സൂര്യയും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന തമിഴ് ചിത്രം കാപ്പാന്‍ ഓഡിയോ ലോഞ്ചിന് മുഖ്യാതിഥിയായി രജിനീകാന്ത്. രജിനീകാന്തിനെ കൂടാതെ തമിഴ് ഹിറ്റ് മേക്കര്‍ ഷങ്കറും ചെന്നൈ ശ്രീ രാമചന്ദ്രാ കണ്‍വന്‍ഷന്‍ സെന്ററില്‍ 21ന് ഞായറാഴ്ച നടക്കുന്ന ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയുടെ റോളിലാണ് മോഹന്‍ലാല്‍. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്റെ റോളിലാണ് സൂര്യ. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്‍ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിലാണ് തിയറ്ററുകളിലെത്തുന്നത്.
ആദ്യമെത്തിയ ടീസറില്‍ കൂടുതലും മോഹന്‍ലാലിന്റെ തമിഴ് ഡയലോഗുകള്‍ ആണ്. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവമാണ് സിനിമയുടേത് എന്ന് സൂചിപ്പിക്കുന്നതാണ് ടീസര്‍. ബൊമാന്‍ ഇറാനി, ആര്യ, സയേഷാ, പൂര്‍ണാ, സമുദ്രക്കനി എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍. എം എസ് പ്രഭു ആണ് ക്യാമറ. ഹാരിസ് ജയരാജാണ് സംഗീത സംവിധായകന്‍. ലൈകാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ ആണ് നിര്‍മ്മാണം.
പ്രധാനമന്ത്രിക്ക് നേരെ ഭീകരര്‍ തുടര്‍ച്ചയായി വധശ്രമം നടത്തുന്നതും രക്ഷകനായി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ദൗത്യം ആരംഭിക്കുന്നതുമാണ് ചിത്രമെന്ന് ടീസറിലൂടെ മനസിലാക്കാം. കാര്‍ഗിലും സിയാച്ചിനും സര്‍ജിക്കല്‍ സ്ട്രൈക്കും ഓര്‍മ്മപ്പെടുത്തുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഡയലോഗും ടീസറില്‍ ഉണ്ട്. മോഹന്‍ലാലിന്റെ കഥാപാത്രം മലയാളിയായ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയ്ക്കാണ് രൂപപ്പെടുത്തിയത് എന്നാണ് അറിയുന്നത്. എന്നാല്‍ സിനിമകളിലെ ഡയലോഗുകളില്‍ നിന്ന് ഏതെങ്കിലും പ്രധാനമന്ത്രിമാരുമായി സാമ്യം അനുഭവപ്പെടുന്ന കഥാപാത്രമാണോ ചന്ദ്രകാന്ത് വര്‍മ്മ എന്ന് സംശയമുണ്ടാകും. നേരത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സമാനതകള്‍ ഉള്ള കഥാപാത്രത്തെയാണ് കാപ്പാനില്‍ ലാല്‍ അവതരിപ്പിക്കുന്നതെന്ന് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
ജില്ല എന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ്ക്കൊപ്പം അഭിനയിച്ചതിന് പിന്നാലെയാണ് മറ്റൊരു സൂപ്പര്‍താരമായ സൂര്യക്കൊപ്പം മോഹന്‍ലാല്‍ ചിത്രം. ഹാരിസ് ജയരാജാണ് മ്യൂസിക്. ലൈകാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് നിര്‍മ്മാണം.
മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍ കാക്ക കാക്ക ഉള്‍പ്പെടെയുള്ള സിനിമകളിലെ കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പില്‍ സഹായിച്ചിരുന്നതായി സൂര്യ മുമ്പ് വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലിന്‍ പല സിനിമകളും അഭിനയത്തിന് റഫറന്‍സ് ആയിരുന്നുവെന്നും ഫേസ്ബുക്ക് ഹൈദരാബാദ് സ്റ്റുഡിയോയില്‍ ലൂസിഫര്‍ പ്രമോഷന് വേണ്ടി മോഹന്‍ലാല്‍ പങ്കെടുത്ത ലൈവ് ഇന്റര്‍വ്യൂവിലെത്തി സൂര്യ പറഞ്ഞിരുന്നു. ഗജിനി, നന്ദാ എന്നീ സിനിമകളിലും മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ സ്വാധീനമുണ്ടായിരുന്നുവെന്നാണ് സൂര്യ അന്ന് പറഞ്ഞിരുന്നത്.
ലണ്ടനിലും ചെന്നൈയിലും ഉത്തരേന്ത്യയിലെ ചില ലൊക്കേഷനുകളിലുമായാണ് കാപ്പാന്‍ ചിത്രീകരിച്ചിരിക്കുന്നത്