വിഷയങ്ങളെ കുറിച്ച് കാര്യമായ അറിവില്ലാതെ സമൂഹമാധ്യമത്തിലൂടെ നടത്തുന്ന വിമര്‍ശനങ്ങള്‍ കൂടി വരുകയാണെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. സിനിമ കാണാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നവരില്‍ കൂടുതല്‍ പേരെന്നും കോടതി ചൂണ്ടിക്കാട്ടി.
ചുരുളിക്ക് എതിരായ ഹര്‍ജി പോലും പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണ്. ജഡ്ജിമാര്‍ വിധിയെഴുതി മഷി ഉണങ്ങും മുന്‍പ് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്ത ഒരു വിഭാഗമുണ്ട് ഇവിടെ. അത്തരം പ്രവര്‍ത്തനങ്ങളും ഇടപെടലുകളും നിലവിലുള്ള സംവിധാനത്തെ തകര്‍ക്കുമെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ചുരുളിയിലെ ഭാഷാ പ്രയോഗങ്ങളില്‍ പ്രശ്‌നമില്ലെന്ന റിപ്പോര്‍ട്ട് ഡിജിപി കോടതിക്ക് കൈമാറി. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയുടെ വിധി പറച്ചില്‍ ഹൈക്കോടതി മാറ്റി.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കിയത്. സിനിമയില്‍ സിനിമയിലെ സംഭാഷണങ്ങളിലോ ദൃശ്യങ്ങളില നിയമലംഘനമില്ല. ചുരുളിയിലെ ഭാഷയും സംഭാഷണവും എല്ലാം കഥാ സന്ദര്‍ഭത്തിന് യോജിച്ചത് മാത്രമാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍.
സിനിമയിലെ സംഭാഷണങ്ങള്‍ അസഭ്യമാണെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. സിനിമ സംവിധായകന്റെ സൃഷ്ടിയാണെന്നും സിനിമയില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.