സിനിമയിലെ പവര്‍ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. പവര്‍ ഗ്രൂപ്പ് സിനിമയില്‍ ആളെക്കൊണ്ടുവന്നാലും പടം പൊളിഞ്ഞുപോയാല്‍ എന്തു ചെയ്യുമെന്നും പടം വിജയിച്ചില്ലെങ്കില്‍ അവര്‍ക്ക് എവിടെനിന്ന് പണം ലഭിക്കുമെന്നും മുകേഷ് ചോദിച്ചു. ഒരാളെ ഇല്ലാതാക്കാനോ ഉയര്‍ത്തിക്കൊണ്ടുവരാനോ കഴിയില്ല. സിനിമയില്‍ ആളെയെടുക്കുന്നത് കഴിവിന്റെ അടിസ്ഥാനത്തിലാണ്. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്തിന് നേരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്നാണ് മുകേഷ് പ്രതികരിച്ചത്. താന്‍ ഇപ്പോള്‍ രാജിവെക്കണമെന്ന് പറഞ്ഞിട്ട് രഞ്ജിത്ത് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന്റെ മുഖത്ത് എങ്ങനെ നോക്കുമെന്നും രാജിവെക്കേണ്ട എന്ന് പറഞ്ഞാല്‍ അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തു എന്ന് വന്നാലോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുകേഷ് പറഞ്ഞു. രാജിവെക്കുന്നതൊക്കെ ഓരോ വ്യക്തികളുടെയും ആത്മവിശ്വാസവും മനഃസാക്ഷിയുമാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
താരസംഘടന അമ്മ നടത്തിയ പ്രതികരണത്തിലും സിനിമയില്‍ പവര്‍ ഗ്രൂപ്പുകള്‍ ഇല്ലെന്നാണ് അവകാശപ്പെട്ടത്. സിനിമയില്‍ മാഫിയയില്ലെന്നും കാസ്റ്റിംഗ് കൗച്ച് ഉണ്ടോയെന്ന് അറിയില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പാടെ നിഷേധിക്കുന്ന താരസംഘടനയുടെ നിലപാടില്‍ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് നടനും എംഎല്‍എയുമായ മുകേഷ് അതേ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ് സിദ്ദിഖ് പറഞ്ഞതിന് വിപരീതമായ പ്രതികരണമാണ് വെള്ളിയാഴ്ച നടത്തിയത്.
ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നത് ശരിയല്ലെന്ന് ജഗദീഷ് പറഞ്ഞു. കമ്മിറ്റി പേരെടുത്ത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. വാതിലിൽ മുട്ടി എന്ന് ഒരു കലാകാരി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ആ കുട്ടിയുടെ പരാതി നമ്മൾ പരിഹരിക്കണം. വേട്ടക്കാരുടെ പേരുകൾ പുറത്തുവരുന്നതിൽ ബുദ്ധിമുട്ടില്ലന്നും നിർദ്ദേശിച്ചാൽ അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും ജഗദീഷ് പറഞ്ഞു.
നടി ഉര്‍വശിയും അമ്മയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അമ്മ ശക്തമായ നിലപാടെടുക്കണമെന്നാണ് ഉര്‍വശി ആവശ്യപ്പെട്ടത്. തനിക്ക് സംഭവിക്കാത്തത് കൊണ്ട് താന്‍ പ്രതികരിക്കില്ല എന്ന മനോഭാവം ഉണ്ടാവരുത്. ഈ വിഷയങ്ങളില്‍ ആദ്യം തീരുമാനമുണ്ടാവേണ്ടത് അമ്മ സംഘടനയില്‍ നിന്ന് തന്നെയാണ്. ഒരു സ്ത്രീ തന്റെ നാണവും ലജ്ജയും വിഷമവും മറന്ന് ഒരു കമ്മിറ്റിയ്ക്ക് കൊടുത്ത റിപ്പോര്‍ട്ടിന് വലിയ വില കൊടുക്കണം. താന്‍ എന്നും ബുദ്ധിമുട്ടുകള്‍ നേരിട്ട സ്ത്രീകള്‍ക്കൊപ്പമുണ്ടാകുമെന്ന് മാധ്യമങ്ങളോട് നടി പറഞ്ഞു.