തന്നെ സംബന്ധിച്ചിടത്തോളം അവാർഡുകള്‍ക്ക് ഒരു വിലയുമില്ലെന്നും, ജീവനര്‍പ്പിച്ച് ജോലി ചെയ്യുന്ന ഏത് അഭിനേതാവും, മികച്ച അഭിനേതാവാണ് എന്നും നടന്‍ നസ്‌റുദ്ദീന്‍ ഷാ. തന്റെ ഫാം ഹൗസിന്റെ വാതില്‍പ്പിടികള്‍ തനിക്ക് ലഭിച്ച അവാര്‍ഡ് ട്രോഫികളാണ് എന്നും നസറുദ്ധീന്‍ ഷാ ലാലന്‍ടോപ് സിനിമ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ആദ്യ കാലങ്ങളില്‍ അവാര്‍ഡുകള്‍ ലഭിക്കുമ്പോള്‍ സന്തോഷം തോന്നിയിരുന്നുവെങ്കിലും, പിന്നീട് അത് ലോബിയിങ്ങിന്റെ ബാക്കിപത്രമാണെന്ന് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡുകള്‍ എല്ലായിപ്പോഴും ഒരാളുടെ മെറിറ്റില്‍ ലഭിക്കുന്നതാകണമെന്നില്ല എന്നും നസ്‌റുദ്ദീന്‍ ഷാ പറഞ്ഞു.
മത്സരിച്ചു നേടുന്ന അവാര്‍ഡുകളോട് എനിക്ക് വെറുപ്പാണ്. തന്റെ ജീവനര്‍പ്പിച്ച് ജോലി ചെയ്യുന്ന ഏത് അഭിനേതാവും, മികച്ച അഭിനേതാവാണ്. പെട്ടിയില്‍ നിന്ന് ഒരാളെ എടുത്ത്, അയാള്‍ മറ്റുള്ളവരെക്കാള്‍ മികച്ചതാണ് എന്നെങ്ങനെ പറയാന്‍ കഴിയും? അതെങ്ങനെ നീതിയാകും? ഈ അവാര്‍ഡുകളില്‍ എനിക്കൊട്ടും തന്നെ അഭിമാനമില്ല. അവസാനം ലഭിച്ച രണ്ട് അവാര്‍ഡുകള്‍ സ്വീകരിക്കാന്‍ പോലും ഞാന്‍ പോയില്ല. ഫാം ഹൗസ് ഉണ്ടാക്കിയപ്പോള്‍ ഇവയെ അവിടെ വയ്ക്കാം എന്നു തീരുമാനിച്ചു. ബാത്രൂം വാതില്‍ തുറക്കുന്ന എല്ലാവര്‍ക്കും രണ്ട് ഫിലിം ഫെയര്‍ അവാര്‍ഡ്!നസ്‌റുദ്ദീന്‍ ഷാ
ആദ്യ കാലങ്ങളില്‍ അവാര്‍ഡ് ലഭിക്കുമ്പോള്‍ സന്തോഷമുണ്ടായിരുന്നു. പക്ഷെ പിന്നീട് തുടരെത്തുടരെ ലഭിക്കാന്‍ തുടങ്ങി. അപ്പോഴാണ് മനസ്സിലാകുന്നത് അവാര്‍ഡുകള്‍ ലോബിയിങ്ങിന്റെ ബാക്കിപത്രമാണ് എന്ന്. അന്ന് താന്‍ ഈ അവാര്‍ഡുകള്‍ എവിടെയൊക്കെയോ വച്ചു. പിന്നീട് എനിക്ക് പത്മശ്രീയും പത്മഭൂഷണുമെല്ലാം ലഭിച്ചു. ആ സമയത്ത്, എന്റെ ജോലി കഴിവില്ലാത്തവരുടെതാണ്, വിഡ്ഢിത്തരമാണ് എന്ന് പറഞ്ഞുകൊണ്ടിരുന്ന അച്ഛനെയാണ് ഓര്‍മ്മ വന്നത്. പത്മശ്രീയും, പത്മഭൂഷണും തനിക്ക് എന്റെ വില മനസിലാക്കിത്തന്നു. അതില്‍ എനിക്ക് സന്തോഷമുണ്ട്. മറ്റൊരു മത്സരങ്ങളിലും തനിക്ക് വിശ്വാസമില്ലെന്നും നസ്‌റുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു.