Film News

'ആരാധനയുടെ 99 ദിവസങ്ങള്‍'; മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം L-360 പൂര്‍ത്തിയായി

99 ദിവസങ്ങള്‍ നീണ്ട ചിത്രീകരണത്തിന് ശേഷം മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം പൂര്‍ത്തിയായി. ഫാന്‍ ബോയ് മൊമെന്റ്‌സിന്റെ 99 ദിവസങ്ങള്‍ എന്ന് പറഞ്ഞു കൊണ്ട് തരുണ്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്. 20 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി തിരിച്ചെത്തുന്ന ചിത്രം രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മിക്കുന്നത്. മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍.സുനിലും ചേര്‍ന്നാണ്.

ചിത്രത്തില്‍ വിന്റേജ് മോഹന്‍ലാലിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം നടത്തിയിട്ടില്ല എന്നും മുണ്ട് മടക്കി നടക്കുന്ന പുതിയൊരു മോഹന്‍ലാലിനെ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ആഗ്രഹമെന്നും തരുണ്‍ മൂര്‍ത്തി നേരത്തേ ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു.

തരുണ്‍ മൂര്‍ത്തി പറഞ്ഞത്:

കൊവിഡിന് ശേഷം വന്ന സംവിധായകരില്‍, മോഹന്‍ലാല്‍ എന്ന മഹാനടനൊപ്പം സിനിമ ചെയ്യാന്‍ പറ്റുക എന്നത് വലിയ ഭാഗ്യമായിട്ടും സന്തോഷമായിട്ടും കരുതുന്ന ഒരാള്‍ തന്നെയാണ് ഞാന്‍. ഞാന്‍ ഇതിന് മുമ്പ് ചെയ്തിരിക്കുന്ന രണ്ട് സിനിമകളും രണ്ട് വേരിയേഷനുകളിലുള്ള സിനിമയാണ്. ഒരു സൂപ്പര്‍ സ്റ്റാര്‍ മൂവീ എന്നതിലുപരിയായി കണ്ടന്റുകളെ മാത്രം സ്റ്റാറായി കണ്ട് ചെയ്ത രണ്ട് ഫിലിമുകളാണ് അത് രണ്ടും. സിനിമയെ അത്ര ആത്മാര്‍ത്ഥമായി കണ്ടതിന്റെ ഭാഗമായിട്ട് കിട്ടിയ പ്രൊജക്ടാണ് ഇപ്പോള്‍ ചെയ്യുന്ന L-360. അപ്പോഴും അതിനകത്ത് ഒരു സ്റ്റാര്‍ എന്നതിലുപരി ഒരു ആക്ടറിനെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റിയ ഭാഗങ്ങളുണ്ടെന്ന് കണ്ടതുകൊണ്ടാണ് ആ സിനിമ ചെയ്യാന്‍ തയ്യാറായതും. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിനെക്കാള്‍ മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ ഉപയോഗിക്കാന്‍ പറ്റും എന്നതുകൊണ്ടാണ് അത്. ലാല്‍ സാറിനൊപ്പം നില്‍ക്കുന്ന കഥാപാത്രങ്ങളൊക്കെ സ്‌കോര്‍ ചെയ്യാന്‍ പറ്റുന്ന, അല്ലെങ്കില്‍ അദ്ദേഹത്തിനൊപ്പം തന്നെ നില്‍ക്കാന്‍ പറ്റുന്ന ഒരു കംപ്ലീറ്റ് സിനിമ ഉണ്ടാക്കാന്‍ പറ്റും എന്ന തോന്നല്‍ വന്നത് കൊണ്ടാണ് ഈ സിനിമ കമ്മിറ്റ് ചെയ്തത്. ഈ സിനിമയുടെ തുടക്കം മുതല്‍ ഞാന്‍ പറഞ്ഞിട്ടുള്ളത്, എനിക്കൊരു വിഷനുണ്ട് ഈ സിനിമ എങ്ങനെയിരിക്കണം എന്നതില്‍ അതില്‍ നിങ്ങള്‍ എനിക്കൊപ്പം നിന്നാല്‍ മതി എന്നാണ്. ട്രസ്സ് ദ പ്രോസസ്സ് എന്നാണ്. അത് അങ്ങനെയാണ് കംപ്ലീറ്റ് ആവുന്നത് എങ്കില്‍ തിരിച്ച് ഇറങ്ങുമ്പോള്‍ അല്ലെങ്കില്‍ രാത്രിയില്‍ റൂമില്‍ പോയി കിടന്ന് ഉറങ്ങുമ്പോള്‍ നമുക്ക് ഭയങ്കരമായ സന്തോഷം കിട്ടും എന്ന്. ആ സന്തോഷത്തിന് വേണ്ടി പണിയെടുക്കുക എന്നാണ് എല്ലാവരോടും ഞാന്‍ പറഞ്ഞത്. അതിന്റെ ഒരു ഭാഗമാണ് ലാല്‍ സാര്‍ വീഡിയോയില്‍ പറഞ്ഞതും. ഇത് വളരെ സന്തോഷമുള്ള ഒരു സിനിമയാണ് എന്ന് ലാല്‍ സാര്‍ പറയുമ്പോള്‍ എല്ലാവരും ഞങ്ങളുടെ വിഷനൊപ്പം നിന്നു എന്നുള്ളതാണ് എനിക്ക് അതില്‍ നിന്നും ഫീല്‍ ചെയ്യുന്നത്.

മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന 56-ാമത്തെ ചിത്രമാണിത്. 2004ല്‍ പുറത്തിറങ്ങിയ മാമ്പഴക്കാലമാണ് ഇരുവരും ജോഡിയായി ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. 2009ല്‍ റിലീസ് ചെയ്ത 'സാഗര്‍ ഏലിയാസ് ജാക്കിയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

നിഖില വിമൽ ചിത്രം "പെണ്ണ് കേസ്" പ്രഖ്യാപിച്ചു; ചിത്രം കോമഡി ഡ്രാമയെന്ന് സംവിധായകൻ ഫെബിൻ സിദ്ധാർഥ്

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു, 62 ലക്ഷം ഗുണഭോക്താക്കൾക്ക് ലഭിക്കും

VEETTILEKU | Malayalam Short film | Akhil Dev M

യുഎഇ പൊതുമാപ്പ് നീട്ടി

സാദിഖലി തങ്ങള്‍ക്കെതിരായ പ്രസ്താവന, സിഐസി, ഖാസി ഫൗണ്ടേഷന്‍; ലീഗിനും സമസ്തയ്ക്കും ഇടയില്‍ സംഭവിക്കുന്നതെന്ത്?

SCROLL FOR NEXT