എല്ലാം മറന്ന് പ്രേക്ഷകനെ ചിരിപ്പിക്കാൻ കഴിയുന്ന ഒരു സിനിമയാണ് 'ബാഡ് ബോയ്സ്' എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ നജീം കോയ. ഒമർ ലുലു സംവിധാനം ചെയ്ത് റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബാഡ് ബോയ്സ്. തീർത്തും ഒരു കോമഡി ഫൺ എന്റർടെയ്നറായ ചിത്രം നിർമിച്ചിരിക്കുന്നത് അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ്. ഓണത്തിന് ഒരു സാധാരണക്കാരന് കുടുംബത്തിനൊപ്പം കാണാൻ സാധിക്കുന്ന തീർത്തും ഒരു എന്റർടെയ്നറാണ് ചിത്രം എന്ന് നജീം കോയ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
നജീം കോയയുടെ പോസ്റ്റ്:
ഓണത്തിന് ഒരു സാധാരണകാരൻ അവന്റെ കുടുംബത്തോടൊപ്പം സിനിമ കാണാൻ തീരുമാനിക്കുമ്പോൾ... എന്തായിരിക്കും അവന്റെ സമീപനം... മക്കൾ , ഭാര്യ, അമ്മ, സഹോദരങ്ങൾ എല്ലാരും, എല്ലാം മറന്നു പൊട്ടി ചിരിക്കണം.. കൂടെ എനിക്കും ചിരിക്കണം.. ആ ചിരി തരുന്ന സിനിമയിൽ കഥയുടെ ലോജിക്കോ...മക്കൾക്കും, ഭാര്യക്കും, അമ്മക്കും മനസിലാകാത്ത ടിസ്റ്റോ ഒന്നും ആവിശ്യമില്ല.... സന്തോഷം മാത്രം മതി... പിന്നെ ഇടയ്ക്കു കണ്ണ് നിറക്കുന്ന ചില ഓർമ പെടുത്തലുകളും... ആ സിനിമ കഴിഞ്ഞ് പുറത്തു വരുമ്പോൾ അവർ പരസ്പരം അതിലെ തമാശകൾ ഒരുമിച്ചിരുന്നു അത്താഴം കഴിക്കുമ്പോൾ പോലും പറയുന്നെണ്ടെങ്കിൽ... ആ സിനിമ വിജയിച്ചു എന്ന് വേണം കരുതാൻ...അങ്ങനെ എല്ലാം മറന്നു ചിരിക്കാൻ പറ്റുന്ന സിനിമയാണ് " ബാഡ് ബോയ്സ് ''... പ്രിയപ്പെട്ട റഹ്മാൻ സാർ.. ഇത് പടച്ചവൻ വെട്ടിഇട്ട വഴിയാണ്.... നിങ്ങൾ ഇതിലൂടെ നടന്നുകേറി വരൂ....നിങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലെ സുന്ദരികളായ ആരാധകർ..ഇന്ന് അവർ അമ്മമാരായി, കുടുംബങ്ങളായി.. എന്നാലും അവർ സാരി തുമ്പ് കൊണ്ട് തുടച്ചുവെച്ചൊരു കസേര ഇപ്പഴും ഇവിടെ കാത്തിരുപ്പുണ്ട്
ബാബു ആൻ്റണി, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, ബാല, അജു വർഗീസ്, ആൻസൻ പോൾ, ബിബിൻ ജോർജ്ജ്, സെന്തിൽ, രമേഷ് പിഷാരടി, ടിനി ടോം, ഡ്രാകൂള സുധീർ, ഹരിശ്രീ അശോകൻ, ശങ്കർ, സോഹൻ സീനു ലാൽ, സജിൻ ചെറുകയിൽ, ഭീമൻ രഘു , മൊട്ട രാജേന്ദ്രൻ ആരാധ്യ ആൻ, മല്ലികാ സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒമറിൻ്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശാണ്. ' ഒരു അഡാർ ലൗ ' എന്ന സിനിമക്ക് ശേഷം ഒമറും സാരംഗും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ ആൻ്റപ്പൻ എന്ന ഗുണ്ടാ തലവൻ കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്.