പ്രഗത്ഭരായ ഒട്ടനവധി സംവിധായകര്‍ക്കിടയില്‍ നിന്ന് പത്മരാജന്‍ എന്ന അതുല്യ സംവിധായകന്‍ തനിക്ക് പ്രിയപ്പെട്ടതാകുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് മോഹന്‍ലാല്‍. സിനിമയില്‍ ജീവിതം ആരംഭിച്ചത് മുതല്‍ സൗഹൃദം പങ്കുവെച്ച സംവിധായകരെ ഓര്‍മ്മിച്ചപ്പോഴാണ് തന്നെ ഏറെ സ്വാധീനിച്ച സംവിധായകനെ കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചത്. എല്ലാ ദിവസവും പത്മരാജന്‍ എന്ന സംവിധായകനെക്കുറിച്ച് തനിക്ക് ഓര്‍ക്കാന്‍ എന്തെങ്കിലും ഉണ്ടാകാറുണ്ട്. തിരുവനന്തപുരത്ത് തന്റെ വീടിനടുത്ത് തന്നെയായിരുന്നു പത്മരാജന്റെയും താമസം. അധികം സ്വപ്നങ്ങള്‍ കാണാറുള്ള വ്യക്തിയല്ല താനെന്നും എന്നിട്ടും തന്റെ സ്വപ്നങ്ങളില്‍ വന്നുപോകാറുള്ള വ്യക്തിയാണ് പത്മരാജന്‍ എന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. ദേശാടനക്കിളികള്‍ കരയാറില്ല, കരിയിലക്കാറ്റുപോലെ, സീസണ്‍, തൂവാനത്തുമ്പികള്‍ തുടങ്ങിയ സിനിമകള്‍ മോഹന്‍ലാല്‍ - പത്മരാജന്‍ കൂട്ടുകെട്ടില്‍ നിന്ന് പിറവിയെടുത്തവയാണ്.
മോഹന്‍ലാല്‍ പറഞ്ഞത്:
ദേശാടനക്കിളികള്‍ കരയാറില്ല, കരിയിലക്കാറ്റുപോലെ, സീസണ്‍, തൂവാനത്തുമ്പികള്‍ തുടങ്ങിയ ചിത്രങ്ങളാണ് ഞാനും പത്മരാജന്‍ എന്ന സംവിധായകനും ഒരുമിച്ച് ചെയ്തത്. പപ്പേട്ടന്‍ പൂജപ്പുരയിലുള്ള ആളാണ്. എന്റെ വീടിനടുത്തുള്ള ആളാണ്. സിനിമയേക്കാള്‍ ഉപരിയായ സൗഹൃദമാണ് അവിടെയുള്ളത്. മിക്ക ദിവസങ്ങളിലും ഞാന്‍ ഓര്‍ക്കുന്ന ആളാണ് പപ്പേട്ടന്‍. ഏതെങ്കിലും തരത്തില്‍ അദ്ദേഹത്തെ ഓര്‍മ്മ വരും. ഇന്നിപ്പോള്‍ ഈ അഭിമുഖത്തിലൂടെ അതുണ്ടായി. അല്ലെങ്കില്‍ എവിടെയെങ്കിലും വെച്ച് അദ്ദേഹത്തിന്റെ പേര് ഓര്‍ക്കും. ഞാന്‍ സ്വപ്നം കാണുന്ന ആളല്ല. വളരെ അപൂര്‍വ്വമാണ് സ്വപ്നം കാണുന്നത്. പക്ഷെ അദ്ദേഹത്തെ വല്ലപ്പോഴുമൊക്കെ ഞാന്‍ സ്വപ്നത്തില്‍ കാണാറുണ്ട്.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രവും പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനും മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് വിദേശത്തും ഇന്ത്യയിലുമായി പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ സംവിധായകന്റെ വേഷമണിയുന്ന ബറോസും തിയറ്റര്‍ റിലീസിന് തയ്യാറെടുക്കുന്നുണ്ട്. 3 ഡിയില്‍ ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. ഒക്ടോബര്‍ 3ന് ചിത്രം തിയറ്ററുകളിലെത്തും.