ഇരുവര്‍ സിനിമയുടെ 25-ാം വാര്‍ഷികത്തില്‍ സന്തോഷം പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും മനോഹരമായ അനുഭവമായിരുന്നു ഇരുവര്‍ എന്ന സിനിമയെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ എംജിആര്‍ ആയാണ് മോഹന്‍ലാല്‍ വേഷമിട്ടത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ച കഥാപാത്രമായിരുന്നു ഇരുവറിലേത്.
1997 ജനുവരി 14നാണ് മണിരത്‌നത്തിന്റെ ഇരുവര്‍ റിലീസ് ചെയ്തത്. മണിരത്‌നവും സുഹാസിനിയുമാണ് ചിത്രത്തിന്റെ തിരക്കഥ. മോഹന്‍ലാലിന് പുറമെ ചിത്രത്തില്‍ പ്രകാശ് രാജും കേന്ദ്ര കഥാപാത്രമായിരുന്നു. കരുണാനിധിയുടെ വേഷമാണ് പ്രകാശ് രാജ് അവതരിപ്പിച്ചത്. ബോളിവുഡ് താരം ഐശ്വര്യ റായ് ആദ്യമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ഇരുവര്‍.
മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവരുടെ അഭിനയ മികവ്, സന്തോഷ് ശിവന്റെ ഛായാഗ്രാഹണം, എ.ആര്‍ റഹ്‌മാന്റെ ഗാനങ്ങള്‍ എന്നിങ്ങള്‍ സവിശേഷതകള്‍ ഏറെ നിറഞ്ഞ ചിത്രമാണ് ഇരുവര്‍. കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇരുവര്‍ എന്ന ചി്ത്രം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി നിലനില്‍ക്കുന്നതിന്റെ കാരണങ്ങളും ഇവ തന്നെയാണ്.
തമിഴിന് പുറമെ മലയാളം, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി വേദികളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം പ്രകാശ് രാജിന് ലഭിച്ചിരുന്നു. സന്തോഷ് ശിവന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. നാസര്‍, തബു, ഗൗതമി, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.