പ്രേമലുവിന്റെ ഗംഭീര വിജയത്തിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് നസ്ലെൻ നായകനാക്കി പ്രഖ്യാപിക്കപ്പെട്ടത്. അണ്ടർഡോഗ്സ് ആയിട്ടുള്ള കഥാപാത്രങ്ങളും അതിന്റെ മികവുറ്റ അവതരണവുമാണ് നസ്ലനെ പ്രേക്ഷകർക്ക് ഇത്രയും പ്രിയപ്പെട്ടതാക്കി തീർത്തത്. അണ്ടർഡോഗ്സ് ആയിട്ടുള്ള കഥാപാത്രങ്ങളും അതിന്റെ ഉയർച്ചയും പ്രേക്ഷകരെ രസിപ്പിക്കുമെന്നും 'ആലപ്പുഴ ജിംഖാന'യിലും അത്തരത്തിൽ അണ്ടർഡോഗായ ഒരു കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും നസ്ലെൻ പറയുന്നു. തല്ലുമാലക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ഒരു കോമഡി-സ്‌പോര്‍ട്‌സ് ഴോണറിലാണ് എത്തുന്നതെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നസ്ലൻ പറഞ്ഞു.
നസ്ലെൻ പറഞ്ഞത്:
'ആലപ്പുഴ ജിംഖാന'യ്ക്ക് മുമ്പും ഞാൻ വർക്ക് ഔട്ട് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അത് സ്ഥിരമായി ചെയ്യുന്നുണ്ടായിരുന്നില്ല. കോമഡി-സ്‌പോര്‍ട്‌സ് ഴോണറില്‍ വരുന്ന പടമാണ് 'ആലപ്പുഴ ജിംഖാന'. അതിനെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയുന്ന ഘട്ടത്തിലല്ല ഇപ്പോൾ. റഹ്മാൻ ഇക്ക പറയുന്നത് പോലെ സിനിമ ഉണ്ടായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. അണ്ടർഡോഗ്സ് മുകളിലേക്ക് വരുന്നത് എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാര്യമാണെല്ലോ? അതേ സമയം അണ്ടർഡോഗ്സ് ആയിട്ടുള്ള കഥാപാത്രങ്ങൾ സ്ഥിരം ചെയ്യുക എന്നൊരു പ്ലാൻ എനിക്ക് ഇല്ല. 'ആലപ്പുഴ ജിംഖാന'യിൽ ഇതുപോലെ കുറച്ച് അണ്ടർഡോഗ് പിള്ളേരാണ് ഉള്ളത്. ആ ഒരു സിനിമ മാത്രമേ ഇനി അത്തരത്തിലുള്ളത് ഉള്ളൂ. 'മോളിവുഡ് ടൈംസി'ൽ മൊത്തത്തിൽ വേറൊരു പരിപാടിയാണ്.
'ആലപ്പുഴ ജിംഖാന'യ്ക്ക് വേണ്ടി ഫിസിക്കലി കുറച്ച് തയ്യാറെടുപ്പുകൾ വേണ്ടി വന്നിട്ടുണ്ടെന്ന് മുമ്പ് നസ്ലെൻ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ പറഞ്ഞിരുന്നു.പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മുഹ്‌സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്. സെൻട്രൽ പിക്ക്ചേഴ്‌സ് ചിത്രം തിയറ്ററിലെത്തിക്കും.