സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന‍്‍ലാൽ ചിത്രം ഹൃദയപൂർവം ഡിസംബറിൽ ചിത്രീകരണം തുടങ്ങും. പൂനെയിലും കേരളത്തിലുമായാണ് ചിത്രീകരണം. ഐശ്വര്യ ലക്ഷ്മിയാണ് നായിക. സോനു ടി പി എന്ന നവാഗത തിരക്കഥാകൃത്തിനൊപ്പമാണ്
സത്യൻ അന്തിക്കാട് ചിത്രം. അനു മൂത്തേടത്താണ് ക്യാമറ. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംഗീതയും പ്രധാന റോളിലെത്തും. ആശിർവാദ് സിനിമാസാണ് നിർമ്മാണം.
നൈറ്റ് കോൾ" എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തയാളാണ് സോനു ടി പി. 'സൂഫിയും സുജാതയും', 'അതിരൻ' എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം പ്രശാന്ത് മാധവ്. രാജ്കോട്ടിൽ എമ്പുരാൻ ചിത്രീകരണത്തിലാണ് മോഹൻലാൽ.
സ്വന്തം സംവിധാനത്തിലുള്ള ബറോസ് ത്രീഡി, തരുൺ മൂർത്തി ചിത്രം എന്നിവയാണ് എമ്പുരാൻ കൂടാതെ മോഹൻലാലിന്റേതായി റിലീസ് കാത്തിരിക്കുന്ന സിനിമകൾ.
സത്യൻ അന്തിക്കാട് പറയുന്നു
'ഹൃദയപൂർവ്വം' എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്.
ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും 'ഹൃദയപൂർവ്വം'.
മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'ഹൃദയപൂർവ്വം' ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും.
ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്നും സംവിധായകൻ സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം വരുന്നത്. എത്ര വർഷം കഴിഞ്ഞാലും മോഹൻലാൽ എന്നും തന്റെ പ്രിയപ്പെട്ട നടനാണ് എന്നു സത്യൻ അന്തിക്കാട്.
സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയോട്
ഞാനും മോഹൻലാലും കൂടെ ചെയ്യുന്ന ഹൃദ്യമായ ഒരു സിനിമയായിരിക്കും ഹൃദയപൂർവ്വം. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. എന്റെ കൂടെ ഇത്തവണ മൂന്ന് പുതിയ ആളുകൾ ഉണ്ട് എന്നതാണ് ഇതിൽ എനിക്കുള്ള ഫ്രഷ്‌നെസ്സ്. ഛായാഗ്രഹണം അനു മൂത്തേടത്ത് ആണ്. സംഗീതസംവിധാനം ജസ്റ്റിൻ പ്രഭാകരൻ, സോനു ടിപി ആണ് തിരക്കഥ സംഭാഷണം. ഡിസംബർ- ജനുവരി സമയത്തായിരിക്കും ചിത്രീകരണം തുടങ്ങുന്നത്. സിനിമ ചെയ്യുമ്പോഴുള്ള ഇടവേള എത്ര വർഷം നീണ്ടാലും മോഹൻലാൽ എന്നും എന്റെ പ്രിയപ്പെട്ട നടനാണ്. ഈ സിനിമയിൽ മോഹൻലാൽ സാധാരണ മനുഷ്യൻ തന്നെയാണ്, അമാനുഷികനല്ല, നമ്മുടെ ഇടയിലുള്ള ഒരാളായാണ് മോഹൻലാൽ ഹൃദയപൂർവ്വത്തിൽ എത്തുന്നത്. കേരളത്തിലും പൂനെയിലുമായാണ് ചിത്രീകരണം. ആദ്യമായാണ് ഞാൻ തമിഴ്‌നാടിനപ്പുറത്തേക്ക് ചിത്രീകരണത്തിന് പോകുന്നത്.
ഒരു സൂപ്പർ ഫൺ സിനിമയായിരിക്കും ഹൃദയപൂർവം എന്ന് അഖിൽ സത്യൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ചിത്രത്തിലെ നായികയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2015 ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമാണ് മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയായി എത്തിയത്. ജയറാം മീരാജാസ്മിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മകൾ എന്ന ചിത്രമാണ് സത്യന‍് അന്തിക്കാടിന്റേതായി ഒടുവിൽ പുറത്ത് വന്നത്.