സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസ് താരങ്ങളെയും കൂടുതല്‍ വിവരങ്ങളും പുറത്തുവിട്ട് മോഹന്‍ലാല്‍. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന് റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. വാസ്കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍്ട്രാക്ട്, റാംബോ, സെക്സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഗാര്ഡിയന് ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.
വാസ്കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. വാസ്കോ ഡ ഗാമയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന് തെളിയിക്കുന്നയാള്ക്കാണ് ഈ നിധി കൈമാറുന്നത്. പിന്ഗാമിയെന്നവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നതും ബറോസും ഇയാളും തമ്മിലുള്ള ബന്ധവുമാണ് സിനിമ. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും. ബോളിവുഡിലെ മുന്‍നിര സിനിമകള്‍ക്ക് ഉള്‍പ്പെടെ ക്യാമറ ചലിപ്പിച്ച മലയാളി കെ യു മോഹനനനാണ് ഛായാഗ്രാഹകന്‍. ഗോവയ്ക്ക് പുറമേ പോര്‍ച്ചുഗലിലും ചിത്രീകരിക്കുന്നുണ്ട്.
ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയായാണ് സിനിമ വരുന്നത്.
ജിജോ പുന്നൂസ് കഥയും തിരക്കഥയും. മൈഡിയര്‍ കുട്ടിച്ചാത്തന് എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ത്രീഡി ചിത്രമായാണ് ബറോസ് എത്തുക. സെപ്തംബറില്‍ സിദ്ദീഖ് ചിത്രം ബിഗ് ബ്രദര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ മോഹന്‍ലാല്‍ ബറോസിലേക്ക് കടക്കും.