള്‍ തന്നെ മലയാളത്തിലേക്കുള്ള നയന്‍താരയുടെ തിരിച്ചുവരവാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’.
നിവിന്‍-അജു
പുതുതലമുറ ചിത്രങ്ങളില്‍ മലയാളി പ്രേക്ഷകര്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ് നിവിന്‍ പോളി- അജു വര്‍ഗീസ് കൂട്ടുകെട്ട്. ഇരുവരുടെയും ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്, നിവിനെ താരമാക്കിയ തട്ടത്തിന്‍ മറയത്ത്, വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളില്‍ കണ്ട കോമ്പിനേഷന്‍ ലവ് ആക്ഷന്‍ ഡ്രാമയിലും തിയ്യേറ്ററുകള്‍ കയ്യിലെടുക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം നിവിന്‍ വീണ്ടും ഫാമിലി എന്റര്‍ടെയ്‌നറായെത്തുന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ചിത്രത്തിന്റെ പുറത്തു വന്ന ടീസറും ഈ കോമ്പിനേഷന്‍ ചിരി പടര്‍ത്തുമെന്ന് ഉറപ്പുനല്‍കുന്നു.
സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ നിലകളില്‍ മലയാളസിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത പേരാണ് ശ്രീനിവാസന്‍ എന്നത്. അദ്ദേഹത്തിന്റെ മകന്‍ വിനീത് ആദ്യ ഗായകനായും, പിന്നീട് അഭിനേതാവായും അതിനുശേഷം തിരക്കഥാകൃത്തും സംവിധായകനുമായെല്ലാം സിനിമയിലെത്തിയപ്പോഴും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. വിനീത് തന്നെ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ അരങ്ങേറ്റം. പിന്നീട് കുഞ്ഞിരാമായാണം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാവുകയും ഗൂഢാലോചന എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുയും ചെയ്തു. ഇപ്പോഴിതാ ആദ്യ ചിത്രം സംവിധാനം ചെയ്യുകയും അതില്‍ വിനീത് ചിത്രങ്ങളിലൂടെ സിനിമയിലെത്തിയ നിവിന്‍- അജു തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
നിര്‍മ്മാണം അജു വര്‍ഗീസ്
2010ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു അജ വര്‍ഗീസ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഓര്‍ത്തുവെയ്ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ അജു ചെയ്തു. പുതുതലമുറ ചിത്രങ്ങളിലെ വെറുപ്പിക്കാത്ത കൊമേഡിയന്‍ എന്ന പേരും അജുവിന് തന്നെയാണ് സ്വന്തം. വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി ചിത്രങ്ങളിലെ അജുവിനോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഒരിഷ്ടം കൂടുതലുമുണ്ട്. കുഞ്ഞിരാമായണത്തിലെ ധ്യാന്‍-അജു കോമ്പിനേഷനും തിയ്യേറ്ററുകളില്‍ പ്രേക്ഷകരെ രസിപ്പിച്ചു. ഇപ്പോഴിതാ നിവിന്‍-ധ്യാന്‍-വിനീത് തുടങ്ങിയവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവായി അജു തന്നെയെത്തുന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. അജുവും വിശാഖ് സുബ്രമണ്യനും ചേര്‍ന്നാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മിക്കുന്നത്.
മലര്‍വാടി ടീം റീ യുണിയന്‍
വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയായിരുന്നു നിവിനും അജുവും സിനിമയിലെത്തിയത്. ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രാവണ്‍, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍ തുടങ്ങിയവരും ലവ് ആക്ഷന്‍ ഡ്രാമയില്‍ ഒത്തുചേരുമെന്നാണ് റിപ്പോര്‍ട്ട്. മലര്‍വാടിയുടെ ഒമ്പതാം വര്‍ഷത്തിലുണ്ടാവുന്ന ഒത്തുചേരല്‍ സിനിമയുടെ കൗതുകം വര്‍ധിപ്പിക്കുന്നു.
അണിയറയില്‍
ജോമോന്‍ ടി ജോണ്‍ നിര്‍മാണവും ഛായാഗ്രഹണവും നിര്‍വഹിച്ച തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തിയ്യേറ്ററില്‍ 50 കോടിയും പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്. ബോളിവുഡില്‍ തിരക്കേറിയ ക്യാമറമാനായ ജോമോന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവുകളിലൊന്ന് കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. ജോമോനും റോബി വര്‍ഗീസും ചേര്‍ന്നാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട സംഗീത സംവിധായകനായ ഷാന്‍ റഹ്മാനാണ് ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് വേണ്ടിയും പാട്ടൊരുക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്.