പ്രമുഖ സിനിമ നിർമാതാവും വ്യവസായിയുമായ പി വി ഗംഗാധരന്റെ വിയോഗത്തിൽ അനുശോചനം പ്രകടിപ്പിച്ച് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. മലയാളികൾ എക്കാലവും ഓർത്തുവെക്കുന്ന, കലാമേന്മയുടെ മുദ്രപതിഞ്ഞ ഒട്ടേറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച പ്രിയപ്പെട്ട പി വി ഗംഗാധരൻ സാറിന് വിട എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു വടക്കൻ സ്നേഹ ഗാഥയിലെ നായകൻ എന്നാണ് മമ്മൂട്ടി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
മലയാളികൾ എക്കാലവും ഓർത്തുവെക്കുന്ന, കലാമേന്മയുടെ മുദ്രപതിഞ്ഞ ഒട്ടേറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച പ്രിയപ്പെട്ട പി വി ഗംഗാധരൻ സർ ഈ ലോകത്തോട് വിടപറഞ്ഞു. വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു അദ്ദേഹത്തോട് എനിക്കുണ്ടായിരുന്നത്. മാതൃഭൂമി ദിനപ്പത്രത്തിൻ്റെ ഡയറക്ടർ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങൾ അലങ്കരിച്ച ആ മഹനീയ വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികൾ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പി വി ഗംഗാധരന്റെ അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 1977-ൽ സുജാത എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രനിർമാണ രംഗത്തേക്കെത്തിയത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, അദ്വൈതം, തൂവല്‍ കൊട്ടാരം, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്‍റെ അമ്മ തുടങ്ങിയ സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.