നന്ദ കിഷോര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. 200 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ആഖ്യാനത്തിലും അവിശ്വസനീയകരമായ വിഷ്വല്‍സും കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കാന്‍ പോകുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എന്നാണ് വൃഷഭയെക്കുറിച്ച് മുമ്പ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ പറഞ്ഞത്. ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പങ്കുവച്ചു കൊണ്ട് നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഷൂട്ടിങ്ങ് ആരംഭിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തെലുങ്ക്-മലയാളം ഭാഷയിലെത്തുന്ന ചിത്രം തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ സംയുക്തമായി നിര്‍മിക്കുന്ന ചിത്രം ഏക്ത കപൂറിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കുടിയാണ്. മോഹന്‍ലാലിനോടൊപ്പം ഒരു ചിത്രത്തില്‍ വര്‍ക്ക് ചെയ്യാനാവുന്നതില്‍ താന്‍ വളരെ ആവേശത്തിലാണെന്നാണ് മുമ്പ് മോഹന്‍ലാലിനും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ഫോട്ടോയും ചിത്രത്തിന്റെ മറ്റു വിവരങ്ങളും പങ്കുവച്ചുകൊണ്ട് ഏക്താ കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്. മോഹന്‍ലാലിനൊപ്പം മകനായി റോഷന്‍ മെകയും ഷനായ കപൂറും സാറാ എസ് ഖാനും ചിത്രത്തില്‍ എത്തുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നവരുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'വൃഷഭ'.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകനാകുന്ന 'മലൈക്കോട്ട വാലിബ'നാണ് മോഹന്‍ലാലിന്റെതായി അടുത്തതായി മലയാളത്തില്‍ പുറത്തുവരാനിരിക്കുന്ന ചിത്രം. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.