മോഹന്‍ലാല്‍ പിണറായി വിജയന്റെ ലുക്കില്‍ ഉള്ള കോമ്രേഡ് എന്ന പോസ്റ്റര്‍ മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ശ്രീകുമാര്‍ മേനോന്‍ പിണറായി വിജയന്റെ ജീവചരിത്രം മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ആലോചിച്ചിരുന്നുവെന്ന് അന്ന് വാര്‍ത്തകളും വന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് സേതു ശിവാനന്ദന്‍ എന്ന ചിത്രകാരന്‍ വരച്ച പിണറായി വിജയന്‍ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രം സിനിമാ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുമ്പോള്‍ ജീവചരിത്ര സിനിമ വീണ്ടും ചര്‍ച്ചയാവുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്നുളള സംവിധായകന്‍ വി എ ശ്രീകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പും സിനിമയുടെ സൂചന നല്‍കുന്നുണ്ട്. മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ പിണറായി വിജയനെ അവതരിപ്പിക്കുന്നതെന്ന രീതിയിലും കമന്റുകളുണ്ട്. കോമ്രേഡ് എന്ന പേരില്‍ ആണ് പിണറായി വിജയന്‍ ബയോപിക് ശ്രീകുമാര്‍ മേനോന്‍ മുമ്പ് ആലോചിച്ചിരുന്നത്.
വി എ ശ്രീകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്
കോമ്രേഡ് പിണറായി വിജയന് എഴുതപ്പെട്ട ആത്മകഥയോ ജീവചരിത്രമോ നിലവിലില്ല. ഞാനും എന്റെ ടീമും രണ്ടു വര്‍ഷത്തിലേറെയായി സഖാവിനെക്കുറിച്ച് റിസര്‍ച്ചിലാണ്. പഠിക്കുന്തോറും അദ്ദേഹത്തോട് അടുപ്പം കൂടും. ആ രാഷ്ട്രീയ ശരികളുടെ അനുഭതലത്തില്‍ ആവേശഭരിതരാകും. ബാലറ്റ് രാഷ്ട്രീയത്തിലെ ഇത്തിരി നേട്ടത്തിനായി ശത്രുതാപരമായി സഖാവിനെതിരെ പ്രചരിപ്പിക്കപ്പെട്ട ഒത്തിരി കഥകള്‍ ഒരു ദിവസം തിരുത്തപ്പെടുക തന്നെ ചെയ്യും. അഥവ, തിരുത്തപ്പെടേണ്ടതുണ്ട്.
പിണറായി ഗ്രാമത്തിലെ ഒരമ്മയും മകനും കരുത്തോടെ വെച്ച ചുവടുവെയ്പ്പാണ് സഖാവ് പിണറായി വിജയന്‍. ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ചത്രയും പീഡനങ്ങളും ക്രൂരതകളും കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നേതാവും നേരിട്ടിട്ടുണ്ടാവില്ല. അതിനെയെല്ലാം നിശ്ചയ ദാര്‍ഢ്യത്തോടെ മറികടക്കുന്നതാണ് സഖാവിന്റെ ശൈലി.
അമ്മയോട് നന്ദി. മകനെ ഈ നാടിന് വിട്ടു തന്നതിന്...
പിറന്നാള്‍ സലാം
കോമ്രേഡ്