അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ട രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (മൈക്ക്). രഞ്ജിത്തിനെ പുറത്താക്കി അവാര്‍ഡ് നിര്‍ണയത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്നും 'മൈക്ക്' ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം പ്രാഥമിക ജൂറി തഴഞ്ഞ സിനിമയെ വിളിച്ചുവരുത്തി വേണ്ടപ്പെട്ടവര്‍ക്ക് അവാര്‍ഡ് കൊടുക്കുകയായിരുന്നുവെങ്കില്‍ ഇത്തവണ ചില സിനിമകള്‍ക്ക് അവാര്‍ഡ് കിട്ടാതിരിക്കാന്‍ ജൂറിയെ സ്വാധീനിക്കുകയായിരുവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മൈക്ക് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ സംസ്ഥാന അവാർഡിൽ നിന്ന് ഒഴിവാക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ശ്രമിച്ചെന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയതും ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയും ചെയ്തത്.
അക്കാദമിക് സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യലക്ഷ്യം മുന്‍നിര്‍ത്തി രാജ്യത്താദ്യമായി ഒരു ചലച്ചിത്ര അക്കാദമി രൂപംകൊള്ളുന്നത് കേരളത്തിലാണ്. കച്ചവട സിനിമയുടെ പരിപോഷണമാണ് അതിന്റെ ലക്ഷ്യമെന്നാണ് സിനിമാ അവാര്‍ഡുകള്‍ മൊത്തത്തില്‍ നോക്കിയാല്‍ മനസ്സിലാവുക. സിനിമാ അവാര്‍ഡും ഐ.എഫ്.എഫ്.കെ സെലക്ഷനുമൊക്കെ കൂടുതല്‍ കൂടുതല്‍ നൈതികവും അക്കാദമികവുമാകേണ്ട ഒരു കാലത്തുനിന്നുകൊണ്ട് അതിന്റെ വിലയില്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അധികാര ദുര്‍വിനിയോഗം നിരന്തരം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ചെയര്‍മാന്‍ ഒരു കാരണവശാലും തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും മൈക്ക് അഭിപ്രായപ്പെട്ടു . രഞ്ജിത്തിനെ പുറത്താക്കി അവാര്‍ഡ് നിര്‍ണയത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണം എന്നും മെക്ക് പങ്കുവച്ച കുറിപ്പില്‍ ആവശ്യപ്പെടുന്നു.
അക്കാദമി സെക്രട്ടറി, മെമ്പര്‍ സെക്രട്ടറിയായി ജൂറിയിലിരിക്കുന്നതിനെ നിയമപരമായി ചോദ്യം ചെയ്തിട്ടുള്ള സംഘടനയാണ് മൈക്ക്. കഴിഞ്ഞ ദിവസങ്ങളിലായാണ് ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഇടപെട്ടു എന്ന തെളിയിക്കുന്ന ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദ രേഖ സംവിധായകന് വിനയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. രഞ്ജിത് നൈതികമായല്ല പെരുമാറിയത് എന്നും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്നും ജൂറിയംഗവും മുന്‍ ലളിതകലാ അക്കാദമി ചെയര്‍മാനുമായ നേമം പുഷ്പരാജിന്റെ പുറത്തു വന്ന ശബ്ദ രേഖയില്‍ പറയുന്നു. ചെയര്‍മാനായി സ്ഥാനമേറ്റതുമുതല്‍ അങ്ങേയറ്റം നിരുത്തരവാദപരവും ജനാധിപത്യ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ ആണ് രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നും മൈക്ക് പറഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ട് ചവറ് പടമാണെന്നും സെലക്ഷനിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത് ജൂറിയോട് പറഞ്ഞതായി വിനയൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ജൂറി അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇതിനെക്കുറിച്ച് മന്ത്രി സജി ചെറിയാന്റെ പി എസ്സിനെ വിളിച്ചു പറഞ്ഞെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും വിനയൻ കൂട്ടിച്ചേർത്തു. രഞ്ജിത്തിന് എതിരെ സ്റ്റേറ്റ് ഫിലിം അവാർഡിൻെറ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന നേമം പുഷ്പരാജിന്റെ ഫോൺ കാൾ റെക്കോർഡിങ്ങും വിനയൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.
എന്നാൽ വിനയന്റെ ആരോപണത്തിന് പിന്നാലെ രഞ്ജിതിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. മുഴുവൻ അർഹതപ്പെട്ടവർക്കാണ് അവാർഡുകൾ ലഭിച്ചിരിക്കുന്നതെന്നും ഇതിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് ഒരു റോളുമില്ലെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെയുള്ള പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും വളരെ മാന്യനായ കേരളം കണ്ട ഏറ്റവും വലിയ ചലച്ചിത്ര രംഗത്തെ ഇതിഹാസമാണ് രഞ്ജിത്ത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.