ബറോസ് ഒരു മലയാള സിനിമയോ ഇന്ത്യൻ സിനിമയോ അല്ല, മറിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ട് നിർമ്മിക്കാൻ ശ്രമിച്ചിട്ടുള്ള സിനിമയാണെന്ന് മോഹൻലാൽ. ഒരു പോർച്ചുഗീസ് ഇന്ത്യൻ ബന്ധത്തിന്റെ പശ്ചാത്തലം സിനിമക്കുണ്ടെന്നും മോഹൻലാൽ ആശിർവാദ് സിനിമാസിന്റെ യൂറ്റ്യൂബ് ചാനലിൽ നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞു. എമ്പുരാനും അതുപോലെ അന്താരാഷ്ട്ര നിലവാരം ആവശ്യപ്പെടുന്ന സിനിമയാണ്, അതിന്റെ സാധ്യതകൾ അനേകമാണെന്നും അതിനാൽ വിട്ടുകളയാൻ ഉദ്ദേശമില്ലെന്നും ആന്റണി പെരുമ്പാവൂരും മോഹൻലാലും ഒന്നിച്ചു പങ്കെടുത്ത ചർച്ചയിൽ വ്യക്തമാക്കി.
'അടുത്തതായി ചെയ്യാനിരിക്കുന്ന ബറോസ് ഒരു മലയാളം സിനിമയോ ഇന്ത്യൻ സിനിമയോ അല്ല. അതൊരു ഇന്റർനാഷണൽ സിനിമയാണ്. ആ ഒരു സ്റ്റാൻഡേർഡിലേക്കു എങ്ങനെ സിനിമയെ കൊണ്ടുവരാമെന്നാണ് ചിന്തക്കുന്നത്. ഒരുപാട് ഭാഷകളിലേക്ക് ആ സിനിമ ഡബ്ബ് ചെയ്യാനാവും. സ്പാനിഷ്, പോർച്ചുഗീസ്, ചൈനീസ്, അറബിക് തുടങ്ങി ഏതു ഭാഷയിൽ വേണമെങ്കിലും സിനിമ അവതരിപ്പിക്കാം. ഇതൊരു ഇന്ത്യൻ പോർച്ചുഗീസ് കഥയാണ് പറയുന്നത്. ഇനി ചെയ്യാൻ പോകുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമാണെങ്കിലും മലയാളത്തിലേക്ക് മാത്രമൊതുങ്ങുന്ന സിനിമയായി ചെയ്യാൻ സാധിക്കില്ല. അത്രയും വലിയ സാധ്യതകൾ ആ സിനിമക്കുണ്ടെന്നും, അത് വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ല എന്നും മോഹൻലാൽ പറഞ്ഞു.'
ബറോസ് ഒരു ത്രിഡി സിനിമയാണ്. ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു വിഷയം വരുന്നത്. ഞാൻ സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുള്ള ആളൊന്നുമല്ല. അതിന് നല്ല അറിവും, ദൃഢവിശ്വാസവും വേണം. വേറെ ഒരുപാട് ആളുകളുടെ പേര് മനസ്സിലേക്ക് വന്നു, പിന്നീട് എന്തുകൊണ്ട് സ്വയം ചെയ്തുകൂടാ എന്നൊരു ഉൾവിളി വരികയായിരുന്നുവെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.
ആശിർവാദ് സിനിമാസിന്റെ ദുബായ് ഓഫീസ് കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ചിരുന്നു. 22 വർഷത്തിനിടെ ആശിർവാദ് പൂർത്തിയാക്കുന്ന 33 -ാമത്തെ സിനിമകൂടിയാണ് ബറോസ്. സിനിമ മോഹൻലാലിന്റെ കരിയറിലെ 350 -ാമത്തെ സിനിമകൂടെയാണ്.