ആറാട്ട് സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. ബി ഉണ്ണികൃഷ്ണന്‍ സാധാരണയായി ചെയ്യാറുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായൊരു എന്റര്‍ട്ടെയിനറാണ് ആറാട്ട്. ഒരു അണ്‍റിയലിസ്റ്റിക്ക് എന്റര്‍ട്ടെയിനറാണെന്നും മോഹന്‍ലാല്‍ പറയുന്നു. ആറാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
മോഹന്‍ലാല്‍ പറഞ്ഞത്:
ആറാട്ട് എന്ന സിനിമയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. an unrealistic entertainer എന്നാണ് ആ സിനിമയെ കുറിച്ച് ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്, വലിയ അവകാശവാദങ്ങളൊന്നും ഇല്ല. ആറാട്ട് എന്ന പേര് ഇട്ടത് തന്നെ ഒരു ഉത്സവത്തിന്റെ പ്രതീതി സിനിമയ്ക്കുള്ളത് കൊണ്ടാണ്. അത് ആളുകളിലേക്ക് എത്തി. അത് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി.
കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയേറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ആ സമയത്ത് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെ അധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. തീര്‍ച്ചയായും ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്. എ.ആര്‍.റഹ്മാനോട് വളരെ അധികം നന്ദി ഞങ്ങള്‍ പറയുന്നു.
പിന്നെ ആ സിനിമ ഷൂട്ട് ചെയ്തത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു. പക്ഷെ അതെല്ലാം ഈശ്വര കൃപകൊണ്ട് എല്ലാം ശരിയായി. ആ സിനിമ തിയേറ്ററിലെത്തി. ഒരുപാട് സന്തോഷം. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
ബി ഉണ്ണികൃഷ്ണന്‍ സാധാരണയായി ചെയ്യാറുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായൊരു എന്റര്‍ട്ടെയിനറാണ് ആറാട്ട്. ഒരുപാട് തമാശയും പഴയ സിനിമകളിലെ ഒരുപാട് ഡയലോഗുകളെല്ലാം ഓര്‍മ്മിപ്പിക്കുന്ന, നമ്മളെ പഴയ ഓര്‍മ്മകളിലേക്ക് കൊണ്ട് പോകുന്ന എലമെന്റ്‌സ് ഞങ്ങള്‍ മനപൂര്‍വ്വം സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഒരു ഫാമലി എന്റര്‍ട്ടെയിനര്‍ ആയാണ് ഈ സിനിമയെ ഞങ്ങള്‍ കണ്ടിരിക്കുന്നത്. ആറാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ വളരെ അധികം സന്തോഷം. കൂടുതല്‍ നല്ല സിനിമകളുമായി ഞാന്‍ വീണ്ടും വരുന്നുണ്ട്. ഒരു കാര്യം കൂടി പറയാനുണ്: 'നേനു ചാല ഡെയിഞ്ചറസു'!!!